Quantcast

'ജാവേദ് ജയിലിൽ ഇല്ലെന്ന് പൊലീസ് പറയുന്നു, എവിടെയാണെന്ന വിവരമില്ല; ജീവനിൽ ആശങ്ക'; പരാതിയുമായി കുടുംബം

പ്രയാഗ്‌രാജിൽ നടന്ന പ്രവാചകനിന്ദാ വിരുദ്ധ പ്രതിഷേധങ്ങളുടെ സൂത്രധാരനെന്ന് ആരോപിച്ച് ജാവേദിന്റെ വീട് നഗരഭരണകൂടം ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചുനിരത്തിയിരുന്നു

MediaOne Logo

Web Desk

  • Updated:

    2022-06-20 17:08:54.0

Published:

20 Jun 2022 3:38 PM GMT

ജാവേദ് ജയിലിൽ ഇല്ലെന്ന് പൊലീസ് പറയുന്നു, എവിടെയാണെന്ന വിവരമില്ല; ജീവനിൽ ആശങ്ക; പരാതിയുമായി കുടുംബം
X

ലഖ്‌നൗ: ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തുകൊണ്ടുപോയ വെൽഫെയർ പാർട്ടി അഖിലേന്ത്യാ നേതാവ് ജാവേദ് മുഹമ്മദിനെക്കുറിച്ച് ഒരു വിവരവുമില്ലെന്ന പരാതിയുമായി കുടുംബം. നേരത്തെ, ജാവേദിനെ പ്രവേശിപ്പിച്ചതായി കരുതപ്പെട്ടിരുന്ന നൈനി സെൻട്രൽ ജയിലിൽ അദ്ദേഹമില്ലെന്നാണ് അധികൃതർ നൽകിയ മറുപടി. അദ്ദേഹം എവിടെയാണുള്ളതെന്ന് വ്യക്തമാക്കാൻ ഇതുവരെ ഭരണകൂടം തയാറായിട്ടില്ലെന്നും ജാവേദിന്റെ ഭാര്യ പർവീൺ ഫാത്തിമ ആരോപിച്ചു.

മകളും വിദ്യാർത്ഥി നേതാവും ഫ്രറ്റേണിറ്റി ദേശീയ സെക്രട്ടറിയുമായ അഫ്രീൻ ഫാത്തിമയാണ് മാതാവ് പർവീൺ ഫാത്തിമയുടെ പേരിൽ തയാറാക്കിയ വാർത്താകുറിപ്പ് ഫേസ്ബുക്കിൽ പങ്കുവച്ചത്. അറസ്റ്റിനു ശേഷം ഒൻപതു ദിവസം കഴിഞ്ഞിട്ടും ജാവേദിനെക്കുറിച്ച് ഒരു വിവരവും അധികൃതർ നൽകുന്നില്ലെന്ന് കുറിപ്പിൽ പരാതിപ്പെടുന്നു. അദ്ദേഹത്തിന്റെ സുരക്ഷയിലും ആരോഗ്യസ്ഥിതിയിലും ഉത്കണ്ഠാകുലരാണ് തങ്ങളെന്നും പർവീൺ പറയുന്നു.

''വ്യാജ കുറ്റങ്ങളും കെട്ടിച്ചമച്ച ആരോപണങ്ങളും ചുമത്തി, ജൂൺ 11ന് എന്റെ ഭർത്താവ് ജാവേദ് മുഹമ്മദിനെ നിയമവിരുദ്ധമായി അറസ്റ്റ് ചെയ്ത് നൈനി സെൻട്രൽ ജയിലിലടച്ചിരുന്നു. നൈനി സെൻട്രൽ ജയിൽ അധികൃതർ അദ്ദേഹം ജയിലിലില്ലെന്നാണ് ഇന്ന് വ്യക്തമാക്കിയിരിക്കുന്നത്. രാവിലെ മുതൽ അദ്ദേഹത്തെ കണ്ടെത്താൻ ശ്രമിക്കുകയാണ് കുടുംബവും അഭിഭാഷകരും. എന്നാൽ, അലഹബാദ്(പ്രയാഗ്‌രാജ്) ജില്ലാ, നൈനി സെൻട്രൽ ജയിൽ അധികൃതർക്ക് ഭർത്താവ് എവിടെയാണുള്ളതെന്ന് വ്യക്തമാക്കാൻ ഇനിയും കഴിഞ്ഞിട്ടില്ല.''- വാർത്താകുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു.

ഭർത്താവടക്കം നൈനി സെൻട്രൽ ജയിലിലുള്ള നിരവധി തടവുകാരെ യു.പിയിലെ വിവിധ ജയിലുകളിലേക്ക് മാറ്റിയതായി മാധ്യമങ്ങളിൽനിന്നും മറ്റും അഭ്യൂഹങ്ങൾ കേൾക്കുന്നുണ്ട്. ഭർത്താവിനെ ദിയോറിയ ജയിലിലേക്ക് മാറ്റിയിട്ടുണ്ടാകാമെന്നും കേൾക്കുന്നുണ്ട്. എന്നാൽ, ഞങ്ങൾക്കോ ഞങ്ങളുടെ അഭിഭാഷകർക്കോ അതേക്കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. ഞങ്ങളുടെ കുടുംബത്തെ കുറ്റവാളികളാക്കാനും പീഡിപ്പിക്കാനുമുള്ള എല്ലാ നടപടികളും കൈക്കൊള്ളുകയാണ് അലഹബാദ്്(പ്രയാഗ്‌രാജ്) ഭരണകൂടം. ജില്ലാ, ജയിൽ ഉദ്യോഗസ്ഥരുടെ ഈ അമിതാധികാര പ്രയോഗം ആശങ്കപ്പെടുത്തുന്നതാണെന്നും പർവീൺ കൂട്ടിച്ചേർത്തു.

Jail authorities and district administration have denied presence of my father, Janab Javed Muhammad, in the Naini...

Posted by Afreen Fatima on Monday, June 20, 2022

ബി.ജെ.പി നേതാവ് നുപൂർ ശർമയുടെ പ്രവാചകനിന്ദയ്ക്കു പിന്നാലെ ഉത്തർപ്രദേശിൽ നടന്ന പ്രതിഷേധങ്ങൾക്കു പിന്നാലെയായിരുന്നു ജാവേദ് മുഹമ്മദിന്റെ അറസ്റ്റ്. പ്രതിഷേധങ്ങൾക്കിടെ പ്രയാഗ്‌രാജിൽ നടന്ന അക്രമസംഭവങ്ങളുടെ സൂത്രധാരനാണെന്ന് ആരോപിച്ചായിരുന്നു നടപടി. വിശദീകരണം അറിയാനെന്ന പേരിൽ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇതിനു പിന്നാലെ അർധരാത്രി ജാവേദിൻരെ വീട്ടിലെത്തി ഭാര്യയെയും മകളെയും പിടിച്ചുകൊണ്ടുപോകുകയും ചെയ്തു. ഇവരെ പിന്നീട് വിട്ടയച്ചു. പിറ്റേ ദിവസം ജാവേദിന്റെ വീട് നഗരഭരണകൂടം ഇടിച്ചുനിരത്തി. തലേദിവസം നോട്ടീസ് നൽകിയായിരുന്നു പൊളിച്ചുമാറ്റൽ. വർഷങ്ങളായി നികുതി അടച്ചുകൊണ്ടിരിക്കുന്ന, നിയമപരമായ വീടാണ് അധികൃതർ പൊളിച്ചുനീക്കിയതെന്നാണ് കുടുംബം പറയുന്നത്.

Summary: ''Jail authorities and district administration have denied presence of Javed Muhammad in the Naini Central Jail where he was kept following his arrest'', alleges his wife Parveen Fatima

TAGS :

Next Story