‘ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങൾ ഉയർത്തിപ്പിടിക്കണം’; ഒറ്റ തെരഞ്ഞെടുപ്പ് പാർലമെന്റ് സമിതി യോഗത്തിൽ പ്രതിപക്ഷം
ഫെഡറലിസത്തെ തകർക്കുന്നതാണ് ഒറ്റ തെരഞ്ഞെടുപ്പെന്ന് കോൺഗ്രസ്, ഡിഎംകെ,ടിഎംസി അംഗങ്ങൾ ആവർത്തിച്ചു
ന്യൂഡൽഹി: ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകൾ ഒറ്റ തെരഞ്ഞെടുപ്പായി നടത്തുന്ന ബില്ലിനെപറ്റി സംയുക്ത പാർലമെന്ററി സമിതിയുടെ നേതൃത്വത്തിൽ നടന്ന ആദ്യയോഗത്തിൽ ഭരണ -പ്രതിപക്ഷ വാദപ്രതിവാദം. ഭരണഘടനയും ഫെഡറൽ തത്വങ്ങളുടെയും ലംഘനമാണ് ബില്ലിലൂടെ നടപ്പാക്കാൻ പോകുന്നതെന്ന വാദം പ്രതിപക്ഷം ഉയർത്തിയതോടെ പ്രതിരോധത്തിലായ എൻഡിഎ അംഗങ്ങൾ ബില്ലിനെ പിന്തുണച്ച് രംഗത്തെത്തി.
യോഗത്തിൽ ബില്ലുകളിലെ വ്യവസ്ഥകളെക്കുറിച്ച് നിയമമന്ത്രാലയം അവതരണം നടത്തി. ലോക്‌സഭയിൽ നിന്ന് 27 അംഗങ്ങളും രാജ്യസഭയിൽ നിന്ന് 12 അംഗങ്ങളുമടക്കം 39പേരാണ് പാനലിലുള്ളത്. ചർച്ച ആരംഭിച്ചതോടെ പ്രതിപക്ഷം ബില്ലിനെ പൂർണമായും എതിർത്ത് രംഗത്തെത്തി.
ഒറ്റ തെരഞ്ഞെടുപ്പിന് വരുന്ന സാമ്പത്തികചെലവുകളുടെ കണക്കുകൾ ആവശ്യപ്പെട്ട പ്രിയങ്ക ഗാന്ധി, ഒറ്റ തെരഞ്ഞെടുപ്പ് എന്ന ആശയം ഭരണഘടനയുടെ അടിസ്ഥാന ഘടനക്ക് വിരുദ്ധമാണെന്നും അവർ പറഞ്ഞു. മുഴുവൻ പാർലമെന്റെ സീറ്റുകളിലും ആദ്യമായി ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകൾ (ഇവിഎം) ഉപയോഗിച്ചതിന്റെ ചെലവുകളുടെ കണക്കുകൾ വേണമെന്നും പ്രതിപക്ഷ എംപിമാർ ആവശ്യപ്പെട്ടു.
ഫെഡറലിസത്തെ തകർക്കുന്നതാണ് ഒറ്റ തെരഞ്ഞെടുപ്പെന്ന് കോൺഗ്രസ്, ഡിഎംകെ, ടിഎംസി അംഗങ്ങൾ ആവർത്തിച്ചു. പണം ലാഭിക്കുന്നതിനേക്കാൾ ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനാണ് പ്രാധാന്യം നൽകേണ്ടതെന്നാണ് തൃണമൂൽ എംപി പറഞ്ഞു.
നേരത്തെ കോവിന്ദ് കമ്മിറ്റി റിപ്പോർട്ടിനെ പിന്തുണച്ച വൈഎസ്ആർ കോൺഗ്രസിലെ വി.വിജയസായി റെഡ്ഡി, ബില്ലുകളെക്കുറിച്ച് നിരവധി ചോദ്യങ്ങൾ ഉന്നയിക്കുകയും ക്രമക്കേടിന് സാധ്യതയുള്ളതിനാൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾക്ക് പകരം ബാലറ്റ് പേപ്പറുകൾ നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഒരേസമയം നടക്കുന്ന തെരഞ്ഞെടുപ്പുകൾ പ്രാദേശിക പാർട്ടികളെ പാർശ്വവത്കരിക്കുകയും പ്രാതിനിധ്യങ്ങളുടെ വൈവിധ്യവും പ്രാദേശിക പ്രശ്‌നങ്ങളും അവഗണിക്കപ്പെടുകയും ചെയ്യും. രണ്ടോ മൂന്നോ ദേശീയ പാർട്ടികൾ തമ്മിലുള്ള മത്സരമായി മാറുമെന്നും റെഡ്ഡി പറഞ്ഞു. ഒറ്റ തെരഞ്ഞെടുപ്പ് പ്രാദേശിക പാർട്ടികളെ ഒതുക്കുമെന്ന നിലപാടാണ് വൈഎസ്ആർ കോൺഗ്രസും സ്വീകരിച്ചിരിക്കുന്നത്.
'ഒറ്റ രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്' നിർദ്ദേശം ഭരണഘടനാ മൂല്യങ്ങൾ ലംഘിക്കുമെന്ന ആരോപണത്തെ ബിജെപി എംപിമാർ എതിർത്തു. ഇതിന് അനുകൂലമായ നിലപാടാണ് എൻഡിഎ സഖ്യകക്ഷികളായ ജെഡിയുവും ടിഡിപിയും സ്വീകരിച്ചത്. തുടർച്ചയായ തിരഞ്ഞെടുപ്പ് രാജ്യത്തിന്റെ വളർച്ചയെ തടസ്സപ്പെടുത്തുമെന്നും ഖജനാവിൽ നിന്നുള്ള പണ ചോർച്ചക്കിടയാക്കുമെന്നും ആവർത്തിച്ച ബിജെപി എംപിമാർ ഒറ്റ തെരഞ്ഞെടുപ്പ് വളർച്ചയ്ക്കും വികസനത്തിനും ഉണർവ് നൽകുമെന്നും പറഞ്ഞു.
മുൻ കേന്ദ്രമന്ത്രി പി.പി ചൗധരിയാണ് സമിതിയുടെ അധ്യക്ഷൻ. മൂന്നാം മോദി സർക്കാർ അധികാരത്തിലെത്തിയ ശേഷം നിയമിക്കുന്ന രണ്ടാമത്തെ സംയുക്ത പാർലമെന്ററി സമിതിയാണിത്. വഖഫ് ഭേദഗതി ബില്ലിലാണ് ആദ്യ സംയുക്ത സമിതി നിയമിച്ചത്.
Adjust Story Font
16