ഭരണകൂടത്തിന്‍റെ നുണകൾ തുറന്നുകാണിക്കൽ പൊതുജനങ്ങളുടെ കടമ- ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്
സമഗ്രാധിപത്യ ഭരണകൂടം അധികാരത്തിനായി നുണകൾ പ്രചരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഭരണകൂടത്തിന്‍റെ നുണകൾ തുറന്നുകാണിക്കൽ പൊതുജനങ്ങളുടെ കടമയെന്ന് സുപ്രീം കോടതി ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്.
യാഥാർഥ്യമറിയാൻ വേണ്ടി ഭരണകൂടത്തെ മാത്രം ആശ്രയിക്കുന്നത് ശരിയല്ല. സമഗ്രാധിപത്യ ഭരണകൂടം അധികാരത്തിനായി നുണകൾ പ്രചരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വ്യാജവാർത്തകൾ കൂടുന്നതിൽ സോഷ്യൽ മീഡിയക്കും ഉത്തരവാദിത്തമുണ്ടെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു. ജസ്റ്റിസ് എം.സി ചഗ്‌ലി അനുസ്മരണ പ്രഭാഷണത്തിലാണ് ചന്ദ്രചൂഡിന്റെ പരാമർശം. കോവിഡ് വിവരങ്ങളിൽ പലരാജ്യങ്ങളും കൃത്രിമം കാണിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ലോകാരാഗ്യ സംഘടന ഇത്തരത്തിൽ വ്യാജ വാർത്തകൾക്കെതിരേ ജാഗ്രത പുലർത്തണമെന്ന് അറിയിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഫേസ്ബുക്ക്, ട്വിറ്റർ തുടങ്ങിയ സമൂഹ മാധ്യമ കമ്പനികൾ വ്യാജ വാർത്തകൾക്കെതിരേ വലിയൊരു റോൾ നിർവഹിക്കാനുണ്ടെന്നും അതേസമയം അതിനേക്കാൾ കൂടുതൽ രാജ്യത്തെ എല്ലാ പൗരൻമാർക്കും ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാലയങ്ങളിൽ തന്നെ ശരിയായ വാർത്തയും തെറ്റായ വാർത്തയും തിരിച്ചറിയാനുള്ള അവസരമുണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Adjust Story Font
16