Quantcast

'നിങ്ങൾ വിഷം, നേമത്തേത് പോലെ തൃശൂരിലെ അക്കൗണ്ടും വൈകാതെ ഞങ്ങൾ പൂട്ടിക്കും; നിങ്ങൾ ക്രിസ്ത്യാനികളുടെ പേരിൽ മുതലക്കണ്ണീർ ഒഴുക്കുന്നു': ബിജെപിക്കെതിരെ ആഞ്ഞടിച്ച് ജോൺ ബ്രിട്ടാസ്

'എമ്പുരാനിലെ മുന്നയാണ് നിങ്ങൾ. ഈ മുന്നമാരെ തിരിച്ചറിയാനുള്ള കരുത്ത് മലയാളിക്കുണ്ട്'.

MediaOne Logo

Web Desk

  • Updated:

    3 April 2025 3:26 PM

Published:

3 April 2025 12:10 PM

നിങ്ങൾ വിഷം, നേമത്തേത് പോലെ തൃശൂരിലെ അക്കൗണ്ടും വൈകാതെ ഞങ്ങൾ പൂട്ടിക്കും; നിങ്ങൾ ക്രിസ്ത്യാനികളുടെ പേരിൽ മുതലക്കണ്ണീർ ഒഴുക്കുന്നു: ബിജെപിക്കെതിരെ ആഞ്ഞടിച്ച് ജോൺ ബ്രിട്ടാസ്
X

ന്യൂഡൽഹി: രാജ്യസഭയിലെ വഖഫ് ബിൽ ചർച്ചയിൽ ബിജെപിക്കെതിരെ ആഞ്ഞടിച്ച് ജോൺ ബ്രിട്ടാസ് എംപി. ബിജെപി ക്രിസ്ത്യാനികളുടെ പേരിൽ മുതലക്കണ്ണീർ ഒഴുക്കുകയാണെന്നും എന്നാൽ ഓരോ ദിവസവും ക്രിസ്ത്യാനികൾക്കെതിരെ ആക്രമണം നടക്കുകയാണെന്നും ജോൺ ബ്രിട്ടാസ് വ്യക്തമാക്കി. ഇന്നും ജബൽപൂരിൽ ക്രിസ്ത്യാനികൾക്കെതിരെ ആക്രമണം നടക്കുന്നു. കഴിഞ്ഞവർഷം മാത്രം 700 ആക്രമണമാണുണ്ടായത്. മണിപ്പൂരിൽ 200ലേറെ പള്ളികൾ കത്തിച്ചെന്നും അദ്ദേഹം തുറന്നടിച്ചു.

'നിങ്ങൾ രണ്ടു മൂന്നു ദിവസമായി ക്രിസ്ത്യാനി, കേരള, മുനമ്പം എന്നൊക്കെ പറയുന്നുണ്ടല്ലോ. സ്റ്റാൻ സ്വാമിയെ മറക്കാൻ പറ്റുമോ?, പാർക്കിൻസൺസ് രോഗം വന്ന് ഒരു തുള്ളി വെള്ളം കുടിക്കാൻ കഴിയാതെ ഒരു സ്‌ട്രോയ്ക്ക് വേണ്ടി കരഞ്ഞ മനുഷ്യൻ. അദ്ദേഹത്തെ നിങ്ങൾ ജയിലിലിട്ടു കൊന്നില്ലേ?. ഗ്രഹാം സ്‌റ്റെയിനെ മറക്കാൻ പറ്റുമോ? മക്കളോടൊപ്പം ചുട്ടുകൊന്നില്ലേ...?'- ജോൺ ബ്രിട്ടാസ് ചോദിച്ചു.

'ബൈബിളിലൊരു കഥാപാത്രമുണ്ട്- മുപ്പത് വെള്ളിക്കാശിന് യേശുക്രിസ്തുവിനെ ഒറ്റികൊടുത്ത യൂദാസ്. അങ്ങനെയുള്ള കഥാപാത്രങ്ങളാണ് ഇവിടിരിക്കുന്ന ചിലർ. എമ്പുരാൻ സിനിമയിലെ മുന്നയെ ഇവിടെ കാണാം. ഈ ബിജെപി ബെഞ്ചുകളിൽ ഒരു മുന്നയെ കാണാം. ഈ മുന്നയെ മലയാളി തിരിച്ചറിയും, കേരളം തിരിച്ചറിയും. അതാണ് കേരളത്തിന്റെ ചരിത്രം. നിങ്ങളെന്ന വിഷത്തെ ഞങ്ങൾ മാറ്റിനിർത്തി. ഒരാൾ ജയിച്ചിട്ടുണ്ട്. ഞങ്ങൾ നേമത്തെ അക്കൗണ്ട് പൂട്ടിച്ച പോലെ വൈകാതെ ആ അക്കൗണ്ടും ഞങ്ങൾ പൂട്ടിക്കും. മലയാളിക്ക് ഒരു തെറ്റ് പറ്റി. ആ തെറ്റ് ഞങ്ങൾ വൈകാതെ തിരുത്തും'.

'മുനമ്പത്തെ ഒരാൾക്കു പോലും വീട് നഷ്ടപ്പെടില്ല. ഇത് ഇടതുപക്ഷ സർക്കാരിന്റെ പ്രഖ്യാപനമാണ്. അഞ്ച് ലക്ഷം ഭവനരഹിതർക്ക് വീട് കൊടുക്കാനുള്ള കരുത്തും ആത്മാർഥതയും ഉണ്ടെങ്കിൽ ഈ മുനമ്പത്തെ ആളുകളെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം ഞങ്ങൾക്കുണ്ട്. ഞങ്ങൾ ചെയ്തിരിക്കും. അതിന് നിങ്ങളുടെ ഓശാരം വേണ്ട. യുപിയിൽ മസ്ജിദ് മൂടിയിടുന്നതു പോലെ കേരളത്തിലെ ഒരു ആരാധനാലയവും മറയ്‌ക്കേണ്ടിവരില്ല. ഒരാൾക്കും ഭയത്തിൽ കഴിയേണ്ടിവരില്ല. എല്ലാവർക്കും സാഹോദര്യത്തോടെ ജീവിക്കാനുള്ള അന്തരീക്ഷം കേരളത്തിലുണ്ട്. അത് നിലനിർത്താൻ ഞങ്ങൾക്കറിയാം'.

'ഇപ്പോൾ നിങ്ങൾ ക്രിസ്ത്യാനികളുടെ പേരിൽ മുതലക്കണ്ണീർ ഒഴുക്കുമ്പോൾ അത് തിരിച്ചറിയാനുള്ള കഴിവ് മലയാളിക്കുണ്ട്. ഈ ബില്ലിൽ നിങ്ങൾ മുനമ്പം, മുനമ്പം എന്നു പറയുന്നു. ഉത്തരേന്ത്യയിൽ നിന്ന് പതിനായിരക്കണക്കിനാളുകളെ നിങ്ങൾ ആട്ടിപ്പായിച്ചില്ലേ. 50,000ലേറെ ആളുകളാണ് മണിപ്പൂരിൽ അഭയാർഥികളായി കഴിയുന്നത്. എത്രയോ ആളുകൾ രാജ്യംവിട്ടു. നിങ്ങൾക്കവരെ കുറിച്ചൊന്നും പറയാനില്ല. നിങ്ങൾ എത്രയോ പള്ളികൾ തകർത്തു'.

'എമ്പുരാനിലെ മുന്നയാണ് നിങ്ങൾ. ഈ മുന്നമാരെ തിരിച്ചറിയാനുള്ള കരുത്ത് മലയാളിക്കുണ്ട്. അതിനാൽ ഭരണഘടനയിൽ വിശ്വസിക്കുന്നുണ്ടെങ്കിൽ ഈ ബിൽ പിൻവലിക്കണം. ജനങ്ങൾക്കിടയിൽ സാമുദായിക സൗഹാർദവും സമത്വവും നിലനിൽക്കണമെങ്കിൽ ഈ ബിൽ പിൻവലിക്കണം'- അദ്ദേഹം കൂട്ടിച്ചേർത്തു. കറുപ്പണിഞ്ഞാണ് സിപിഎം അംഗങ്ങൾ സഭയിലെത്തിയത്.



TAGS :

Next Story