Quantcast

ജാവേദ് മുഹമ്മദ് യു.പിയിലെ ദിയോറിയ ജയിലിൽ; സ്ഥിരീകരിച്ച് കുടുംബം

ജാവേദ് എവിടെയാണുള്ളതെന്ന് ജില്ലാ ഭരണകൂടവും ജയിൽ അധികൃതരും വെളിപ്പെടുത്തുന്നില്ലെന്നും അദ്ദേഹത്തിന്റെ ജീവനിൽ ആശങ്കയുണ്ടെന്നും കഴിഞ്ഞ ദിവസം ഭാര്യ പർവീൺ ഫാത്തിമ പരാതിപ്പെട്ടിരുന്നു

MediaOne Logo

Web Desk

  • Updated:

    2022-06-21 14:15:38.0

Published:

21 Jun 2022 2:09 PM GMT

ജാവേദ് മുഹമ്മദ് യു.പിയിലെ ദിയോറിയ ജയിലിൽ; സ്ഥിരീകരിച്ച് കുടുംബം
X

ലഖ്‌നൗ: പ്രയാഗ്‌രാജിൽ യു.പി പൊലീസ് അറസ്റ്റ് ചെയ്ത വെൽഫെയർ പാർട്ടി അഖിലേന്ത്യാ നേതാവ് ജാവേദ് മുഹമ്മദ് സംസ്ഥാനത്തെ ദിയോറിയ ജയിലിലുണ്ടെന്ന് സ്ഥിരീകരിച്ച് കുടുംബം. മകളും വിദ്യാർത്ഥി നേതാവുമായ അഫ്രീൻ ഫാത്തിമയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കുടുംബം ഇന്ന് ജയിലിലെത്തി അദ്ദേഹത്തെ സന്ദർശിച്ചു.

ജാവേദിനെക്കുറിച്ച് ഒരു വിവരവുമില്ലെന്ന പരാതിയുമായി കഴിഞ്ഞ ദിവസം കുടുംബം രംഗത്തെത്തിയിരുന്നു. നേരത്തെ അറസ്റ്റിനുശേഷം ജാവേദിനെ പ്രവേശിപ്പിക്കപ്പെട്ടതായി കരുതിയിരുന്ന നൈനി ജയിലിൽ അദ്ദേഹമില്ലന്ന് കഴിഞ്ഞ ദിവസം അധികൃതർ കുടുംബത്തെ അറിയിച്ചിരുന്നു. എന്നാൽ, എവിടെയാണ് അദ്ദേഹമുള്ളതെന്ന് വ്യക്തമാക്കാൻ ജയിൽ അധികൃതരോ പ്രയാഗ്‌രാജ് ജില്ലാ ഭരണകൂടമോ തയാറായിട്ടില്ല.

ഇതിനു പിന്നാലെയാണ് ജാവേദിന്റെ ഭാര്യ പർവീൺ ഫാത്തിമ വാർത്താകുറിപ്പിൽ ഭർത്താവിന്റെ ജീവനിൽ ആശങ്ക പ്രകടിപ്പിച്ച് രംഗത്തെത്തിയത്. മകളും വിദ്യാർത്ഥി നേതാവും ഫ്രറ്റേണിറ്റി ദേശീയ സെക്രട്ടറിയുമായ അഫ്രീൻ ഫാത്തിമയാണ് മാതാവ് പർവീൺ ഫാത്തിമയുടെ പേരിൽ തയാറാക്കിയ വാർത്താകുറിപ്പ് ഫേസ്ബുക്കിൽ പങ്കുവച്ചത്. അറസ്റ്റിനു ശേഷം ഒൻപതു ദിവസം കഴിഞ്ഞിട്ടും ജാവേദിനെക്കുറിച്ച് ഒരു വിവരവും അധികൃതർ നൽകുന്നില്ലെന്ന് കുറിപ്പിൽ പരാതിപ്പെടുന്നു. അദ്ദേഹത്തിന്റെ സുരക്ഷയിലും ആരോഗ്യസ്ഥിതിയിലും ഉത്കണ്ഠാകുലരാണ് തങ്ങളെന്നും പർവീൺ കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.

ഭർത്താവടക്കം നൈനി സെൻട്രൽ ജയിലിലുള്ള നിരവധി തടവുകാരെ യു.പിയിലെ വിവിധ ജയിലുകളിലേക്ക് മാറ്റിയതായി മാധ്യമങ്ങളിൽനിന്നും മറ്റും അഭ്യൂഹങ്ങൾ കേൾക്കുന്നുണ്ടെന്ന് വാർത്താകുറിപ്പിൽ പർവീൺ ഫാത്തിമ വെളിപ്പെടുത്തി. ഭർത്താവിനെ ദിയോറിയ ജയിലിലേക്ക് മാറ്റിയിട്ടുണ്ടാകാമെന്നും കേൾക്കുന്നുണ്ട്. എന്നാൽ, ഞങ്ങൾക്കോ ഞങ്ങളുടെ അഭിഭാഷകർക്കോ അതേക്കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. കുടുംബത്തെ കുറ്റവാളികളാക്കാനും പീഡിപ്പിക്കാനുമുള്ള എല്ലാ നടപടികളും കൈക്കൊള്ളുകയാണ് പ്രയാഗ്രാജ് ഭരണകൂടമെന്നും അവർ ആരോപിച്ചു.

ബി.ജെ.പി നേതാവ് നുപൂർ ശർമയുടെ പ്രവാചകനിന്ദയ്ക്കു പിന്നാലെ ഉത്തർപ്രദേശിൽ നടന്ന പ്രതിഷേധങ്ങൾക്കു പിന്നാലെയായിരുന്നു ജാവേദ് മുഹമ്മദിന്റെ അറസ്റ്റ്. പ്രതിഷേധങ്ങൾക്കിടെ പ്രയാഗ്രാജിൽ നടന്ന അക്രമസംഭവങ്ങളുടെ സൂത്രധാരനാണെന്ന് ആരോപിച്ചായിരുന്നു നടപടി. വിശദീകരണം അറിയാനെന്ന പേരിൽ ഈ മാസം 11ന് പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇതിനു പിന്നാലെ അർധരാത്രി ജാവേദിൻരെ വീട്ടിലെത്തി ഭാര്യയെയും മകളെയും പിടിച്ചുകൊണ്ടുപോകുകയും ചെയ്തു. ഇവരെ പിന്നീട് വിട്ടയച്ചു. പിറ്റേ ദിവസം ജാവേദിന്റെ വീട് നഗരഭരണകൂടം ഇടിച്ചുനിരത്തി. തലേദിവസം നോട്ടീസ് നൽകിയായിരുന്നു പൊളിച്ചുമാറ്റൽ. വർഷങ്ങളായി നികുതി അടച്ചുകൊണ്ടിരിക്കുന്ന, നിയമപരമായ വീടാണ് അധികൃതർ പൊളിച്ചുനീക്കിയതെന്നാണ് കുടുംബം പറയുന്നത്.

Summary: Javed Mohammad is in Deoria jail in UP, family visits him in the jail

TAGS :

Next Story