ജമ്മു കശ്മീർ: രണ്ട് ബില്ലുകള്‍ ലോക്‌സഭ പാസാക്കി
ജമ്മു കശ്മീർ സംവരണ ഭേദഗതി ബില്ലും പുനസംഘടന ഭേദഗതി ബില്ലുമാണ് ലോക്സഭ പാസാക്കിയത്
ന്യൂഡല്‍ഹി: ജമ്മു കശ്മീർ സംവരണ ഭേദഗതി ബില്ലും പുനസംഘടന ഭേദഗതി ബില്ലും ലോക്‌സഭ പാസാക്കി. പാക്ക് അധിനിവേശ കശ്മീർ രൂപീകരണത്തിൽ നെഹ്‌റുവിൻറെ പങ്കിനെ ചൊല്ലി ലോക്‌സഭയിൽ ഭരണ-പ്രതിപക്ഷ വാക്ക് പോരുണ്ടായി.. ഇതിനെ തുടർന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി. ഗോമൂത്ര പരാമർശത്തിൽ ഡി.എം.കെ എം.പി സെന്തിൽ കുമാർ ലോക്‌സഭയിൽ ഖേദം പ്രകടിപ്പിച്ചു.
ജമ്മു കാശ്മീർ സംഭരണ ഭേദഗതി ബിൽ ജമ്മു കാശ്മീർ പുനസംഘടന ഭേദഗതി ബിൽ എന്നിവയുടെ ചർച്ചയ്ക്കിടെയായിരുന്നു ലോക്‌സഭയിൽ പ്രതിപക്ഷവും ബി.ജെ.പിയും ഏറ്റുമുട്ടിയത്. പാക്ക് അധിനിവേശ കശ്മീരിന്റെ രൂപീകരണം നെഹ്‌റുവിൻറെ മണ്ടത്തരത്തിന്റെ ഫലമാണെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ സഭയിൽ പറഞ്ഞു.
ഇതിനെതിരെ പ്രതിഷേധിച്ച കോൺഗ്രസ് എംപിമാർക്ക് മറുപടി പറയാനുള്ള അവസരം സ്പീക്കർ അനുവദിച്ചില്ല. ഇതിൽ പ്രതിഷേധിച്ചാണ് കോൺഗ്രസിന്റെ എംപിമാർ അമിത്ഷായുടെ പ്രസംഗം ബഹിഷ്‌കരിച്ചത്. രാഹുൽ ഗാന്ധിയെയും അധീർരഞ്ജൻ ചൗധരിയെയും വ്യക്തിപരമായി കടന്നാക്രമിച്ച അമിത് ഷാ, ഒബിസി പ്രേമം പറയുന്ന കോൺഗ്രസ് തന്നെയാണ് പിന്നോക്ക വിഭാഗത്തിന്റെ ഏറ്റവും വലിയ ശത്രു എന്ന് ആരോപിച്ചു.
ഇരു ബില്ലിന്മേലും ഇന്നലെ ആരംഭിച്ച ചർച്ച ആഭ്യന്തരമന്ത്രിയുടെ മറുപടി പ്രസംഗത്തോടെയാണ് ഇന്ന് അവസാനിച്ചത്. ജമ്മുകശ്മീർ നിയമസഭയിലേക്ക് ലെഫ്റ്റ്‌നെന്റ് ഗവർണർക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാനുള്ള വ്യവസ്ഥ ഉൾപ്പെടുത്തിയ ബിൽ ലോക്‌സഭ പാസാക്കി.
ബി.ജെ.പി വിജയിച്ച സംസ്ഥാനങ്ങളെ ഗോമൂത്രം എന്ന് വിശേഷിപ്പിച്ച ഡി.എം.കെ എം.പി സെന്തിൽ കുമാറിന്റെ ഖേദപ്രകടനത്തിനും ശൈത്യകാല സമ്മേളനത്തിന്റെ മൂന്നാം ദിനം ലോക്‌സഭ സാക്ഷിയായി. രാജ്യത്തിന്റെ നിലവിലെ സാമ്പത്തിക സാഹചര്യത്തെക്കുറിച്ചുള്ള ചർച്ചയാണ് ശൈത്യകാല സമ്മേളനത്തിന്റെ മൂന്നാം ദിനവും രാജ്യസഭയിൽ നടന്നത്. കേരളത്തിൽ നിന്നുള്ള എംപിമാർ ഉൾപ്പെടെ ചർച്ചയിൽ പങ്കെടുത്തു.
Adjust Story Font
16