കോൺഗ്രസിലെ പ്രശ്‌നം: അനുനയ നീക്കവുമായി കെ.സി വേണുഗോപാൽ; കെ.സുധാകരനെയും എം.പിമാരെയും ചർച്ചക്ക് വിളിച്ചു
ഹൈക്കമാൻഡ് നിർദ്ദേശപ്രകാരമാണ് നടപടി. ഇന്ന് വൈകുന്നേരം ചർച്ച നടന്നേക്കും
കോൺഗ്രസിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ അനുനയ നീക്കവുമായി നേതൃത്വം. കെ. സുധാകരനയും എംപിമാരെയും കെ.സി വേണുഗോപാൽ ചർച്ചക്ക് വിളിച്ചു. ഹൈക്കമാൻഡ് നിർദ്ദേശപ്രകാരമാണ് നടപടി. ഇന്ന് വൈകുന്നേരം ചർച്ച നടന്നേക്കും. ഏഴ് എംപിമാർ പരാതി അറിയിച്ചതിനെ തുടർന്നാണ് നടപടി.
നേതൃത്വത്തിന് എതിരായ പരസ്യവിമർശനത്തിൽ എം.കെ. രാഘവനും കെ മുരളീധരനും കെപിസിസി താക്കീത് നൽകിയിരുന്നു. ഇതാണ് പ്രശ്‌നങ്ങൾ കൂടുതൽ വഷളാക്കിയത്. എംപിമാർ മുരളീധരന് പിന്തുണയർപ്പിച്ചതോടെയാണ് ഹൈക്കമാൻഡ് അനുനയ നീക്കത്തിന് ഒരുങ്ങിയത്.
അതേസമയം, താൻ ഇന്നലെ പറഞ്ഞതിൽ നിന്ന് മാറ്റമില്ലെന്നും ചർച്ചകൾ നടക്കട്ടെ എന്നും മുരളീധരൻ പറഞ്ഞു. എല്ലാം പാർട്ടിക്ക് വിട്ടുകൊടുക്കുന്നു, ചർച്ച നടന്നാൽ മാത്രമേ പ്രശ്‌ന പരിഹാരം ഉണ്ടാകുമോ എന്ന് പറയാൻ കഴിയൂ എന്നും പ്രശ്‌നങ്ങൾ പരിഹരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മുരളീധരൻ കൂട്ടിച്ചേർത്തു.
കോൺഗ്രസ് നേതൃത്വത്തിനെതിരെ കടുത്ത നിലപാടുമായി കഴിഞ്ഞ ദിവസം കെ. മുരളീധരൻ രംഗത്തെത്തിയിരുന്നു. പാർട്ടിക്കകത്ത് പ്രവർത്തിക്കുകയാണെങ്കിൽ അഭിപ്രായം പറയുന്നത് തുടരും. സേവനം ആവശ്യമില്ലെങ്കിൽ പറഞ്ഞാൽ മതി പാർട്ടി പ്രവർത്തനം അവസാനിപ്പിക്കാം. അച്ചടക്ക നടപടിയുമായി ബന്ധപ്പെട്ട് കെപിസിസി കത്ത് നൽകിയിട്ടില്ല. അച്ചടക്ക നടപടിയെടുത്താൽ അപ്പോൾ പ്രതികരിക്കാമെന്നും മുരളീധരൻ പറഞ്ഞു.
''ഇപ്പോൾ കത്തയച്ചാൽ കിട്ടാൻ വലിയ പണിയൊന്നുമില്ലല്ലോ... വാട്ട്‌സ്ആപ്പിലൊന്നും നോക്കീട്ട് കണ്ടില്ല. ഇനി അഥവാ പാർട്ടി പ്രവര്ത്തനം നിർത്തണം എന്നാണെങ്കിൽ അത് പറഞ്ഞാൽ മതി. നിർത്താൻ തയ്യാറാണ്. പാർട്ടിക്കകത്ത് പ്രവർത്തിക്കുന്ന സമയത്ത് അഭിപ്രായം പറയും. അഭിപ്രായങ്ങൾ പറയാൻ പാടില്ല എന്നുണ്ടെങ്കിൽ അത് അറിയിച്ചാൽ മതി. പിന്നെ വായ തുറക്കില്ല''- മുരളീധരൻ പറഞ്ഞു
കോൺഗ്രസ് പാർലമെൻററി പാർട്ടി സെക്രട്ടറിയായ എം.കെ രാഘവനും മുൻ കെപിസിസി അധ്യക്ഷൻ കൂടിയായ കെ മുരളീധരനും ഇടഞ്ഞു നിൽക്കുന്നത് കേന്ദ്ര നേതൃത്വത്തിനും തലവേദന സൃഷ്ടിച്ചിട്ടുണ്ട്. ഇതോടെയാണ് കേന്ദ്ര നേതൃത്വത്തിൻറെ പെട്ടെന്നുള്ള ഇടപെടലുണ്ടായത്.
Adjust Story Font
16