'മുസ്‌ലിംകൾക്കും ന്യൂനപക്ഷങ്ങൾക്കും എതിരായ ഒരു നീക്കവും അനുവദിക്കില്ല'; നിലപാട് വ്യക്തമാക്കി ജെ.ഡി.യു
ഏക സിവിൽകോഡിൽ അടിച്ചേൽപ്പിക്കൽ പാടില്ലെന്നും നിയമം നടപ്പാക്കുംമുൻപ് എല്ലാ വിഭാഗവുമായും ചർച്ച നടത്തണമെന്നും ജെ.ഡി.യു ദേശീയ വക്താവ് കെ.സി ത്യാഗി പറഞ്ഞു
കെ.സി ത്യാഗി, നിതീഷ് കുമാര്‍
പാട്‌ന: തങ്ങൾ ഭരണത്തിലിരിക്കെ മുസ്‌ലിംകൾക്കും മറ്റു ന്യൂനപക്ഷങ്ങൾക്കുമെതിരായ ഒരു നീക്കവും അനുവദിക്കില്ലെന്ന് എൻ.ഡി.എ സർക്കാരിൽ സഖ്യകക്ഷിയായ ജനതാദൾ യുനൈറ്റഡ്(ജെ.ഡി.യു). മുതിർന്ന ജെ.ഡി.യു നേതാവും ദേശീയ വക്താവുമായ കെ.സി ത്യാഗിയാണു നിലപാട് വ്യക്തമാക്കിയത്. ഏക സിവിൽകോഡിൽ അടിച്ചേൽപ്പിക്കൽ പാടില്ലെന്നും നിയമം നടപ്പാക്കുംമുൻപ് എല്ലാ വിഭാഗവുമായും ചർച്ച നടത്തണമെന്ന് അദ്ദേഹം പറഞ്ഞു. അഗ്നിവീർ പദ്ധതിയിൽ ജനങ്ങളുടെ ആശങ്ക അറിയിക്കും. അതേസമയം, 'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' എന്ന ബി.ജെ.പി നിർദേശത്തെ പിന്തുണയ്ക്കുമെന്നും ത്യാഗി അറിയിച്ചു.
യൂട്യൂബ് ചാനലായ 'റെഡ് മൈക്കി'നു നൽകിയ അഭിമുഖത്തിലാണ് കെ.സി ത്യാഗി സഖ്യസർക്കാരിൽ പാർട്ടിയുടെ നിലപാട് വ്യക്തമാക്കിയത്. ഇതാദ്യമായല്ല ജെ.ഡി.യു ബി.ജെ.പിയുമായി സഖ്യംചേരുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 1998ൽ എ.ബി വാജ്‌പേയിയുടെ കാലത്തും ഞങ്ങൾ സഖ്യത്തിലുണ്ടായിരുന്നു. ആ സർക്കാരിൽ വിവിധ വകുപ്പുകളും ജെ.ഡി.യു കൈകാര്യം ചെയ്തു. പിന്നീട് ബിഹാറിൽ എൻ.ഡി.എ സർക്കാരിൽ ഒരുപാട് വർഷം നിതീഷ് കുമാർ മുഖ്യമന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.
അഗ്നിവീർ പദ്ധതിയിൽ ജനങ്ങൾക്കിടയിൽ അതൃപ്തിയുണ്ടെന്നും വിഷയത്തിൽ ചർച്ച ചെയ്തു പരിഹാരം കണ്ടെത്തുമെന്നും തെരഞ്ഞെടുപ്പിന്റെ സമയത്ത് രാജ്‌നാഥ് സിങ് വിശദീകരിച്ചതാണ്. ബി.ജെ.പിയുടെ ഒരു മുതിർന്ന നേതാവാണ് അദ്ദേഹം. വിഷയത്തിൽ ചർച്ച വരുമ്പോൾ ഞങ്ങൾ ജനങ്ങളുടെ ആശങ്കകൾ അറിയിക്കും. 'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്' നിർദേശവുമായി ബന്ധപ്പെട്ട് നിതീഷ് കുമാർ അന്നുതന്നെ നിലപാട് വ്യക്തമാക്കിക്കഴിഞ്ഞതാണ്. നീക്കത്തെ പിന്തുണയ്ക്കുന്നുവെന്ന് അദ്ദേഹം അറിയിച്ചിരുന്നുവെന്നും ത്യാഗി പറഞ്ഞു.
ഏക സിവിൽ കോഡ് വിഷയത്തിൽ പറയാനുള്ളത് പാർട്ടി പരിഷ്‌കരണങ്ങൾക്ക് എതിരല്ലെന്നാണ്. എന്നാൽ, വിഷയത്തിൽ ആരൊക്കെ കക്ഷികളാണോ അവരുമായെല്ലാം ചർച്ച നടത്തണം. എല്ലാ മുഖ്യമന്ത്രിമാരുമായും മുഴുവൻ രാഷ്ട്രീയ പാർട്ടികളുമായും എല്ലാ സാമൂഹിക വിഭാഗങ്ങളുമായെല്ലാം ചർച്ച നടത്തി സമഗ്രമായൊരു കരടാണു തയാറാക്കേണ്ടത്. എല്ലാവരുമായും വിശദമായി ചർച്ച നടത്തി പൊതുസമ്മതത്തിലെത്തേണ്ടതുണ്ട്. ഇക്കാര്യത്തിൽ ഒരുതരത്തിലുള്ള അടിച്ചേൽപ്പിക്കലുമുണ്ടാകരുതെന്നും കെ.സി ത്യാഗി പറഞ്ഞു.
തെരഞ്ഞെടുപ്പ് സമയത്ത് പലതും നടന്നിട്ടുണ്ടാകും, എന്നാൽ ഇനി എല്ലാ വിഭാഗങ്ങളെയും ഒന്നിച്ചുവേണം കൊണ്ടുപോകേണ്ടതെന്ന് മോദിയുടെ മുസ്‌ലിം വിദ്വേഷ പ്രസംഗങ്ങളെ കുറിച്ചുള്ള ചോദ്യങ്ങൾക്കു മറുപടിയായി അദ്ദേഹം പറഞ്ഞു. കിഷൻഗഞ്ച് മണ്ഡലത്തിൽ 65 ശതമാനം മുസ്‌ലിംകളാണുള്ളത്. അവിടെ ഉവൈസിയുടെ പ്രതിനിധിയല്ല, ജെ.ഡി.യു സ്ഥാനാർഥിയാണു രണ്ടാം സ്ഥാനത്ത് എത്തിയത്. മുസ്‌ലിംകൾക്കിടയിൽ നിതീഷ് കുമാറിനുള്ള വിശ്വസ്തതയും സ്വീകാര്യതയുമാണ് അതു വ്യക്തമാക്കുന്നത്. ഞങ്ങൾ ഇവിടെയുണ്ടാകുമ്പോൾ ഒരു തരത്തിലുള്ള മുസ്‌ലിം വിരുദ്ധ, ന്യൂനപക്ഷ വിരുദ്ധ നീക്കവും അനുവദിക്കില്ലെന്ന് ത്യാഗി വ്യക്തമാക്കി.
അതേസമയം, മുസ്‌ലിം സംവരണത്തിന്റെ കാര്യത്തിൽ പാർട്ടിയുടെ നിലപാടും അദ്ദേഹം വിശദീകരിച്ചു. എല്ലാ ഹിന്ദുക്കൾക്കും ജാതി അടിസ്ഥാനം മാറ്റി മതത്തിന്റെ അടിസ്ഥാനത്തിൽ സംവരണം കൊണ്ടുവരാൻ നിന്നാൽ മണ്ഡൽ കമ്മിഷന് അർഥമില്ല. വിദ്യാഭ്യാസപരമായും സാമൂഹികമായും പിന്നാക്കക്കാരായ മുസ്്‌ലിംകൾക്ക് അതിന്റെ ഗുണം കിട്ടില്ല. മതത്തിന്റെ അടിസ്ഥാനത്തിൽ ആർക്കു സംവരണം നൽകുന്നതിനും തങ്ങൾ എതിരാണെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം, കാബിനറ്റ് വിഷയത്തിൽ തങ്ങൾ ഒരു ആവശ്യവും ഉന്നയിച്ചിട്ടില്ലെന്നും ത്യാഗി അറിയിച്ചു. നിരുപാധിക പിന്തുണയാണു സർക്കാരിനു നൽകിയിട്ടുള്ളത്. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും(നിതീഷ് കുമാർ) ഇരുന്നു ചർച്ച നടത്തി തീരുമാനിക്കേണ്ട കാര്യങ്ങളാണ് അവ. അതേക്കുറിച്ചുള്ള ചർച്ചകൾ മോദിയും നിതീഷും തമ്മിൽ നടന്നുവരുന്നുണ്ട്.
പ്രതിപക്ഷത്തിൽനിന്നും ആരും തങ്ങളുമായി ബന്ധപ്പെട്ടിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. അങ്ങനെയൊരു ആഗ്രഹമുണ്ടെങ്കിൽ ഞങ്ങൾ ഇൻഡ്യ മുന്നണി വിടേണ്ട ആവശ്യമുണ്ടായിരുന്നില്ല. നിതീഷ് കുമാർ ഉണ്ടാക്കിയ സഖ്യമാണത്. എന്നിട്ട് അവർ അദ്ദേഹത്തെ കൺവീനറാക്കുകയാണു ചെയ്തത്. കൺവീനർ പ്രധാനമന്ത്രി ആകില്ല. ആളുകളെ ഫോൺ വിളിച്ച് അവിടെ ഇരിക്കണം, ഇവിടെ ഇരിക്കണമെന്ന് നിർദേശിക്കുകയാണ് കൺവീനറുടെ പണി. അങ്ങനെ ചെയ്തവർ ഇപ്പോൾ നിതീഷിനെ പ്രധാനമന്ത്രിയാക്കുമെന്നു പറഞ്ഞാൽ അതിൽ ഞങ്ങൾ വീഴില്ലെന്നും കെ.സി ത്യാഗി വ്യക്തമാക്കി.
Summary: Janata Dal (United) will not allow anti-Muslim, anti-minority campaigns while in power with BJP: KC Tyagi
Adjust Story Font
16