ജാർഖണ്ഡിൽ നിയമ പോരാട്ടത്തിന് ഒരുങ്ങി മഹാസഖ്യ സർക്കാർ
തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടി രാഷ്ട്രീയ പ്രേരിതമാണെന്നാണ് ജെഎംഎം ആരോപിക്കുന്നത്
ജാർഖണ്ഡിൽ നിയമ പോരാട്ടത്തിന് ഒരുങ്ങി മഹാസഖ്യ സർക്കാർ. മുഖ്യമന്ത്രി ഹേമന്ദ് സോറന്‍റെ നിയമസഭാംഗത്വം റദ്ദാക്കിയാൽ ഉടൻ കോടതിയെ സമീപിക്കാനാണ് നീക്കം. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടി രാഷ്ട്രീയ പ്രേരിതമാണെന്നാണ് ജെഎംഎം ആരോപിക്കുന്നത്.
മുഖ്യമന്ത്രിയായിരിക്കെ സ്വന്തം പേരിൽ ഖനന അനുമതി നേടിയ കേസിലാണ് ഹേമന്ദ് സോറനെതിരെ നടപടിക്ക് സാധ്യത. സോറന്‍റെ നിയമസഭാംഗത്വം റദ്ദാക്കാമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഗവർണറെ അറിയിച്ചു കഴിഞ്ഞു. ഗവർണർ രമേഷ് ഭായിസ് വിഷയത്തിൽ ഇന്ന് തീരുമാനം എടുത്തേക്കും. തീരുമാനം എതിരാണെങ്കിൽ ഉടൻ കോടതിയെ സമീപിക്കാനാണ് മഹാസഖ്യത്തിന്റെ തീരുമാനം. ഇതുമായി ബന്ധപ്പെട്ട നിയമോപദേശം സർക്കാരിന് ലഭിച്ചു.
ഇന്നലെ മുഖ്യമന്ത്രിയുമായി അഡ്വക്കേറ്റ് ജനറൽ കൂടിക്കാഴ്ച നടത്തിയിരുന്നു. കോടതിയിൽ നിന്നും പ്രതികൂല തീരുമാനം ഉണ്ടായാൽ കല്പന സോറനെ മുഖ്യമന്ത്രിയാക്കാനും ആലോചനയുണ്ട്. നിലവിലെ സാഹചര്യത്തിൽ എംഎൽഎമാരോട് റാഞ്ചിയിൽ തുടരാനാണ് നിർദേശം. ജാർഖണ്ഡിലെ പ്രതിസന്ധി മുതലാക്കാനുള്ള ശ്രമം ബിജെപിയും നടത്തുന്നുണ്ട്. സർക്കാരിനെ മറിച്ചിടാൻ ചില എംഎൽഎ മാരെ ബിജെപി സമീപിച്ചു എന്നും റിപ്പോർട്ടുകൾ ഉണ്ട്.
Adjust Story Font
16