Quantcast

കൊൽക്കത്ത ബലാത്സം​ഗക്കൊല: മുഖ്യമന്ത്രിയുമായി ചർച്ചയ്ക്കൊരുങ്ങി ജൂനിയർ ഡോക്ടർമാർ

ചർച്ച തൽസമയം സംപ്രേഷണം ചെയ്യണം, ഡിജിപിയെ മാറ്റണം എന്നതുൾപ്പെടെയുള്ള ആറ് ആവശ്യങ്ങളും ‍‍ഡോക്ടർമാർ മുന്നോട്ടുവച്ചിട്ടുണ്ട്.

MediaOne Logo

Web Desk

  • Updated:

    2024-09-16 12:11:13.0

Published:

16 Sep 2024 11:18 AM GMT

Junior doctors ready to discussion with Chief Minister Mamata In Kolkata Rape Murder Case
X

കൊൽക്കത്ത: കൊൽക്കത്തയിലെ ആർ.ജി കാർ മെഡി. കോളജിലെ വനിതാ ഡോക്ടറുടെ കൊലപാതകത്തിൽ സർക്കാറുമായി ചർച്ചയ്ക്കൊരുങ്ങി ഡോക്ടർമാർ. മുഖ്യമന്ത്രി മമതാ ബാനർജി വിളിച്ച ചർച്ചയിൽ 30 ജൂനിയർ ഡോക്ടർമാർ പങ്കെടുക്കും. ഇന്ന് വൈകിട്ട് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലാണ് ചർച്ച.

ചർച്ച തൽസമയം സംപ്രേഷണം ചെയ്യണം, ഡിജിപിയെ മാറ്റണം എന്നതുൾപ്പെടെയുള്ള ആറ് ആവശ്യങ്ങളും ‍‍ഡോക്ടർമാർ മുന്നോട്ടുവച്ചിട്ടുണ്ട്. ഇവ അംഗീകരിച്ചില്ലെങ്കിൽ ചർച്ചയിൽനിന്ന് ഇറങ്ങിപ്പോകുമെന്നും ജൂനിയർ ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ മൂന്നുമാസമായി ഡോക്ടർമാരുമായി സമവായത്തിനു ശ്രമിച്ചുവരികയായിരുന്നു മമത. എന്നാൽ ഡോക്ടർമാർ സമരവുമായി മുന്നോട്ടുപോവുകയായിരുന്നു. ഒടുവിൽ മെഡിക്കൽ കോളജിലേക്ക് മമത നേരിട്ടെത്തുകയും തുറന്ന മനസോടെ ചർച്ചയ്ക്ക് പങ്കെടുക്കണമെന്ന് ആവശ്യപ്പെടുകയും ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കാമെന്ന് ഉറപ്പുനൽകുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഡോക്ടർമാർ വഴങ്ങിയത്.

‌ജൂനിയർ ഡോക്ടർമാർക്ക് പിന്തുണ അറിയിച്ച് സീനിയർ ഡോക്ടർമാർ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ചർച്ചയിൽ പങ്കെടുക്കുമെന്ന് ജൂനിയർ ഡോക്ടർമാർ അറിയിച്ചത്. ബലാത്സം​ഗക്കൊലയിൽ ഡോക്ടർമാരുടെ സമരം തുടരുന്ന സാഹചര്യത്തിൽ ആരോഗ്യമേഖലയാകെ തകിടംമറിയുകയും സർക്കാരിന് സമ്മർദം ശക്തമാവുകയും ചെയ്തതോടെയാണ് ചർച്ചാനീക്കവുമായി മമത രംഗത്തുവന്നത്.

ഡോക്ടറുടെ ബലാത്സംഗക്കൊല രാഷ്ട്രീയ ആയുധമാക്കിയും മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ടും ബിജെപി രംഗത്തെത്തിയിരുന്നു. വനിതാ ഡോക്ടറുടെ കൊലപാതകത്തിൽ അറസ്റ്റിലായ ആർ.ജി കാർ ആശുപത്രി മുൻ പ്രിൻസിപ്പല്‍ സന്ദീപ് ഘോഷ് അന്വേഷണം അട്ടിമറിക്കാൻ ശ്രമിച്ചെന്നും എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ വൈകിപ്പിച്ചെന്നും മൃതദേഹം സംസ്കരിക്കാൻ തിടുക്കം കാട്ടിയെന്നും വ്യക്തമാക്കുന്ന സിബിഐ റിപ്പോർട്ട് പുറത്തുവന്നിരുന്നു.

തെളിവ് നശിപ്പിക്കൽ, ക്രിമിനൽ ഗൂഢാലോചന, തുടങ്ങിയ വകുപ്പുകൾ ചുമത്തി കഴിഞ്ഞദിവസമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതി സഞ്ജയ് റോയ് അറസ്റ്റിലായി 35 ദിവസങ്ങൾക്ക് ശേഷമാണ് കേസിൽ രണ്ട് അറസ്റ്റുകൾ കൂടി ഉണ്ടാകുന്നത്. അതേസമയം, കേസ് സുപ്രിംകോടതി നാളെ വീണ്ടും പരിഗണിക്കും.

TAGS :

Next Story