പ്രതിപക്ഷത്തിന്റെ 44 നിർദേശങ്ങളും തള്ളി; വഖഫ് ബില്ലിന് ജെപിസി അംഗീകാരം
ബിജെപിയുടെ 22 ഭേദഗതികൾ ജെപിസി അംഗീകരിച്ചു.

ന്യൂഡൽഹി: വഖഫ് ബില്ലിന് ജോയിന്റ് പാർലമെന്ററി കമ്മിറ്റിയുടെ അംഗീകാരം. ബിജെപിയുടെ 22 ഭേദഗതികൾ അംഗീകരിച്ച ജെപിസി പ്രതിപക്ഷത്തിന്റെ 44 ഭേദഗതികളും തള്ളി. ഭേദഗതികളിൽ വോട്ടെടുപ്പ് നടത്തിയെന്നും 16 എംപിമാർ ബില്ലിനെ അനുകൂലിച്ചപ്പോൾ 10 എംപിമാർ എതിർത്തുവെന്നും ജെപിസി ചെയർമാൻ ജഗദാംബിക പാൽ പറഞ്ഞു. വഖഫ് ബില്ലുമായി ബന്ധപ്പെട്ട് ഇനി യോഗമുണ്ടാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ജെപിസി ചെയർമാൻ ഏകപക്ഷീയമായ നിലപാടാണ് സ്വീകരിച്ചതെന്ന് പ്രതിപക്ഷം ആരോപിച്ചു. ജനാധിപത്യത്തിന് ഇന്ന് മോശം ദിവസമായിരുന്നു. മുൻകൂട്ടി തീരുമാനിച്ച അജണ്ട നടപ്പാക്കുകയാണ് ജെപിസി ചെയർമാൻ ചെയ്തത്. പ്രതിപക്ഷത്തെ ഒന്നും സംസാരിക്കാൻ അനുവദിച്ചില്ല. പ്രതിപക്ഷം നിർദേശിച്ച ഭേദഗതികൾ ഒന്ന് വായിച്ചുനോക്കാൻ പോലും ജെപിസി ചെയർമാൻ തയ്യാറായില്ല. ബിജെപി നിർദേശിച്ച ഭേദഗതികൾ എന്താണെന്ന് പ്രതിപക്ഷത്തെ അറിയിക്കുകയും ചെയ്തില്ല. നിയമങ്ങളും നടപടിക്രമങ്ങളും പാലിക്കാതെയാണ് ബില്ലിന് അംഗീകാരം നൽകിയതെന്നും പ്രതിപക്ഷം ആരോപിച്ചു.
Adjust Story Font
16