Quantcast

'ജയാ അമിതാഭ് ബച്ചനല്ല സര്‍, ജയാ ബച്ചന്‍'; രാജ്യസഭാ ഉപാധ്യക്ഷനോട് കയര്‍ത്ത് നടി

രാജ്യസഭാ ഉപാധ്യക്ഷന്‍ ഹരിവംശ് നാരായണ്‍ സിങ്ങിനോടാണ് ജയ കയര്‍ത്തുസംസാരിച്ചത്

MediaOne Logo

Web Desk

  • Published:

    30 July 2024 5:53 AM GMT

Jaya Bachchan
X

ഡല്‍ഹി: രാജ്യസഭയില്‍ തന്‍റെ പേര് ജയാ ബച്ചന്‍ എന്നതിനു പകരം ജയാ അമിതാഭ് ബച്ചന്‍ എന്ന് വിളിച്ചതില്‍ പ്രകോപിതയായി നടിയും രാജ്യസഭാ എം.പിയുമായ ജയാ ബച്ചന്‍. രാജ്യസഭാ ഉപാധ്യക്ഷന്‍ ഹരിവംശ് നാരായണ്‍ സിങ്ങിനോടാണ് ജയ കയര്‍ത്തുസംസാരിച്ചത്.

"ശ്രീമതി ജയ അമിതാഭ് ബച്ചൻ ജി, പ്ലീസ്," എന്നുപറഞ്ഞുകൊണ്ട് ഹരിവംശ് നാരായൺ അവരെ സഭയിൽ സംസാരിക്കാൻ ക്ഷണിച്ചതാണ് ജയയെ പ്രകോപിപ്പിച്ചത്. തന്നെ ജയ ബച്ചൻ എന്ന് വിളിച്ചാൽ മതിയായിരുന്നു എന്നായിരുന്നു ജയയുടെ പ്രതികരണം. എന്നാല്‍ പാർലമെൻ്റ് രേഖകളിൽ ജയ അമിതാഭ് ബച്ചൻ എന്നാണ് ഔദ്യോഗികമായി രേഖപ്പെടുത്തിയിരിക്കുന്നതെന്ന് ഹരിവംശ് നാരായൺ സിങ് ചൂണ്ടിക്കാട്ടി. "നിങ്ങളുടെ മുഴുവൻ പേര് ഇവിടെ എഴുതിയിട്ടുണ്ട്, ഞാൻ അത് തന്നെ ആവർത്തിച്ചു," എന്ന് സിങ് ചിരിയോടെയാണ് പറഞ്ഞതെങ്കിലും ദേഷ്യത്തോടെയായിരുന്നു ജയ മറുപടി നല്‍കിയത്. “സ്ത്രീകൾ അവരുടെ ഭർത്താവിൻ്റെ പേരിൽ അറിയപ്പെടേണ്ട ചില പുതിയ രീതികൾ ഉയർന്നുവന്നിട്ടുണ്ട്. സ്ത്രീകൾക്ക് സ്വത്വമില്ല. അവർക്ക് നേട്ടങ്ങളില്ല, സ്വന്തമായി ഐഡൻ്റിറ്റിയില്ല," ജയ കൂട്ടിച്ചേര്‍ത്തു.

Jaya Bachchan Irked After Being Addressed As 'Jaya Amitabh Bachchan'

തുടര്‍ന്ന് ഡല്‍ഹി കോച്ചിങ് സെന്‍ററില്‍ ഉണ്ടായ വെള്ളക്കെട്ടില്‍ വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ച സംഭവത്തെക്കുറിച്ച് ജയാ ബച്ചന്‍ സംസാരിച്ചു. വളരെ വേദനാജനകമായ സംഭവമാണെന്നും രാഷ്ട്രീയം കൂട്ടിക്കലര്‍ത്തേണ്ട ആവശ്യമില്ലെന്നും പറഞ്ഞു. സമാജ്‍വാദി പാര്‍ട്ടിയുടെ രാജ്യസഭയിലെ പ്രതിനിധിയാണ് ജയ. നേരത്തെയും ജയ സഭയില്‍ പ്രകോപിതയായി സംസാരിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം സഭയുടെ നടുത്തളത്തിലിറങ്ങി രാജ്യസഭാ അധ്യക്ഷന് നേരെ വിരല്‍ ചൂണ്ടിയാണ് ജയ പ്രതികരിച്ചത്. ഗൗതം അദാനിക്കെതിരായ ഹിൻഡൻബർഗ് റിപ്പോർട്ട് സംബന്ധിച്ച് രാജ്യസഭയിൽ പ്രക്ഷുബ്ധ രംഗങ്ങൾ അരങ്ങേറുന്നതിനിടെയാണ് എം.പി ജഗ്ദീപ് ധൻകറിനെതിരെ വിരല്‍ ചൂണ്ടിയത്.

അഞ്ചാം തവണയാണ് ജയ രാജ്യസഭയിലെത്തുന്നത്. സിനിമയില്‍ നിന്നും രാഷ്ട്രീയത്തിലെത്തിയ ജയ രാജ്യസഭയിലെ ഏറ്റവും സജീവമായ അംഗമാണ്. പിആർഎസ് ലെജിസ്ലേറ്റീവ് റിസർച്ച് റിപ്പോര്‍ട്ട് പ്രകാരം ജയക്ക് 2009 നും 2024 നും ഇടയിലുള്ള കാലയളവില്‍ സഭയില്‍ 82% ഹാജർ ഉണ്ടായിരുന്നു. ഇത് ദേശീയ ശരാശരിയായ 79% നേക്കാൾ മൂന്ന് ശതമാനം കൂടുതലാണ്.2009 നും 2024 നും ഇടയിൽ താരം 292 ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. ഇതുവരെ ഒരു സ്വകാര്യ ബില്ലും അവതരിപ്പിച്ചിട്ടില്ല. ചോദ്യോത്തര വേളയിൽ 451 ചോദ്യങ്ങൾ ചോദിച്ചിട്ടുണ്ട്. 2023 ലെ മൺസൂൺ സെഷൻ മുതൽ അടുത്തിടെ സമാപിച്ച ബജറ്റ് സമ്മേളനം വരെ ബച്ചൻ രാജ്യസഭയുടെ ഒരു സിറ്റിംഗും നഷ്‌ടപ്പെടുത്തിയിട്ടില്ല.

TAGS :

Next Story