ഇന്ത്യയുടെ 49-ാം ചീഫ് ജസ്റ്റിസായി ജസ്റ്റിസ് യു.യു ലളിത്; സത്യപ്രതിജ്ഞ ചെയ്തു
രാഷ്ട്രപതിഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു
ന്യൂഡൽഹി: ഇന്ത്യയുടെ 49-ാം ചീഫ് ജസ്റ്റിസായി ജസ്റ്റിസ് യു.യു ലളിത് സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതിഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. ചീഫ് ജസ്റ്റിസായിരുന്ന എൻ.വി രമണ വിരമിച്ചതോടെയാണ് ജസ്റ്റിസ് യു.യു ലളിത് അധികാരമേറ്റത്.
ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് എന്ന നിലയിൽ പ്രവർത്തിക്കുന്ന 74 ദിവസങ്ങളിൽ താൻ പ്രവർത്തിക്കാനുദ്ദേശിക്കുന്ന മൂന്ന് മേഖലകൾ ജസ്റ്റിസ് യു.യു ലളിത് ഉയർത്തിക്കാട്ടിയിരുന്നു. സുപ്രിംകോടതിയിൽ വർഷം മുഴുവനും കുറഞ്ഞത് ഒരു ഭരണഘടനാ ബെഞ്ചെങ്കിലും പ്രവർത്തിക്കുമെന്ന് ഉറപ്പാക്കും. സുപ്രിം കോടതിയിൽ കേൾക്കാനുള്ള കേസുകൾ ലിസ്റ്റ് ചെയ്യുന്നതും അടിയന്തിര കാര്യങ്ങൾ പരാമർശിക്കുന്നതുമാണ് അടുത്ത രണ്ട് കാര്യങ്ങളെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം സ്ഥാനമൊഴിഞ്ഞ ചീഫ് ജസ്റ്റിസ് എൻ.വി രമണക്ക് യാത്രയയപ്പ് നൽകാൻ സുപ്രിംകോടതി ബാർ അസോസിയേഷൻ (എസ്‌സിബിഎ) സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കവെയാണ് ലളിത് ഇക്കാര്യം പറഞ്ഞത്.
ഭരണഘടനാ ബെഞ്ചുകൾക്ക് മുമ്പാകെയുള്ള കേസുകൾ ലിസ്റ്റ് ചെയ്യുന്നതും മൂന്നംഗ ബെഞ്ചുകളിലേക്ക് പ്രത്യേകമായി റഫർ ചെയ്യുന്ന വിഷയങ്ങളുമാണ് താൻ പ്രവർത്തിക്കാൻ ഉദ്ദേശിക്കുന്ന മറ്റ് മേഖലകളെന്നും ജസ്റ്റിസ് ലളിത് പറഞ്ഞു.
അഭിഭാഷകരുടെ ഇടയിൽനിന്ന് സുപ്രിംകോടതി ജഡ്ജിയായി നിയമിക്കപ്പെട്ട ശേഷം ചീഫ് ജസ്റ്റിസായി ഉയർത്തപ്പെടുന്ന രണ്ടാമത്തെയാളാണ് ജസ്റ്റിസ് ഉദയ് ഉമേഷ് ലളിത്. രാജ്യത്തെ പ്രമുഖ ക്രിമിനൽ അഭിഭാഷകനായിരിക്കെ 2014 ആഗസ്റ്റിലാണ് സുപ്രിംകോടതി ജഡ്ജിയായി നിയമിക്കപ്പെട്ടത്. ചീഫ് ജസ്റ്റിസ് പദവിയിൽ 74 ദിവസം സേവനകാലാവധിയുണ്ട്. നവംബർ എട്ടിന് വിരമിക്കും.
Adjust Story Font
16