Quantcast

ഇന്ത്യാ വിഭജനത്തെക്കുറിച്ച് പഠിക്കാൻ ജെഎൻയുവിൽ പ്രത്യേക സെന്റർ സ്ഥാപിക്കുമെന്ന് വി.സി

സ്വാതന്ത്ര്യസമരത്തെ കുറിച്ചും തുടർന്നുണ്ടായ വിഭജനത്തെ കുറിച്ചും പഠിക്കാനായി ഗവേഷണ വിഭാഗം തുടങ്ങാൻ ഡൽഹി സർവകലാശാലയും തീരുമാനിച്ചിരുന്നു.

MediaOne Logo

Web Desk

  • Published:

    21 Aug 2022 1:50 PM GMT

ഇന്ത്യാ വിഭജനത്തെക്കുറിച്ച് പഠിക്കാൻ ജെഎൻയുവിൽ പ്രത്യേക സെന്റർ സ്ഥാപിക്കുമെന്ന് വി.സി
X

ന്യൂഡൽഹി: 1947ലെ ഇന്ത്യാ വിഭജനത്തെക്കുറിച്ച് ആഴത്തിൽ പഠിക്കാൻ ജവഹർ ലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിയിൽ പ്രത്യേക സെന്റർ സ്ഥാപിക്കുമെന്ന് വൈസ് ചാൻസലർ ശാന്തിശ്രീ ദുലിപുടി പണ്ഡിറ്റ്. ഇത് സംബന്ധിച്ച പ്രപോസൽ യുജിസിക്കും കേന്ദ്ര മാനവ വിഭവശേഷി വകുപ്പിനും ഉടൻ സമർപ്പിക്കുമെന്നും അവർ പറഞ്ഞു.

വിഭജനം സാധാരണക്കാരെ എങ്ങനെ ബാധിച്ചു എന്നതിനെക്കുറിച്ചും അതിന്റെ ഭീകരതയെക്കുറിച്ചും പഠിക്കാനാണ് സെന്റർ സ്ഥാപിക്കുന്നത്. ഇത് സംബന്ധിച്ച് പഠിക്കാൻ പുതിയ കോഴ്‌സുകൾ തുടങ്ങും. അഭയാർഥികളെക്കുറിച്ചും ജനങ്ങൾ കുടിയിറക്കപ്പെട്ടതിനെക്കുറിച്ചും പഠിക്കാൻ കേന്ദ്രസർക്കാർ സഹായിക്കുമെന്നും വി.സി പറഞ്ഞു.

വിഭജനത്തിന്റെ പ്രത്യാഘാതങ്ങൽ തെക്കൻ ഏഷ്യയെ മുഴുവൻ ബാധിച്ച കാര്യമാണ്. അതുകൊണ്ട് തന്നെ സ്‌കൂൾ ഓഫ് ഇന്റർ നാഷണൽ സ്റ്റഡീസിന്റെ കീഴിലായിരിക്കും പഠനവിഭാഗം സ്ഥാപിക്കുക. ചരിത്രത്തിലെ വിടവുകൾ നികത്തേണ്ടത് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉത്തരവാദിത്വമാണ്. ഈ ദൗത്യമാണ് ജെഎൻയു ഏറ്റെടുക്കുന്നതെന്നും അവർ പറഞ്ഞു.

പ്രഥമ ആഭ്യന്തര മന്ത്രിയായ സർദാർ വല്ലഭായ് പട്ടേലിന്റെയോ ജനസംഘം സ്ഥാപകൻ ശ്യാമപ്രസാദ് മുഖർജിയുടെയോ പേരിലായിരിക്കും സെന്റർ സ്ഥാപിക്കുക. അവർ രണ്ടുപേരും വിഭജനത്തിൽ വ്യത്യസ്തമായ നിലപാട് സ്വീകരിച്ചവരായിരുന്നുവെന്നും വൈസ് ചാൻസലർ പറഞ്ഞു.

സ്വാതന്ത്ര്യസമരത്തെ കുറിച്ചും തുടർന്നുണ്ടായ വിഭജനത്തെ കുറിച്ചും പഠിക്കാനായി ഗവേഷണ വിഭാഗം തുടങ്ങാൻ ഡൽഹി സർവകലാശാലയും തീരുമാനിച്ചിരുന്നു. ഇത് സംബന്ധിച്ച നിർദേശങ്ങൾ സമർപ്പിക്കുന്നതിനായി ഡൽഹി യൂണിവേഴ്‌സിറ്റി സൗത്ത് കാമ്പസ് ഡയറക്ടർ പ്രകാശ് സിങ് തലവനായി പ്രത്യേക കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്.

TAGS :

Next Story