Quantcast

ബിജെപി വിദ്വേഷ വീഡിയോ; ജെ.പി നഡ്ഡയ്ക്കും അമിത് മാളവ്യക്കും ബെം​ഗളൂരു പൊലീസിന്റെ സമൻസ്

ബിജെപി കർണാടക കമ്മിറ്റി പ്രസിദ്ധീകരിച്ച വിദ്വേഷ വീഡിയോ നീക്കാൻ തെരഞ്ഞെടു​പ്പ് കമീ​ഷ​ൻ എക്സിനോട് നിർദേശിച്ചിരുന്നു.

MediaOne Logo

Web Desk

  • Updated:

    2024-05-08 12:17:12.0

Published:

8 May 2024 12:13 PM GMT

ബിജെപി വിദ്വേഷ വീഡിയോ; ജെ.പി നഡ്ഡയ്ക്കും അമിത് മാളവ്യക്കും ബെം​ഗളൂരു പൊലീസിന്റെ സമൻസ്
X

ബെംഗളൂരു: സമൂഹത്തിൽ വർഗീയ വിദ്വേഷം വളർത്തുന്ന വീഡിയോ പ്രചരിപ്പിച്ച കേസിൽ ബിജെപി അധ്യക്ഷൻ ജെ.പി നഡ്ഡയ്ക്കും പാർട്ടി ഐടി സെൽ മേധാവി അമിത് മാളവ്യക്കും ബെം​ഗളൂരു പൊലീസിന്റെ സമൻസ്. ബെംഗളൂരുവിലെ ഹൈഗ്രൗണ്ട്സ് പൊലീസ് സ്റ്റേഷനിലെ അന്വേഷണ ഉദ്യോഗസ്ഥനാണ് നേതാക്കൾക്ക് നോട്ടീസ് നൽകിയത്.

വീഡിയോയുമായി ബന്ധപ്പെട്ട് ഒരാഴ്ചയ്ക്കുള്ളിൽ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാവണമെന്ന് നോട്ടീസിൽ പറയുന്നു. കോൺഗ്രസ് മുസ്‍ലിം പ്രീണനം നടത്തുകയാ​ണെന്ന് ആരോപിക്കുന്ന ആനിമേഷൻ വീഡിയോ പ്രസിദ്ധീകരിച്ചതിലാണ് നടപടി.

ബിജെപി കർണാടക കമ്മിറ്റി പ്രസിദ്ധീകരിച്ച വിദ്വേഷ വീഡിയോ നീക്കാൻ തെരഞ്ഞെടു​പ്പ് കമീ​ഷ​ൻ മൈക്രോ ബ്ലോഗിങ് സൈറ്റായ എക്സിനോട് നിർദേശിച്ചതിനു തൊട്ടുപിന്നാലെയാണ് ബെം​ഗളൂരു പൊലീസ് ഇരു നേതാക്കൾക്കും നോട്ടീസ് നൽകിയത്.

നേരത്തെ, ഇരു നേതാക്കൾക്കും ബിജെപി കർണാടക ഘടകം അധ്യക്ഷൻ ബി.വൈ വിജയേന്ദ്രയ്‌ക്കുമെതിരെ ബെം​ഗളൂരു സിറ്റി പൊലീസ് കേസെടുത്തിരുന്നു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും മുഖ്യമന്ത്രി സിദ്ധരാമയ്യയും മുസ്‌ലിംകൾക്ക് വൻ തോതിൽ‌ ഫണ്ട് നൽകുന്നതായി കാണിച്ച് കർണാടക ബിജെപിയുടെ സോഷ്യൽമീഡിയ പേജിലാണ് 17 സെക്കൻഡ് ദൈർഘ്യമുള്ള വിവാദ വീഡിയോ പ്രസിദ്ധീകരിച്ചത്.

ബിജെപി കർണാടക ഘടകം ​മേയ് നാലിനാണ് വീഡിയോ പോസ്റ്റ് ചെയ്തത്. രാ​ഹുൽ ​ഗാന്ധിയും സിദ്ധരാമയ്യയും ഒരു പക്ഷിക്കൂട്ടിൽ മുസ്‌ലിം എന്ന് അടയാളപ്പെടുത്തിയ മുട്ട വയ്ക്കുന്നു, മുട്ട വിരിഞ്ഞ ശേഷം, രാഹുൽ ഗാന്ധി മുസ്‌ലിം കുഞ്ഞുങ്ങൾക്ക് ഫണ്ട് നൽകുകയും മറ്റുള്ളവർ അതിനായി പരിശ്രമിക്കുകയും ചെയ്യുന്നു എന്ന രീതിയിലാണ് വീഡിയോയിൽ ചിത്രീകരിച്ചിരിക്കുന്നത്.

സംഭവത്തിൽ മൂന്ന് നേതാക്കളടക്കമുള്ളവർക്കെതിരെ കർണാടക കോൺ​ഗ്രസ് നിയമകാര്യ ടീം അം​ഗം രമേശ് ബാബുവാണ് പൊലീസിൽ പരാതി നൽകിയത്. വിദ്വേഷ വീഡിയോയുമായി ബന്ധപ്പെട്ട് നേരത്തെ കോൺ​ഗ്രസ് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകിയിരുന്നു.

'ബിജെപിക്ക് സാമാന്യബുദ്ധി ഇല്ല. അവരുടെ ഉന്നത നേതൃത്വവും അങ്ങനെയാണ്. നിയമസഭാ തെരഞ്ഞെടുപ്പിൽ അവർ ഹിജാബും ബാങ്കുവിളിയും ഹലാലുമൊക്കെ പരീക്ഷിച്ചു. ആളുകൾ അംഗീകരിച്ചില്ല. ഇപ്പോഴിതാ അടുത്ത അടവുമായി ഇറങ്ങിയിരിക്കുന്നു. ഇത്തവണ അവർക്ക് ഇരട്ട അക്ക സീറ്റുകൾ പോലും വിജയിക്കില്ല'- എന്ന് ​ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡിയും പ്രതികരിച്ചിരുന്നു.

തെലങ്കാനയിൽ ഈ മാസമാദ്യം നടന്ന ഒരു റാലിയിൽ, താ​ൻ ജീ​വി​ച്ചി​രി​ക്കു​ന്ന കാല​ത്തോ​ളം എ​സ്.​സി-​ എ​സ്.​ടി വി​ഭാ​ഗ​ങ്ങ​ളു​​ടെ ചെ​ല​വി​ൽ മു​സ്‍ലിം​ക​ൾ​ക്ക് മ​ത​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ സം​വ​ര​ണം അ​നു​വ​ദി​ക്കി​ല്ലെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്രമോ​ദി പറഞ്ഞിരുന്നു. തെ​ല​ങ്കാ​ന​യി​ലെ മേ​ദ​ക് ജി​ല്ല​യി​ൽ നടന്ന തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മോദി. താൻ മൂ​ന്നാം ത​വ​ണ​ അധികാരത്തിലെത്തുമ്പോൾ ഭ​ര​ണ​ഘ​ട​ന​യു​ടെ 75ാം വാ​ർ​ഷി​കം വി​പു​ല​മാ​യി ആ​ഘോ​ഷി​ക്കു​മെ​ന്നും മോദി അവകാശപ്പെട്ടു.




TAGS :

Next Story