'ഹൃദയഭേദകം'; ഒഡീഷ ട്രെയിൻ ദുരന്തത്തിൽ ദുഃഖം രേഖപ്പെടുത്തി അമേരിക്കൻ പ്രസിഡന്റ്
വെള്ളിയാഴ്ച വൈകുന്നേരമാണ് രാജ്യത്തെ നടുക്കിയ ട്രെയിൻ ദുരന്തത്തിൽ 288 പേർ കൊല്ലപ്പെട്ടത്
വാഷിംഗ്ടൺ: ഒഡീഷയിലെ ബാലസോർ ജില്ലയിൽ മൂന്ന് ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ഇന്ത്യയിലെ ട്രെയിൻ ദുരന്തത്തിന്റെ ദാരുണമായ വാർത്ത കേട്ട് ഞാനും പ്രഥമ വനിത ഡോ. ജിൽ ബൈഡനും ഹൃദയം തകർന്നിരിക്കുന്നു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ ദുഃഖത്തിൽ പങ്കുചേരുന്നു. പരിക്കേറ്റ് ചികിത്സയിലുള്ളവർക്കും ഞങ്ങളുടെ പ്രാർത്ഥനകൾ. ബൈഡൻ പ്രസ്താവനയിൽ അറിയിച്ചു.
ഇന്ത്യയിലെ ജനങ്ങളുടെ വേദനയിൽ അമേരിക്കയിലുടനീളമുള്ള ആളുകളും പങ്കുചേരുന്നു. ഇന്ത്യയും അമേരിക്കയും തമ്മിൽ ആഴത്തിലുള്ള ബന്ധമാണുള്ളത്. ഇന്ത്യയുടെ ദുരിതബാധിതർക്കൊപ്പം എന്നും താങ്ങായി ഉണ്ടാകുമെന്നും പ്രസ്താവനയിൽ പറയുന്നു.
വെള്ളിയാഴ്ച വൈകുന്നേരമാണ് രാജ്യത്തെ നടുക്കിയ ട്രെയിൻ ദുരന്തത്തിൽ 288 പേർ കൊല്ലപ്പെട്ടത്. 1,100 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 56 പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, രക്ഷാദൗത്യം പൂർത്തിയാക്കി ട്രെയിൻ ഗതാഗതം പുനഃസ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. പരിക്കേറ്റവർ നിലവിൽ ബാലസോറിലെ ആശുപത്രികളിലും കട്ടക്കിലെ എസ്സിബി മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സയിൽ കഴിയുകയാണ്. ഉന്നതതല അന്വേഷണം നടത്തി അപകട കാരണം കണ്ടത്തുമെന്ന് റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് അറിയിച്ചു.
Adjust Story Font
16