ഹിന്ദു ഭക്തിഗായകന്‍ കനയ്യ മിത്തൽ കോൺഗ്രസിൽ ചേരും
രാമക്ഷേത്ര പ്രാണപ്രതിഷ്ഠയുടെ ഭാഗമായി കനയ്യ പാടിയ 'ജോ രാം കോ ലായെ ഹേ' ഗാനം ബിജെപി വ്യാപകമായി ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചിരുന്നു
കനയ്യ മിത്തല്‍
ചണ്ഡിഗഢ്: പ്രശസ്ത ഹിന്ദു ഭക്തി ഗായകൻ കനയ്യ മിത്തൽ കോൺഗ്രസിൽ ചേരും. രാമക്ഷേത്ര പ്രാണപ്രതിഷ്ഠയുടെ ഭാഗമായി കനയ്യ പാടിയ 'ജോ രാം കോ ലായെ ഹേ' ഗാനം ബിജെപി ഇത്തവണ വ്യാപകമായി ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചിരുന്നു. ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഇദ്ദേഹം കോൺഗ്രസിൽ ചേരുകയാണെന്നു പ്രഖ്യാപിച്ചിരിക്കുന്നത്.
ലോക്‌സഭാ തെരഞ്ഞെടുപ്പിലടക്കം ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു കനയ്യ മിത്തൽ. ഇത്തവണ ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ അദ്ദേഹം ബിജെപി ടിക്കറ്റ് പ്രതീക്ഷിച്ചിരുന്നുവെന്നാണു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ, പാർട്ടി സ്ഥാനാർഥി പട്ടിക പുറത്തുവന്നപ്പോൾ അദ്ദേഹം പുറത്തായിരുന്നു.
ബിജെപി അവഗണയിൽ പ്രതിഷേധിച്ചാണ് കനയ്യ ഇപ്പോൾ കോൺഗ്രസിൽ ചേരാൻ തീരുമാനിച്ചതെന്നാണു സൂചന. എന്നാൽ, ബിജെപിയുമായി ഒരു പ്രശ്‌നവുമില്ലെന്ന് അദ്ദേഹം ദേശീയ മാധ്യമമായ 'എബിപി ലൈവി'നോട് പ്രതികരിച്ചു. ഇതുവരെയും ഞാന്‍ ഒരു പാർട്ടിയിലും പ്രവർത്തിച്ചിട്ടില്ല. എന്നാൽ, കടുത്ത വിമർശനങ്ങൾ നേരിട്ട വിനേഷ് ഫോഗട്ട് കോൺഗ്രസിനൊപ്പം ചേർന്നതു കണ്ടാണ് എനിക്കും ഇത്തരമൊരു ആലോചനയുണ്ടായത്. വിനേഷിനെ പിന്തുണയ്ക്കാനായി കോണ്‍ഗ്രസില്‍ ചേരാന്‍ തീരുമാനിച്ചിരിക്കുകയാണെന്നും കനയ്യ പറഞ്ഞു.
കോൺഗ്രസാണ് രാമക്ഷേത്ര നിർമാണം തടഞ്ഞതെന്ന പഴയ പരാമര്‍ശം ചൂണ്ടിക്കാട്ടിയപ്പോൾ കനയ്യ നിഷേധിച്ചു. പ്രധാനമന്ത്രിയായിരിക്കെ മൻമോഹൻ സിങ് രാമക്ഷേത്രം നിർമിക്കാൻ തീരുമാനമെടുത്തിരുന്നെങ്കിൽ അദ്ദേഹത്തിനു വേണ്ടിയും താൻ പാടുമായിരുന്നുവെന്നാണു പറഞ്ഞതെന്ന് കനയ്യ ന്യായീകരിച്ചു. എല്ലാവരും കോൺഗ്രസിൽ ചേരേണ്ട ഒരു സാഹചര്യമാണ് നിലവിൽ രാജ്യത്തുള്ളത്. വരുംതലമുറയ്ക്കും ഇക്കാര്യം ബോധ്യപ്പെട്ടിട്ടുണ്ട്. നമ്മളെല്ലാവരും രാമനിൽ വിശ്വസിക്കുന്നവരാണ്. എന്നാല്‍, കോൺഗ്രസിലുള്ളവരെല്ലാം രാമന്റെ വിമർശകരല്ലെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസിൽ രാമനെ സ്‌നേഹിക്കുന്നവരുമുണ്ട്. സനാതന ധർമക്കാരും അവിടെയുണ്ട്. എല്ലാവരും സനാതനക്കാരാകണമെന്ന അഭിപ്രായമാണ് എനിക്കുള്ളത്. അതിൽ പാർട്ടി വ്യത്യാസമില്ല. ഇക്കാര്യത്തിൽ എല്ലാവരും ഒന്നിച്ചുപ്രവർത്തിക്കണമെന്നും കനയ്യ മിത്തൽ പറഞ്ഞു.
Summary: ‘Jo Ram ko layein hain’ fame, popular bhajan singer Kanhaiya Mittal set to join Congress
Adjust Story Font
16