Quantcast

മദ്യനയ കേസിലെ നോട്ടീസ് പിന്‍വലിക്കണമെന്ന് സി.ബി.ഐയോട് ആവശ്യപ്പെട്ട് കെ കവിത

പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ തെലങ്കാനയില്‍ തന്റെ വ്യക്തിപരമായ സാന്നിധ്യം ആവശ്യമാണെന്ന് സി.ബി.ഐക്ക് അയച്ച കത്തില്‍ കവിത ചൂണ്ടിക്കാട്ടി.

MediaOne Logo

Web Desk

  • Updated:

    2024-02-26 05:25:10.0

Published:

26 Feb 2024 5:13 AM GMT

K Kavita_Member of Telangana Legislative Council
X

ഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനായി സി.ബി.ഐ നല്‍കിയ നോട്ടീസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഭാരത് രാഷ്ട്ര സമിതി നേതാവും തെലുങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖരറാവുവിന്റെ മകളുമായ കെ കവിത. തിങ്കളാഴ്ച ഡല്‍ഹിയില്‍ സി.ബി.ഐ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ കവിതയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് കവിത സി.ബി.ഐയോട് നോട്ടീസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കത്തയച്ചത്.

പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ തെലങ്കാനയില്‍ തന്റെ വ്യക്തിപരമായ സാന്നിധ്യം ആവശ്യമാണെന്നാണ് സി.ബി.ഐക്ക് അയച്ച കത്തില്‍ കവിത ചൂണ്ടിക്കാട്ടിയത്. കൂടാതെ ഇന്ന് ഹാജരാകാന്‍ കഴിയില്ലെന്നും കവിത കത്തില്‍ വ്യക്തമാക്കി.

സെക്ഷന്‍ 160 സി.ആര്‍.പി.സി പ്രകാരം നേരത്തെ അയച്ച നോട്ടീസിനെക്കുറിച്ച് അറിയാത്ത സാഹചര്യത്തില്‍, സെക്ഷന്‍ 41 എ സി.ആര്‍.പി.സി പ്രകാരമുള്ള സബ്ജക്റ്റ് നോട്ടീസ് ആദ്യം പിന്‍വലിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. സെക്ഷന്‍ 41 എ സി.ആര്‍.പി.സി പ്രകാരമുള്ള നോട്ടീസ് 2022 ഡിസംബര്‍ 2 ന് തനിക്ക് നല്‍കിയ സെക്ഷന്‍ 160 പ്രകാരമുള്ള നോട്ടീസിന് വിരുദ്ധമാണെന്ന് കവിത കത്തില്‍ പറയുന്നു. ഏത് സാഹചര്യത്തിലാണ് സെക്ഷന്‍ 41 എ സി.ആര്‍.പി.സി ചേര്‍ത്തത് എന്നതിന് കാരണമോ പശ്ചാത്തലമോ ഇല്ല എന്നും കത്തില്‍ വിശദമാക്കിയിട്ടുണ്ട്.

കേസ് സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെ സി.ആര്‍.പി.സി 41 എ വകുപ്പ് സി.ബി.ഐ ഇപ്പോള്‍ തിരഞ്ഞെടുത്തത് എന്തുകൊണ്ടാണെന്ന കാര്യത്തില്‍ വ്യക്തതയില്ലയെന്നും കവിത ചൂണ്ടിക്കാട്ടി. രണ്ടാം തവണയാണ് കവിതയെ ചോദ്യം ചെയ്യലിന് വിളിപ്പിക്കന്നത്. കഴിഞ്ഞ ഡിസംബറില്‍ ഇവരെ സി.ബി.ഐ ചോദ്യം ചെയ്തിരുന്നു.

അതേസമയം മദ്യനയ കേസില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റ് നോട്ടീസ് അയച്ചിരുന്നുവെങ്കിലും ഹാജരായിരുന്നില്ല. ആറാം തവണയാണ് കെജ്‌രിവാൾചോദ്യം ചെയ്യലിന് ഹാജരാകാതിരിക്കുന്നത്. ഫെബ്രുവരി ഏഴിന് ഹാജരാകണമെന്നായിരുന്നു നിര്‍ദേശം.

കഴിഞ്ഞ നാല് മാസത്തിനിടെ ആറ് സമന്‍സുകളാണ് ഇ.ഡി കെജ്‌രിവാളിന് അയച്ചത്. രാഷ്ട്രീയ പ്രേരിതമെന്ന് ആരോപിച്ച് കെജ്‌രിവാൾ നോട്ടീസുകള്‍ തള്ളുകയായിരുന്നു. 2021-2022ലേയും ഡല്‍ഹി സര്‍ക്കാരിന്റെ മദ്യ നയത്തില്‍ പക്ഷപാതപരമായ കൃത്രിമം നടന്നു എന്ന ആരോപണമാണ് കേസിന് ആധാരം.

TAGS :

Next Story