ഹിന്ദുത്വവാദികള്‍ ട്രെയിന്‍ യാത്രക്കിടെ കൊലപ്പെടുത്തിയ ജുനൈദിന്‍റെ സഹോദരൻ കോൺഗ്രസിലേക്ക്
ജിഗ്നേഷ് മേവാനിയോടൊപ്പമാണ് കാസിം കോൺഗ്രസിൽ ചേരുന്നത്
ട്രെയിന്‍ യാത്രക്കിടയില്‍ ഹിന്ദുത്വവാദികള്‍ കൊലപ്പെടുത്തിയ ജുനൈദിന്‍റെ സഹോദരൻ കാസിം കോൺഗ്രസിൽ ചേരുന്നു. ബീഫ് കൈവശം വെച്ചെന്ന് ആരോപിച്ചായിരുന്നു കൊലപാതകം. ജിഗ്നേഷ് മേവാനിയോടൊപ്പമാണ് കാസിം കോൺഗ്രസിൽ ചേരുന്നത്. ട്രെയിൻ യാത്രക്കിടയിൽ 2017ലാണ് ജുനൈദിനെ ഗോരക്ഷക് ഗുണ്ടകള്‍ മർദ്ദിച്ചു കൊന്നത്.
"രാജ്യത്തിന്‍റെ അവസ്ഥ പരിതാപകരമാണ്. ആൾക്കൂട്ട കൊലപാതകങ്ങൾ നടക്കുന്നു. സർക്കാരിന്‍റെ ഭാഗത്ത് നിന്ന് പ്രതികൾക്ക് എതിരെ നടപടി ഒന്നുമില്ല. തെറ്റ് ചെയ്ത കുറ്റവാളികൾ ജയിലിൽ നിന്നിറങ്ങി സുഖമായി പുറത്തിറങ്ങി നടക്കുന്നു. രാജ്യത്തിനു വേണ്ടി നമുക്ക് ഒറ്റക്കെട്ടായി നിൽക്കണം"- കാസിം പറഞ്ഞു.
ഡൽഹിയിൽ നിന്നും ഹരിയാന അതിർത്തിയിലെ ഗ്രാമമായ വല്ലഭ്ഗഡിലെ തന്റെ വീട്ടിലേക്ക് പോകാൻ ട്രെയിനിൽ യാത്ര ചെയ്യവേയാണ് ഗോരക്ഷക് ഗുണ്ടകളുടെ കൊലക്കത്തിക്ക് ജുനൈദ് എന്ന പതിനാറുകാരൻ ഇരയായത്. നിസാമുദ്ദീനിൽ നിന്നും സഹോദരങ്ങൾക്കൊപ്പം യാത്ര ചെയ്യവെയാണ് ജുനൈദ് ക്രൂരമായി കൊല്ലപ്പെട്ടത്. ജുനൈദിന്റെ കൊലപാതകത്തിന് കാരണക്കാരായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനുള്ള പോരാട്ടം കുടുംബം തുടരുകയാണ്. ഇതുവരെ നീതി ലഭിച്ചില്ല, നാല് വര്‍ഷമായി കോടതി കയറിയിറങ്ങുകയാണെന്ന് ജുനൈദിന്റെ കുടുംബം പറയുന്നു.
കേസിൽ ആറു പേരെയാണ് അറസ്റ്റ് ചെയ്തത്. കേസിൽ സിബിഐ അന്വേഷണം വേണമെന്ന ജുനൈദിന്റെ കുടുംബത്തിന്റെ ആവശ്യം ഹൈക്കോടതി തള്ളി. 2018 ഒക്ടോബറോടെ കേസിലെ എല്ലാ പ്രതികളും ജാമ്യത്തിൽ പുറത്തിറങ്ങി. ഇതിനിടെ കോവിഡ് വ്യാപനം കൂടിയുണ്ടായതോടെ വിചാരണ നീണ്ടുപോവുകയാണ്.
Adjust Story Font
16