Quantcast

'കർഫ്യൂ ലഘൂകരിക്കണം'; മുസ്‌ലിം സംഘടനാ നേതാക്കൾ ഹൽദ്വാനിയിൽ

മുസ്‌ലിം യുവാക്കൾക്കെതിരായ അന്യായമായ അറസ്റ്റും വേട്ടയാടലും അവസാനിപ്പിക്കണമെന്ന് നേതാക്കൾ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റുമായുള്ള ചർച്ചയിൽ ആവശ്യപ്പെട്ടു.

MediaOne Logo

Web Desk

  • Published:

    11 Feb 2024 5:32 PM GMT

Joint delegation of Muslim organizations visits Haldwani
X

ന്യൂഡൽഹി: പള്ളിയും മദ്രസയും പൊളിച്ചതിനെ തുടർന്ന് സംഘർഷം പൊട്ടിപ്പുറപ്പെട്ട ഹൽദ്വാനിയിൽ മുസ്‌ലിം സംഘടനകളുടെ സംയുക്ത പ്രതിസംഘം എത്തി. ജമാഅത്തെ ഇസ്‌ലാമി, ജംഇയ്യത്തുൽ ഉലമായെ ഹിന്ദ് എന്നീ സംഘടനകളുടെ നേതാക്കളാണ് സംഘർഷബാധിത പ്രദേശങ്ങളിലെ യാഥാർഥ്യങ്ങൾ നേരിട്ട് കണ്ടു മനസ്സിലാക്കുന്നതിനായി എത്തിയത്.

ജമാഅത്തെ ഇസ്‌ലാമി വൈസ് പ്രസിഡന്റ് മാലിക് മുഅ്തസിം ഖാൻ, ജംഇയ്യത്തുൽ ഉലമായെ ഹിന്ദ് ജനറൽ സെക്രട്ടറി മൗലാനാ ഹക്കീമുദ്ദീൻ ഖാസിമി, ജമാഅത്തെ ഇസ്‌ലാമി ജനറൽ സെക്രട്ടറി മൗലാന ഷാഫി മദനി, മൗലാനാ ഗയ്യൂർ ഖാസിമി, ജമാഅത്തെ ഇസ്‌ലാമി അസിസ്റ്റന്റ് സെക്രട്ടറി ലയീഖ് അഹമ്മദ് ഖാൻ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. ആരാധനാലയങ്ങൾ പൊളിച്ചുനീക്കുന്നതിൽ ഭരണകൂടം സ്വീകരിച്ച ദീർഘവീക്ഷണമില്ലാത്ത നടപടികളാണ് പ്രശ്‌നത്തിന് കാരണമെന്ന് നേതാക്കൾ പറഞ്ഞു.



സബ് ഡിവിഷണൽ മജിസ്‌ട്രേറ്റുമായി കൂടിക്കാഴ്ച നടത്തിയ നേതാക്കൾ മുസ്‌ലിം യുവാക്കൾക്കെതിരായ അന്യായമായ അറസ്റ്റും നിയമനടപടികളും അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ചർച്ചയിൽ പങ്കെടുത്തു. പൊലീസ് വെടിവെപ്പിൽ ആളുകൾ കൊല്ലപ്പെട്ടതിൽ നേതാക്കൾ ഖേദം പ്രകടിപ്പിച്ചു. ഭരണകൂടം സ്ഥാപിത താൽപര്യങ്ങൾക്ക് വേണ്ടി വിഷയത്തെ രാഷ്ട്രീയവത്കരിക്കുന്നത് അവസാനിപ്പിക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. ഏത് പ്രതിസന്ധിയിലും മുസ്‌ലിംകൾ ക്ഷമ കൈവിടരുതെന്ന് നേതാക്കൾ പറഞ്ഞു.

കലാപബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ നേതാക്കൾ അനുമതി തേടിയെങ്കിലും സ്ഥിതി ശാന്തമായ ശേഷം അനുമതി നൽകാമെന്ന് മജിസ്‌ട്രേറ്റ് പറഞ്ഞു. കർഫ്യൂ നിബന്ധനകൾ ലഘൂകരിക്കണമെന്നും സംഘർഷത്തിന്റെ മറവിൽ മുസ്‌ലിം സമുദായത്തെ അപകീർത്തിപ്പെടുത്താൻ ആരെയും അനുവദിക്കരുതെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

കലാപബാധിത പ്രദേശത്തുള്ളവർക്ക് ഭക്ഷണവും വെള്ളവും എത്തിക്കുക, കലാപം കാരണം ജോലിക്ക് പോകാൻ പറ്റത്ത ദിവസവേതനക്കാരായ തൊഴിലാളികൾക്ക് ധനസഹായം നൽകുക, കലാപത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് നഷ്ടപരിഹാരം നൽകുക, കലാപത്തിന് ഇരയായവർക്ക് അവശ്യസാധനങ്ങൾ എത്തിക്കാൻ സന്നദ്ധ സംഘടനകളെ അനുവദിക്കുക, പൊലീസ് വെടിവെപ്പിൽ പരിക്കേറ്റവരുടെ ചികിത്സക്കായി ആശുപത്രികളും മെഡിക്കൽ സൗകര്യവുമൊരുക്കുക തുടങ്ങിയ കാര്യങ്ങളും നേതാക്കൾ മജിസ്‌ട്രേറ്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

TAGS :

Next Story