ജന്തർ മന്തറിലിരുന്നാൽ നീതി കിട്ടില്ല, 90 ശതമാനം താരങ്ങളും എനിക്കൊപ്പമുണ്ട്- ബ്രിജ് ഭൂഷൺ
കോൺഗ്രസ് പിന്തുണയോടെയാണ് ചില കുടുംബങ്ങൾ തനിക്കെതിരെ ആരോപണമുന്നയിക്കുന്നതെന്നും ബ്രിജ് ഭൂഷൺ ആരോപിച്ചു
ന്യൂ ഡൽഹി: റെസ്‌ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്‌ഐ) തലവൻ ബ്രിജ് ഭൂഷൺ സിങ്ങിനെതിരായ ലൈംഗികാരോപണ പരാതിയിൽ പ്രതിഷേധം ശക്തമാവുന്നതിനിടയിൽ താരങ്ങൾക്കെതിരെ വീണ്ടും ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ. ജന്തർ മന്തറിലിരുന്നാൽ നീതി കിട്ടില്ലെന്നും 90% താരങ്ങളും തനിക്കൊപ്പമുണ്ടെന്നും ബ്രിജ് ഭൂഷൺ പറഞ്ഞു. കോൺഗ്രസ് പിന്തുണയോടെയാണ് ചില കുടുംബങ്ങൾ തനിക്കെതിരെ ആരോപണമുന്നയിക്കുന്നതെന്നും ബ്രിജ് ഭൂഷൺ ആരോപിച്ചു.
ഗുസ്തി താരങ്ങളുടെ ലൈംഗിക പീഡന പരാതിയിൽ ഡല്‍ഹി പൊലീസ് കേസെടുത്തതിനു പിന്നാലെ താന്‍ നിരപരാധിയാണെന്നും ഫെഡറേഷൻ അധ്യക്ഷൻ സ്ഥാനം രാജിവയ്ക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഇതിനിടെ സമരം ചെയ്യുന്ന ഗുസ്തി തരങ്ങളെ വിമർശിച്ച് ഒളിമ്പിക്സ് മെഡൽ ജേതാവ് യോഗേശ്വർ ദത്ത് രംഗത്ത് എത്തിയിരിക്കുകയാണ്. നടപടി വേണമെങ്കിൽ താരങ്ങൾ മൂന്ന് മാസം മുൻപ് തന്നെ പൊലീസിൽ പരാതിപ്പെടണമായിരുന്നു, പരാതി നൽകാതെ വീട്ടിൽ ഇരുന്നാൽ പൊലീസ് നടപടി എടുക്കില്ലെന്നാണ് യോഗേശ്വരിന്‍റെ വിമർശനം. ഗുസ്തി താരങ്ങളുടെ പരാതി അന്വേഷിക്കാൻ നിയോഗിച്ച സമിതിയിൽ അംഗമായിരുന്നു യോഗേശ്വർ ദത്ത്.
ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷണെ അറസ്റ്റ ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഗുസ്തി താരങ്ങളുടെ സമരം എട്ടാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. പ്രതിഷേധം തുടരുമ്പോഴും രാജിവെക്കില്ലെന്ന നിലപാടിലാണ് ബ്രിജ് ഭൂഷൺ. ഗുസ്തികാർക്ക് ഓരോ ദിവസവും ഓരോ ആവശ്യങ്ങളാണെന്നും ബ്രിജ് ഭൂഷൺ കുറ്റപെടുത്തി. ഇന്നലെ ബ്രിജ് ഭൂഷണിനെതിരെ പൊലീസ് കേസ് എടുത്തിരുന്നു.
Adjust Story Font
16