Quantcast

'രാത്രി സത്യവാങ്മൂലം, രാവിലെ പത്രങ്ങളിൽ വായിച്ചു'; ബിൽകീസ് ബാനു കേസിൽ ചോദ്യങ്ങളുയർത്തി സുപ്രിംകോടതി

കേസിൽ 11 കുറ്റവാളികളെയാണ് ഗുജറാത്ത് സർക്കാർ ശിക്ഷാകാലാവധി കഴിയും മുമ്പ് ജയിൽമോചിതരാക്കിയത്

MediaOne Logo

Web Desk

  • Published:

    18 Oct 2022 10:33 AM GMT

രാത്രി സത്യവാങ്മൂലം, രാവിലെ പത്രങ്ങളിൽ വായിച്ചു; ബിൽകീസ് ബാനു കേസിൽ ചോദ്യങ്ങളുയർത്തി സുപ്രിംകോടതി
X

ന്യൂഡൽഹി: ബിൽകീസ് ബാനു കേസ് പ്രതികളെ ജയിൽ മോചിതരാക്കാനുള്ള തീരുമാനത്തിനെതിരെ സമർപ്പിക്കപ്പെട്ട ഹർജിയിൽ ഗുജറാത്ത് സർക്കാറിനെ വിമർശിച്ച് സുപ്രിംകോടതി. രാത്രി കനത്ത സത്യവാങ്മൂലം സമർപ്പിച്ച് രാവിലെ അത് പത്രങ്ങളിൽ വായിക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് വിഷയം പരിഗണിച്ച ജസ്റ്റിസ് അജയ് റസ്‌തോഗി, ജസ്റ്റിസ് സി.ടി രവികുമാർ എന്നിവരങ്ങുന്ന ബഞ്ച് വിമർശിച്ചു.

'മറുപടി സത്യവാങ്മൂലത്തിൽ എന്തിനാണ് ഒരുപാട് വിധികൾ പരാമർശിക്കുന്നത്. എവിടെയാണ് വസ്തുതാപരമായ വശങ്ങൾ? വിവേചനാധികാരം ഉപയോഗിക്കാനുള്ള അധികാരം എവിടെ നിന്നാണ്? കൂടുതൽ വിധിന്യായങ്ങളൊന്നും പറയേണ്ടതില്ല. ഞങ്ങളിത് വായിക്കും മുമ്പെ മാധ്യമങ്ങളിൽ വായിച്ചു' - ജസ്റ്റിസ് റസ്‌തോഗി പറഞ്ഞതായി എൻഡിടിവി ഹിന്ദി റിപ്പോർട്ടു ചെയ്തു.

ഗുജറാത്ത് സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ മറുപടി നൽകാൻ സമയം വേണമെന്ന് ഹർജിക്കാർക്കു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ആവശ്യപ്പെട്ടു. ഗുജറാത്ത് സർക്കാറിനു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത, ക്രിമിനൽ കേസുകളിൽ അപരിചിതർക്ക് എന്താണ് കാര്യമെന്നു ചോദിച്ചു. ഹർജിക്കാർക്ക് കേസുമായി ബന്ധമില്ലെന്നും അദ്ദേഹം വാദിച്ചു. കേസ് നവംബർ 29ന് വീണ്ടും പരിഗണിക്കും.

ബിൽകീസ് ബാനു കേസിൽ 11 കുറ്റവാളികളെയാണ് ഗുജറാത്ത് സർക്കാർ ശിക്ഷാകാലാവധി കഴിയും മുമ്പ് ജയിൽമോചിതരാക്കിയത്. സർക്കാർ തീരുമാനത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ദിവസം അനുമതി നൽകുകയും ചെയ്തു.

ബിൽകീസ് ബാനു കേസ്

2002ലെ ഗുജറാത്ത് വംശഹത്യയിൽ ഏറെ ശ്രദ്ധ നേടിയ സംഭവമാണ് ബിൽകീസ് ബാനു കേസ്. അന്നു ഗർഭിണിയായ 21കാരി ബിൽകീസ് ബാനുവിനെ കുടുംബാംഗങ്ങൾക്ക് മുന്നിലിട്ട് കൂട്ടബലാത്സംഗം ചെയ്യുകയും ഏഴ് കുടുംബാംഗങ്ങളെ നിഷ്‌കരുണം കൊലപ്പെടുത്തുകയുമായിരുന്നു. കൊല്ലപ്പെട്ടവരിൽ ബിൽകീസ് ബാനുവിന്റെ പിഞ്ചുകുഞ്ഞുമുണ്ടായിരുന്നു. അഞ്ചുമാസം ഗർഭിണിയായിരുന്ന ബിൽകീസ് ബാനു മരിച്ചുവെന്നു കരുതിയാണ് അക്രമിസംഘം സ്ഥലംവിട്ടത്.

കേസിൽ കോടതി ജീവപര്യന്തം തടവിനുശിക്ഷിച്ച 11 പേരെയാണ് ഇത്തവണ സ്വാതന്ത്ര്യദിനത്തിൽ ഗുജറാത്ത് സർക്കാർ വെറുതെവിട്ടത്. ബിൽക്കീസ് ബാനു നടത്തിയ വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് 2008 ജനുവരി 21ന് മുംബൈയിലെ സി.ബി.ഐ കോടതി 11 പേരെ കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ബിൽക്കീസിന് 50 ലക്ഷം രൂപ നഷ്ടപരിഹാരവും സർക്കാർ ജോലിയും വീടും നൽകാൻ സുപ്രിംകോടതി സംസ്ഥാന സർക്കാരിനോട് ഉത്തരവിടുകയും ചെയ്തിരുന്നു.

എന്നാൽ, 15 വർഷത്തെ ജയിൽവാസത്തിനുശേഷം പ്രതികളിലൊരാൾ ജയിൽമോചനം ആവശ്യപ്പെട്ട് സുപ്രിംകോടതിയെ സമീപിച്ചു. തുടർന്ന് ശിക്ഷാ ഇളവ് സംബന്ധിച്ച വിഷയം പരിശോധിക്കാൻ ഗുജറാത്ത് സർക്കാരിനോട് സുപ്രിംകോടതി നിർദേശിച്ചു. സർക്കാർ ഇതിനായി ഒരു കമ്മിറ്റി രൂപീകരിക്കുകയും 11 പ്രതികളെയും വിട്ടയക്കാൻ ഈ കമ്മിറ്റി ഏകകണ്ഠമായി ശിപാർശ ചെയ്യുകയുമുണ്ടായി. ഈ ശിപാർശ അംഗീകരിച്ചാണ് ഗുജറാത്ത് സർക്കാർ മുഴുവൻ പ്രതികളെയും വിട്ടയയ്ക്കാൻ ഉത്തരവിറക്കിയത്.

TAGS :

Next Story