Quantcast

'ഹിന്ദു യുവാക്കളെ വിവാഹം ചെയ്താൽ നിങ്ങള്‍ക്ക് 45 ഡിഗ്രി ചൂടിൽ ബുർഖ ധരിക്കേണ്ടി വരില്ല'; വിദ്വേഷ പ്രസംഗവുമായി കാജൽ ഹിന്ദുസ്ഥാനി

"ഹിന്ദു യുവാക്കളെ വിവാഹം കഴിച്ചാൽ കുടുംബത്തിലെ മറ്റാരും നിങ്ങള്‍ക്ക് മേൽ കൈവയ്ക്കില്ല"

MediaOne Logo

Web Desk

  • Updated:

    2023-04-02 07:44:03.0

Published:

2 April 2023 7:01 AM GMT

ഹിന്ദു യുവാക്കളെ വിവാഹം ചെയ്താൽ നിങ്ങള്‍ക്ക് 45 ഡിഗ്രി ചൂടിൽ ബുർഖ ധരിക്കേണ്ടി വരില്ല; വിദ്വേഷ പ്രസംഗവുമായി കാജൽ ഹിന്ദുസ്ഥാനി
X

അഹമ്മദാബാദ്: വ്യത്യസ്ത സമുദായങ്ങൾക്കിടയിൽ സ്പർദ്ധ വളർത്തുന്ന തീവ്ര വിദ്വേഷ പരാമർശവുമായി വലതുപക്ഷ രാഷ്ട്രീയപ്രവർത്തക കാജൽ ഹിന്ദുസ്ഥാനി. മുസ്‌ലിം മതവിഭാഗത്തെ പരസ്യമായി വെല്ലുവിളിക്കുന്ന ഇവരുടെ പ്രസംഗം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ഗുജറാത്തിലെ ഉന നഗരത്തിൽ രാമനവമി ആഘോഷത്തോടനുബന്ധിച്ച് വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച ചടങ്ങിലായിരുന്നു ഇവരുടെ പരാമര്‍ശങ്ങള്‍.

പ്രസംഗത്തിൽ പൊലീസ് സ്വമേധയാ കേസെടുത്തു. കാജലിനെതിരെ എഫ്‌ഐആറും രജിസ്റ്റർ ചെയ്തു. ചടങ്ങിന് പിന്നാലെ പ്രദേശത്ത് സംഘർഷം ഉടലെടുത്തു. സ്ഥിതി ശാന്തമാക്കാൻ ഐജി മായങ്ക് സിൻഹ് ചാവ്ദയുടെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹമാണ് സ്ഥലത്തെത്തിയത്. സ്ഥിതിഗതികൾ ശാന്തമാക്കാൻ ജനപ്രതിനിധികളുടെ സാന്നിധ്യത്തില്‍ ഇരുസമുദായ നേതാക്കളെയും പൊലീസ് വിളിച്ചുവരുത്തി സംസാരിച്ചു.

മുസ്‌ലിം സ്ത്രീകൾ ഹിന്ദു യുവാക്കളെ വിവാഹം കഴിക്കണമെന്ന പ്രസംഗഭാഗമാണ് സോഷ്യൽ മീഡിയയിൽ വൻ തോതിൽ പ്രചരിക്കുന്നത്.

'മുസ്‌ലിം സ്ത്രീകൾ ഹിന്ദു യുവാക്കളെ വിവാഹം കഴിക്കുമ്പോൾ ഏതെല്ലാം തരത്തിലുള്ള ഉപകാരമാണ് ഉണ്ടാകുന്നത്. പിന്നിലുള്ളവർ ഇത് കേൾക്കുന്നുണ്ടല്ലോ, അല്ലേ. വിവാഹത്തിന്റെ വാർത്ത നിങ്ങൾ കേട്ടിരിക്കും. ഹിന്ദു യുവാക്കളെ വിവാഹം കഴിച്ചാൽ നിങ്ങൾക്ക് സഹഭാര്യമാരുണ്ടാകില്ല. വീട്ടിൽ അവർക്ക് സുരക്ഷയുണ്ടാകും. കുടുംബത്തിലെ മറ്റാരും അവരുടെ മേൽ കൈവയ്ക്കില്ല. 45 ഡിഗ്രി ചൂടിൽ അവർക്ക് ബുർഖ ധരിക്കേണ്ടി വരില്ല. നിങ്ങൾക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യമുണ്ടാകും. ആൺകുട്ടികളെ പോലെ പെൺകുട്ടികൾക്കും സ്വത്തിൽ അവകാശമുണ്ടാകും. തലാഖ് ചൊല്ലി നിങ്ങളെ മൊഴി ചൊല്ലില്ല. ഏതെങ്കിലും മൗലാനയോ സഹോദരങ്ങളോ നിങ്ങളെ ഹലാലാക്കില്ല. നിങ്ങൾക്ക് കുട്ടികളുണ്ടാകുമ്പോൾ അവരുടെ മേൽവിലാസമായി തീവ്രവാദി, ഭീകരവാദി എന്നൊന്നുമുണ്ടാകില്ല. സഹോദരങ്ങളേ നിങ്ങൾ തയ്യാറാണോ?' - ആൾക്കൂട്ടത്തോട് കാജല്‍ ചോദിച്ചു.

മുമ്പും സമാനമായ വർഗീയ പരാമർശങ്ങൾ നടത്തിയ വലതുപക്ഷ നേതാവാണ് കാജൽ ഹിന്ദുസ്ഥാനി എന്നറിയപ്പെടുന്ന കാജൽ ബെൻ ഷിൻഗ്ല. ഒരു ബുൾഡോസർ കൊണ്ടുവന്ന് മോർബിയിലെ മസ്ജിദുകൾ ഇടിച്ചുനിരത്തുമെന്ന് ഈയിടെ അവർ പ്രസംഗിച്ചിരുന്നു. ഇതിനെതിരെ മോർബി പൊലീസിൽ പരാതിയുമുണ്ടായിരുന്നു.

Summary: Hindutwa leader Kajal Hindustani Speech





TAGS :

Next Story