സഫൂറ സര്‍ഗാറിനെ ക്യാംപസില്‍ വിലക്കി ജാമിഅ മില്ലിയ സര്‍വകലാശാല
സഫൂറയുടെ എം.ഫില്‍ പ്രവേശനം റദ്ദാക്കിയതിനെതിരെ സര്‍വകലാശാലയില്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചിരുന്നു.
ന്യൂഡല്‍ഹി: പൗരത്വ പ്രക്ഷോഭ നേതാവ് സഫൂറ സര്‍ഗാറിനെ ക്യാംപസില്‍ പ്രവേശിക്കുന്നത് വിലക്കി ഡല്‍ഹി ജാമിഅ മില്ലിയ സര്‍വകലാശാല. രാഷ്ട്രീയ അജണ്ടയ്ക്കായി സഫൂറ വിദ്യാര്‍ഥികളെ ഉപയോഗിക്കുന്നു എന്ന് ആരോപിച്ചാണ് നടപടി.
സഫൂറയുടെ എം.ഫില്‍ പ്രവേശനം റദ്ദാക്കിയതിനെതിരെ സര്‍വകലാശാലയില്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചിരുന്നു. ഇതാണ് സര്‍വകലാശാലയെ ചൊടിപ്പിച്ചത്. പ്രതിഷേധത്തില്‍ സഫൂറയും പങ്കെടുത്തിരുന്നു. എന്നാല്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത് സഫൂറയാണ് എന്നാരോപിച്ചാണ് ഇപ്പോള്‍ ക്യാംപസില്‍ പ്രവേശിക്കുന്നതിന് സര്‍വകലാശാല വിലക്കേര്‍പ്പെടുത്തിയത്.
കോളജിന്റെ അനുവാദം ഇല്ലാതെ ഇനിയൊരിക്കലും ക്യാംപസിനകത്ത് പ്രവേശിക്കരുത് എന്നാണ് നോട്ടീസിലെ നിര്‍ദേശം. അതേസമയം, പ്രതിഷേധത്തില്‍ പങ്കെടുത്ത മറ്റു വിദ്യാര്‍ഥികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിട്ടുണ്ട്.
എത്രയും വേഗം വിശദീകരണം നല്‍കണമെന്നും ഇല്ലെങ്കില്‍ കര്‍ശന നടപടിയുണ്ടാകും എന്നാണ് മറ്റുവിദ്യാര്‍ഥികള്‍ക്കയച്ച നോട്ടീസില്‍ പറയുന്നത്. ആഗസ്റ്റ് 19നായിരുന്നു സഫൂറയുടെ എം.ഫില്‍ പ്രവേശനം റദ്ദാക്കിയത്.
ഒരു തരത്തിലുള്ള പ്രതിഷേധ പരിപാടികളും കോളജനികത്ത് സംഘടിപ്പിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് അനുവാദമില്ലെന്നും അത് ലംഘിച്ചായിരുന്നു പ്രതിഷേധമെന്നുമാണ് സര്‍വകലാശാലയുടെ വാദം.
Adjust Story Font
16