വസതിയിൽ നിന്ന് പണം കണ്ടെത്തിയ സംഭവം; ജസ്റ്റിസ് യശ്വന്ത് വർമയെ സ്ഥലംമാറ്റി
അലഹബാദ് ഹൈക്കോടതിയിലേക്കാണ് സ്ഥലംമാറ്റിയത്.

ന്യൂഡൽഹി: വസതിയിൽ നിന്ന് പണം കണ്ടെത്തിയ സംഭവത്തിൽ ജസ്റ്റിസ് യശ്വന്ത് വർമയെ സ്ഥലംമാറ്റി. സുപ്രിംകോടതി കൊളീജിയം ശിപാർശ കേന്ദ്ര സർക്കാർ അംഗീകരിച്ചു. അലഹബാദ് ഹൈക്കോടതിയിലേക്കാണ് സ്ഥലംമാറ്റിയത്.
അതേസമയം യശ്വന്ത് വർമക്കെതിരെ ഉടൻ കേസെടുക്കണമൈന്ന ആവശ്യം സുപ്രിംകോടതി തള്ളി. ആഭ്യന്തര അന്വേഷണ സമിതിയുടെ റിപ്പോർട്ട് ലഭിച്ചതിന് ശേഷം നടപടി സ്വീകരിക്കാമെന്ന് ജസ്റ്റിസ് അഭയ് എസ്. ഓഖ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
യശ്വന്ത് വർമക്കെതിരായ അന്വേഷണത്തിന് മൂന്നംഗ സമിതിയെയാണ് സുപ്രിംകോടതി രൂപീകരിച്ചിരിക്കുന്നത്. പഞ്ചാബ്-ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഷീൽ നാഗു, ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജി.എസ്. സന്ധാവാലിയ, കർണാടക ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അനു ശിവരാമൻ എന്നിവരാണ് അംഗങ്ങൾ. അന്വേഷണം നടക്കുന്ന സാഹചര്യത്തിൽ ജസ്റ്റിസ് യശ്വന്ത് വർമയെ ജുഡീഷ്യൽ ജോലികളിൽനിന്ന് മാറ്റിനിർത്തണമെന്ന് ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു.
ഒരാഴ്ച മുമ്പ് ജസ്റ്റിസ് യശ്വന്ത് വർമയുടെ വസതിയിലുണ്ടായ തീപ്പിടിത്തത്തെത്തുടർന്ന് തീ കെടുത്താൻ സ്ഥലത്തെത്തിയ അഗ്‌നിശമന സേനാംഗങ്ങളാണ് പണം കണ്ടെത്തിയത്. മാർച്ച് 14-ന് രാത്രി 11.35-നാണ് ജഡ്ജിയുടെ വീട്ടിൽ തീപ്പിടിത്തമുണ്ടായത്. അലഹാബാദുകാരനായ ജസ്റ്റിസ് വർമ അപ്പോൾ വീട്ടിലുണ്ടായിരുന്നില്ല. കണക്കിൽപ്പെടാത്ത 15 കോടി രൂപയാണ് കണ്ടെത്തിയതെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്.
Adjust Story Font
16