'ഉപാധികളില്ലാതെ ആർക്കും വരാം'; കങ്കണയുടെ രാഷ്ട്രീയ പ്രവേശത്തോട് പ്രതികരിച്ച് ബിജെപി
"തെരഞ്ഞെടുപ്പിൽ ആരു മത്സരിക്കണം എന്നു തീരുമാനിക്കേണ്ടത് പാർട്ടിയാണ്"
ന്യൂഡൽഹി: ഉപാധികളില്ലാതെ ആർക്കും പാർട്ടിയിലേക്ക് വരാമെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ. ആരു മത്സരിക്കണം, മത്സരിക്കേണ്ട എന്നു തീരുമാനിക്കുന്നത് പാർട്ടിയാണെന്നും അദ്ദേഹം പറഞ്ഞു. ബോളിവുഡ് നടി കങ്കണ റണൗട്ടിന്റെ രാഷ്ട്രീയ പ്രവേശവുമായി ബന്ധപ്പെട്ട് ആജ് തക് ചാനലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ബിജെപിയിലേക്ക് എല്ലാവർക്കും സ്വാഗതം. എന്തു നൽകണമെന്ന് പാർട്ടി തീരുമാനിക്കും. ഉപാധികളില്ലാതെ വരൂ. പാർട്ടി തീരുമാനിക്കട്ടെ. കങ്കണയ്ക്കും പാർട്ടിയിലേക്ക് സ്വാഗതം. തെരഞ്ഞെടുപ്പിൽ ആരു മത്സരിക്കണം എന്നു തീരുമാനിക്കേണ്ടത് പാർട്ടിയാണ്. താഴേത്തട്ടിൽനിന്നു തുടങ്ങി തെരഞ്ഞെടുപ്പ് സമിതിയിലൂടെ വന്ന് പാർലമെന്ററി ബോർഡ് കൈക്കൊള്ളേണ്ട തീരുമാനമാണത്' - അദ്ദേഹം പറഞ്ഞു.
ഹിമാചൽ പ്രദേശ് തെരഞ്ഞെടുപ്പിൽ പാർട്ടി വമ്പിച്ച വിജയം നേടുമെന്ന് നഡ്ഡ അവകാശപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ബിജെപിയാണ് തെരഞ്ഞെടുപ്പിലെ ട്രൻഡ് സെറ്ററെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നവംബർ 12നാണ് ഹിമാചൽ തെരഞ്ഞെടുപ്പ്.
വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മാണ്ഡിയിൽനിന്ന് മത്സരിക്കാനാണ് കങ്കണ ആഗ്രഹം പ്രകടിപ്പിച്ചിരുന്നത്. പഞ്ചായത്ത് ആജ് തക് ഹിമാചൽ പ്രദേശ് എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ. പ്രധാനമന്ത്രി നരേന്ദ്രമോദി ഇതിഹാസത്തിലെ മഹാപുരുഷാണ് എന്നും അവർ പറഞ്ഞിരുന്നു.
Adjust Story Font
16