യു.എസ് തെരഞ്ഞെടുപ്പ്; ചർച്ചയാകുന്ന കമല ഹാരിസ് ആരാണ്
യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഗോദയിൽ നിന്ന് ജോ ബൈഡൻ പിന്മാറിയതോടെയാണ് കമല ഹാരിസിന്റെ പേര് ചർച്ചയാകുന്നത്
വാഷിങ്ടൺ: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഗോദയിൽ നിന്ന് ജോ ബൈഡൻ പിന്മാറിയതോടെ ചർച്ചയാകുന്നത് വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ പേരാണ്. താൻ പിന്മാറുകയാണ് കമല ഹാരിസ് മത്സരിക്കും എന്ന് പ്രഖ്യാപിച്ചായിരുന്നു ഡെമോക്രാറ്റ് പാർട്ടി സ്ഥാനാർഥിയായ ബൈഡന്റെ പിൻവാങ്ങൽ. സ്ഥാനാർഥിയെ അന്തിമമായി തീരുമാനിച്ച് ഔദ്യോഗികമായി പ്രഖ്യാപിക്കുക അടുത്ത മാസം നടക്കുന്ന ഡെമോക്രാറ്റ് പാർട്ടി കൺവെൻഷനിലാകും. എന്നാലും നിലവിൽ കമലയുടെ പേര് കേന്ദ്രീകരിച്ചാണ് ചർച്ചകളെല്ലാം.
ഇന്ത്യൻ വംശജയായ കമല ഹാരിസ് അമേരിക്കയുടെ ചരിത്രം തിരുത്തിയ വനിത കൂടിയാണ്. യു.എസ് വൈസ് പ്രസിഡന്റ് പദവിയിലെത്തിയ ആദ്യ വനിതയും ഇന്ത്യൻ വംശജയുമാണ് കമല. ഉന്നതപദവികളിലേക്ക് കറുത്തവർഗക്കാരിയും ഇന്ത്യൻ വംശജയുമായ ഒരു സ്ത്രീയുടെ പോരാട്ടചരിത്രം കൂടിയുണ്ട് കമല ഹാരിസ് എന്ന പേരിനൊപ്പം. അതുകൊണ്ടാകാം ആരാധകരിൽ ചിലർക്കെങ്കിലും അവർ ‘പെൺ ബറാക് ഒബാമ’യാണ്.
മാതാവ് തമിഴ് വേരുകളുള്ള ഇന്ത്യൻ വംശജയായ ശ്യാമള ഗോപാലൻ. പിതാവ് ജമൈക്കൻ വംശജൻ ഡൊണാൾഡ് ഹാരിസ്. 19-ാം വയസിൽ ഉപരിപഠനത്തിനായാണ് ശ്യാമള തമിഴ്നാട്ടിൽ നിന്ന് അമേരിക്കയിലെത്തുന്നത്. പിന്നീട് അവിടെയായി ശ്യാമളയുടെ ജീവിതം. കാലിഫോർണിയയിലെ ഓക്ക്‌ലാൻഡിലാണ് കമല ജനിച്ചത്. മായയാണ് സഹോദരി. ഹിലരി ക്ലിന്റണിന്റെ ഉപദേശകയാണ് മായ. കമലയുടെ ഏഴാം വയസിലാണ് ശ്യാമളയും ഭർത്താവും വേർപിരിയുന്നത്. പിന്നീട് കമലയുടെയും സഹോദരിയുടെയും ജീവിതം അമ്മയ്ക്കൊപ്പമായിരുന്നു.അവധിക്കാലങ്ങളിൽ അമ്മവീട്ടിലേക്കും ബന്ധുക്കളെ കാണാനുമായി കമലയും മായയും ഇടക്കിടെ തമിഴ്നാട്ടിലെത്തിയിരുന്നു.
പൊളിറ്റിക്കൽ സയൻസ്, ഇക്കണോമിക്സ് എന്നിവയിൽ വിദ്യാഭ്യാസം നേടിയ കമല നിയമബിരുദവും നേടി. സാമൂഹ്യ- രാഷ്ട്രിയ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു കമലയെന്നും. പരമ്പരാഗതമായി അവഗണിക്കപ്പെട്ടവർക്കുവേണ്ടിയായിരുന്നു അവർ ശബ്ദിച്ചിരുന്നത്. സൗജന്യ വിദ്യാഭ്യാസം, സമഗ്ര ആരോഗ്യപരിരക്ഷ തുടങ്ങിയവക്കായി കമല ശബ്ദിച്ചു. അത്തന്നെയായിരുന്നു തെരഞ്ഞെടുപ്പുകളിലും മറ്റും അവർക്ക് അനുകൂലമായത്.
1989 ൽ ഓക് ലൻഡിൽ ഡിസ്ട്രിക്ട് അറ്റോർണിയായി. സാൻ ഫ്രാൻസിസ്കോയുടെ ഡിസ്ട്രിക്റ്റ് അറ്റോർണിയായി തിരഞ്ഞെടുക്കപ്പെടുമ്പോൾ ഈ സ്ഥാനത്തെത്തുന്ന ആദ്യ കറുത്തവർഗ്ഗക്കാരിയായിരുന്നു. 2014 ൽ അഭിഭാഷകനായ ഡഗ് എംഹോഫിനെ വിവാഹം കഴിച്ചു. 2016 ൽ യു.എസ് സെനറ്റിലെത്തുമ്പോൾ ആ പദവിയിലെത്തുന്ന ആദ്യ ഏഷ്യൻ വംശജയുമായണവർ. യുവാക്കൾക്കിടയിലും കറുത്തവർഗക്കാരായ വോട്ടർമാർക്കിടയിലും കമലക്ക് സാധീനമുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.
Adjust Story Font
16