Quantcast

ഡല്‍ഹി മദ്യനയ കേസ്; കവിതയ്ക്ക് എ.എ.പി.പിയുമായി 100 കോടി രൂപയുടെ ഇടപാട്

അഴിമതിയിലൂടെ മൊത്തക്കച്ചവടക്കാരില്‍ നിന്ന് കൈക്കൂലി വാങ്ങിയ അനധികൃത പണമാണ് എ.എപിയിലേക്ക് എത്തിയതെന്ന് ഇ.ഡി പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2024-03-19 10:44:39.0

Published:

19 March 2024 10:38 AM GMT

BRS Leader K.Kavitha & Delhi CM Aravind Kejriwal
X

ഡല്‍ഹി: ബി.ആര്‍.എസ് നേതാവ് കെ. കവിത മദ്യനയ ആനുകൂല്യങ്ങളുമായി ബന്ധപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയയും ഉള്‍പ്പടെ എ.എ.പിയുടെ ഉന്നത നേതാക്കളുമായി ഗൂഢാലോചന നടത്തിയതായി ഇ.ഡി അന്വേഷണത്തില്‍ കണ്ടെത്തി. കവിത എ.എ.പി നേതാക്കള്‍ക്ക് 100 കോടി രൂപ നല്‍കിയതായും അന്വേഷണ ഏജന്‍സി അറിയിച്ചു.

അഴിമതിയിലൂടെ മൊത്തക്കച്ചവടക്കാരില്‍ നിന്ന് കൈക്കൂലി വാങ്ങിയ അനധികൃത പണമാണ് എ.എപിയിലേക്ക് എത്തിയതെന്ന് ഇ.ഡി പറഞ്ഞു. കൂടുതല്‍ ലാഭമുണ്ടാക്കാന്‍ വേണ്ടിയാണ് കവിതയും സഹായികളും എ.എ.പിക്ക് മുന്‍കൂറായി പണം നല്‍കിയതെന്നും ഇ.ഡി ആരോപിച്ചു.

കള്ളപ്പണം വെളുപ്പിക്കല്‍ നിയമ പ്രകാരം കവിത മദ്യനയക്കേസിലെ പ്രധാന കണ്ണിയും ഗുണഭോക്താവുമാണെന്ന് ചൂണ്ടിക്കാട്ടി കവിതയെ റിമാന്‍ഡ് ചെയ്യാന്‍ കോടതിയോട് ആവശ്യപ്പെട്ടു.

കവിത കുറ്റക്കാരിയല്ലെന്നും തെലങ്കാനയില്‍ ബി.ജെ.പിക്ക് അധികാരം ലഭിക്കാത്തതില്‍ കേന്ദ്രസര്‍ക്കാര്‍ ഇ.ഡിയെ ഉപയോഗിക്കുകയാണെന്നും, രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാന്‍ ബി.ജെ.പി ഇ.ഡിയെയും സി.ബി.ഐയെയും ഗുണ്ടകളായി ഉപയോഗിക്കുകയാണെന്നും എ.എ.പി ആരോപിച്ചു.

2022ല്‍ കേസ് രജിസ്റ്റര്‍ ചെയ്തതു മുതല്‍ രാജ്യത്ത് 245 സ്ഥലങ്ങളില്‍ പരിശോധന നടത്തി. ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രിയും എ.എ.പി നേതാവുമായ മനീഷ് സിസോദിയ, എ.എ.പി നേതാവ് സഞ്ജയ് സിംഗ്, ചില മദ്യ വ്യവസായികള്‍ എന്നിവരുള്‍പ്പെടെ 15 പേരെ അറസ്റ്റ് ചെയ്തതായും ഏജന്‍സി അറിയിച്ചു.

ഈ കേസില്‍ ഇതുവരെ ആറ് കുറ്റപത്രങ്ങള്‍ സമര്‍പ്പിച്ചു. കൂടാതെ 128 കോടിയിലധികം മൂല്യമുള്ള സ്വത്ത് കണ്ടുകെട്ടുകയും ചെയ്തു.

കവിതയെ ശനിയാഴ്ച ഹൈദരാബാദിലെ വീട്ടില്‍ നടത്തിയ പരിശോധനയെ തുടര്‍ന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് പി.എം.എല്‍.എ കോടതിയില്‍ ഹാജരാക്കി മാര്‍ച്ച് 23 വരെ ഇ.ഡി കസ്റ്റഡിയില്‍ വിട്ടു.

TAGS :

Next Story