നാല് ലക്ഷം യുവാക്കൾക്ക് ജോലി; ഉത്തരാഖണ്ഡില്‍ പ്രകടന പത്രിക പുറത്തിറക്കി കോണ്‍ഗ്രസ്
ഗ്യാസ് സിലിണ്ടറിന്‍റെ വില 500 രൂപയിൽ കൂടാതിരിക്കാൻ സർക്കാർ ഇടപെടൽ അടക്കമുള്ള പ്രഖ്യാപനങ്ങളാണ് പ്രകടന പത്രികയിൽ ഉള്ളത്
ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് പ്രകടന പത്രിക പുറത്തിറക്കി. നാല് ലക്ഷം യുവാക്കൾക്ക് ജോലി, 5 ലക്ഷം കുടുംബങ്ങൾക്ക് വർഷം തോറും 40000 രൂപ, ഗ്യാസ് സിലിണ്ടറിന്‍റെ വില 500 രൂപയിൽ കൂടാതിരിക്കാൻ സർക്കാർ ഇടപെടൽ അടക്കമുള്ള പ്രഖ്യാപനങ്ങളാണ് പ്രകടന പത്രികയിൽ ഉള്ളത്.
വിലക്കയറ്റത്തെ നിയന്ത്രിക്കുമെന്ന പ്രധാന കാര്യമാണ് കോണ്‍ഗ്രസ് മുന്നോട്ട് വെയ്ക്കുന്നത്. പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ളവരാണ് പ്രചരണത്തിന് മുൻനിരയിലുള്ളത്. ബജറ്റ് അവതരണത്തിൽ പാവപ്പെട്ടവർക്ക് വേണ്ടി ഒരു വാക്കുപോലും ധനമന്ത്രി പറഞ്ഞില്ലെന്ന് പ്രിയങ്കാ ഗാന്ധി പറഞ്ഞു. നിലവിൽ കർഷകരുടെ പ്രശ്നങ്ങളടക്കം ഉയർത്തിക്കാട്ടിയാണ് കോൺഗ്രസ് പ്രചാരണം.
മുതിർന്ന കോൺഗ്രസ് നേതാവും മുൻമുഖ്യമന്ത്രിയുമായ ഹരീഷ് റാവത്തും നിലവിലെ മുഖ്യമന്ത്രി പുഷ്കർ സിങ് ധാമിയും തമ്മിലാണ് ഇത്തവണത്തെ പോരാട്ടം. ഭരണ തുടർച്ച ലക്ഷ്യമിടുന്ന ബി.ജെ.പിയെ സർക്കാർ വിരുദ്ധ പ്രചാരണങ്ങളിലൂടെ തകർക്കാനാണ് കോൺഗ്രസ് പദ്ധതിയിടുന്നത്. കബഡി കളിച്ചും പ്രവർത്തകർക്കൊപ്പം ഡാൻസ് കളിച്ചും ഹരീഷ് റാവത്ത് പ്രചാരണം തകർക്കുകയാണ്. ആദ്യമായി ഭരണത്തുടര്‍ച്ചയെന്ന ലക്ഷ്യത്തോടെയാണ് ബി.ജെ.പി അങ്കത്തിനിറങ്ങുന്നത്. ചില മണ്ഡലങ്ങളിൽ ആം ആദ്മി പാർട്ടിക്കും പ്രതീക്ഷകളുണ്ട്.
ഫെബ്രുവരി 14നാണ് ഉത്തരാഖണ്ഡിൽ നിയസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. മാർച്ച് 10നാണ് ഫലപ്രഖ്യാപനം. ആകെ 70 സീറ്റുകളാണ് ഉത്തരാഖണ്ഡിലുള്ളത്.
Adjust Story Font
16