Quantcast

'ജോയിന്‍റ് അക്കൗണ്ടും എടിഎം കാര്‍ഡും വേണം'; വീട്ടമ്മമാരുടെ ത്യാഗം പുരുഷന്‍മാര്‍ തിരിച്ചറിയണമെന്ന് സുപ്രിം കോടതി

ഒരു വീട്ടമ്മയുടെ അവകാശങ്ങൾ കോടതി അടിവരയിട്ട് പരാമർശിച്ചു

MediaOne Logo

Web Desk

  • Published:

    11 July 2024 8:49 AM GMT

Salary arrears of judicial officers: Supreme Court directs chief secretaries to appear in person,latest newsജുഡീഷ്യല്‍ ഉദ്യോഗസ്ഥരുടെ ശമ്പള കുടിശിക: ചീഫ് സെക്രട്ടറിമാരോട് നേരിട്ട് ഹാജരാകാന്‍ സുപ്രിംകോടതി നിര്‍ദേശം
X

ഡൽഹി: കുടുംബത്തിനുവേണ്ടി വീട്ടമ്മമാർ സഹിക്കുന്ന ത്യാ​ഗങ്ങളെക്കുറിച്ച് ഇന്ത്യൻ പുരുഷന്മാർ തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് സുപ്രിം കോടതി. ജസ്റ്റിസുമാരായ ബി.വി. നാഗരത്‌ന, അഗസ്റ്റിന്‍ ജോര്‍ജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ചിന്‍റെതാണ് നിരീക്ഷണം. വിവാഹമോചിതരായ ‌മുസ്‍ലിം സ്ത്രീകളുടെ ജീവനാംശവുമായി ബന്ധപ്പെട്ട് മുഹമ്മദ് അബ്ദുള്‍ സമദ് എന്ന വ്യക്തി നല്‍കിയ ഹരജി പരി​ഗണിക്കുകയായിരുന്നു കോടതി.

ഒരു വീട്ടമ്മയുടെ അവകാശങ്ങൾ കോടതി അടിവരയിട്ട് പരാമർശിച്ചു. പ്രതിഫലം ഒന്നും പ്രതീക്ഷിക്കാതെ കുടുംബത്തിൻ്റെ ക്ഷേമത്തിനായി ദിവസം മുഴുവൻ പ്രവർത്തിക്കുന്നവരാണ് വീട്ടമ്മമാരെന്ന് കോടതി പ്രസ്താവിച്ചു. 'ഭാര്യമാരെ സാമ്പത്തികമായി ശാക്തീകരിക്കേണ്ടത് ഒരു പുരുഷന് അത്യാവശ്യമാണ്. തന്‍റെ സാമ്പത്തിക ശേഷി അനുസരിച്ച് സ്വതന്ത്രമായ വരുമാന മാർഗ്ഗമില്ലാത്ത ഭാര്യക്ക് അവളുടെ വ്യക്തിപരമായ ആവശ്യങ്ങൾ നിറവേറ്റാനുള്ള സ്രോതസുകൾ ലഭ്യമാക്കേണ്ടതാണ്. അതായത് പുരുഷന്റെ സാമ്പത്തിക സ്രോതസ്സുകളിൽ അവന്‍റെ ഭാര്യക്കും അവകാശമുണ്ടായിരിക്കും'- കോടതി പറഞ്ഞു.

ഇത്തരം സാമ്പത്തിക ശാക്തീകരണം വീട്ടമ്മയെ കുടുംബത്തിൽ കൂടുതൽ സുരക്ഷിതമായ സ്ഥാനത്ത് എത്തിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. ഒരു ജോയിൻ്റ് ബാങ്ക് അക്കൗണ്ടോ എടിഎം കാർഡ് വഴിയോ, ഗാർഹിക ചെലവുകൾക്ക് പുറമെ അവരുടെ വ്യക്തിഗത ചെലവുകൾക്കായി ഭാര്യക്ക് സാമ്പത്തിക സ്രോതസുകൾ ലഭ്യമാക്കണമെന്നും കോടതി പറഞ്ഞു.

വിവാഹമോചിതയായ മുസ്‌ലിം സ്ത്രീക്ക് ക്രിമിനല്‍ നിയമപ്രകാരം മുൻ ഭർത്താവിൽ നിന്നും ജീവനാംശം നേടാമെന്ന് സുപ്രിം കോടതി വ്യക്തമാക്കിയിരുന്നു. മുൻ ഭാര്യക്ക് 10,000 രൂപ ജീവനാംശം നൽകാനുള്ള തെലങ്കാന ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് ഭർത്താവ് സമർപ്പിച്ച ഹരജിയിലാണ് ഉത്തരവ്. ജൂലൈ ഒന്നിന് മുൻപുള്ള കേസുകൾക്കായിരിക്കും ഇത് ബാധകമാകുക.

1986-ലെ മുസ്‌ലിം സ്ത്രീ വിവാഹമോചനാവകാശ സംരക്ഷണം നിയമം അനുസരിച്ച് വിവാഹമോചിതയായ മുസ്‌ലിം സ്ത്രീക്ക് സെക്ഷൻ 125 സിആര്‍പിസി പ്രകാരം ആനുകൂല്യം ലഭിക്കാൻ അർഹതയില്ലെന്നായിരുന്നു ഹരജിക്കാരന്‍റെ വാദം. എന്നാൽ, ജസ്റ്റിസുമാരായ ബി.വി നാഗരത്ന, ജസ്റ്റിസ് അഗസ്റ്റിൻ ജോർജ്ജ് മസിഹ് എന്നിവരടങ്ങിയ ബെഞ്ച് ഈ വാദം തള്ളുകയായിരുന്നു.

മുൻ ഭർത്താവിൽ നിന്നും ജീവനാംശം നേടാമെന്നും ഇതിനായി ക്രിമിനൽ നടപടി ചട്ടത്തിലെ 125-ാം വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യാമെന്നും സുപ്രിം കോടതി വ്യക്തമാക്കി. മറ്റു സ്ത്രീകളെ പോലെ മുസ്‌ലിം സ്ത്രീകൾക്കും ക്രിമിനൽ നടപടിചട്ടം ബാധകമാകുമെന്നും സുപ്രിം കോടതി പറഞ്ഞു.

TAGS :

Next Story