Quantcast

'ജഡ്ജിമാര്‍ പൊതുമധ്യത്തില്‍ മതവിശ്വാസം വ്യക്തമാക്കരുത്': റിട്ട. ജസ്റ്റിസ് ഹിമ കോഹ്ലി

ചീഫ് ജസ്റ്റിസിന്റെ വസതിയിലെ പ്രധാനമന്ത്രിയുടെ സന്ദർശനവും പൂജയും സംബന്ധിച്ച വിവാദത്തിനിടെയാണ് ഹിമ കോഹ്ലിയുടെ പരോക്ഷ വിമർശനം

MediaOne Logo

Web Desk

  • Updated:

    2024-09-18 09:33:08.0

Published:

18 Sep 2024 9:01 AM GMT

ജഡ്ജിമാര്‍ പൊതുമധ്യത്തില്‍ മതവിശ്വാസം വ്യക്തമാക്കരുത്: റിട്ട. ജസ്റ്റിസ് ഹിമ കോഹ്ലി
X

ന്യൂഡൽഹി: ചീഫ് ജസ്റ്റിസിന്റെ വസതിയിലെ പ്രധാനമന്ത്രിയുടെ സന്ദർശനവും പൂജയും സംബന്ധിച്ച വിവാദത്തിൽ പരോക്ഷ വിമർശനവുമായി വിരമിച്ച സുപ്രിംകോടതി ജഡ്ജി ജസ്റ്റിസ് ഹിമ കോഹ്ലി. വിശ്വാസവും ആത്മീയതയും സ്വകാര്യതയാണെന്നും പൊതുസമൂഹത്തിന് മുന്നിൽ ജഡ്ജിമാർ മതവിശ്വാസം വ്യക്തമാക്കരുതെന്നും ഹിമ കോഹ്ലി പറഞ്ഞു. ഒരു അഭിമുഖത്തിനിടെയായിരുന്നു പ്രതികരണം.

ജഡ്ജിമാർ പൊതുമധ്യത്തിൽ മതപരമായ വിശ്വാസകാര്യങ്ങൾ വെളിപ്പെടുത്തരുത്. വിശ്വാസവും ആത്മീയതയും മതത്തിൽ നിന്ന് വളരെ വ്യത്യസ്തമാണെന്നാണ് ഞാൻ കരുതുന്നത്. അവ തമ്മില്‍ കൃത്യമായ വേര്‍തിരിവ് വേണം. പൊതുസഞ്ചയത്തിൽ മതവിശ്വാസം സ്വകാര്യമായി സൂക്ഷിക്കേണ്ട ഒന്നാണെന്നാണ് തന്റെ പക്ഷമെന്നും ഹിമ കോഹ്ലി പറഞ്ഞു.

എന്റെ മതവിശ്വാസം എനിക്കുള്ളിലും എന്റെ നാല് ചുവരിനകത്തും നിലനിൽക്കണം. ഒരു വ്യവസ്ഥിതിയുടെ ഭാഗമായി നിൽക്കുമ്പോൾ മനുഷ്യത്വവും ഭരണഘടനയുമാണ് നമ്മുടെ മതം. പരമാധികാര സോഷ്യലിസ്റ്റ് മതേതര ജനാധിപത്യ റിപ്പബ്ലിക് എന്നാൽ പൊതുമധ്യത്തിലുള്ള കാര്യങ്ങൾ വ്യത്യസ്ത സാമൂഹിക വർഗങ്ങളിലുള്ള ആളുകൾ ഉൾക്കൊള്ളണമെന്നാണ്. ഒരു ജഡ്ജിയുടെ വ്യക്തിപരമായ താല്പര്യങ്ങളും നിലപാടും നീതിന്യായ നിർവഹണത്തെ ബാധിക്കുമെന്ന തോന്നൽ പൊതുസമൂഹത്തിന് നല്‍കരുത്. പൊതുമധ്യത്തിൽ നീതിന്യായസംവിധാനവും ഭരണകൂടവും സംവദിക്കുന്ന സാഹചര്യങ്ങൾ ഉണ്ടാകാറുണ്ട്. അത് നീതിനിർവഹണത്തിന്റെ ഭാഗമാണെന്നും ഹിമ കോഹ്ലി പറഞ്ഞു.

ഗണേശ ചതുർത്ഥിയോടനുബന്ധിച്ച് സുപ്രിം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢിന്റെ വസതിയിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തത് വലിയ വിവാദമായിരുന്നു. പ്രതിപക്ഷമടക്കം വിമർശിച്ചതിനു പിന്നാലെ ന്യായീകരണവുമായി മോദി രംഗത്ത് വന്നിരുന്നു. താൻ ഗണപതി പൂജയിൽ പങ്കെടുത്തതിൽ കോൺഗ്രസ് അസ്വസ്ഥരാണെന്നും ഗണേശ പൂജയിൽ എല്ലാവരും പങ്കെടുക്കാറുണ്ടെന്നുമായിരുന്നു മോദിയുടെ പ്രതികരണം.

TAGS :

Next Story