ബൈക്കിൽ 'എം.എൽ.എ സ്റ്റിക്കർ' പതിച്ച് 300 കി.മീറ്റർ ഓടി നിയമസഭയിൽ; മധ്യപ്രദേശിലെ 'ദരിദ്ര സാമാജികൻ' കമലേശ്വർ
സുഹൃത്തുക്കളിൽനിന്നും കുടുംബത്തിൽനിന്നും വായ്പയെടുത്താണ് കമലേശ്വർ ദൊഡിയാർ ഇത്തവണ മത്സരിച്ചത്
ഭോപ്പാൽ: മധ്യപ്രദേശിൽ കണക്കുകൂട്ടലുകൾ തെറ്റിച്ച് വമ്പൻ വിജയമാണ് ബി.ജെ.പി നേടിയത്. ഫലപ്രഖ്യാപനത്തിനു പിന്നാലെ നിയുക്ത എം.എൽ.എമാരുടെ സാമ്പത്തിക വിവരങ്ങളും പുറത്തുവന്നിരിക്കുകയാണ്. നിയമസഭയിലെ അതിസമ്പന്നന്റെ ആസ്തി 223 കോടി രൂപയാണെന്നാണ് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോം(എ.ഡി.ആർ) വിലയിരുത്തുന്നത്. എന്നാൽ, ബി.ജെ.പി-കോൺഗ്രസ് ടിക്കറ്റിലല്ലാതെ വിജയിച്ചൊരു 'ദരിദ്ര സാമാജികനും' ഇത്തവണ സഭയിലെത്തിയിട്ടുണ്ട്; പേര് കമലേശ്വർ ദൊഡിയാർ.
സ്വന്തം ബൈക്കിൽ എം.എൽ.എ സ്റ്റിക്കർ ഒട്ടിച്ച് 300 കി.മീറ്റർ ദൂരം ഓടിച്ച് നിയമസഭയിലെത്തിയ കമലേശ്വറിന്റെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. വ്യക്തിവിവരങ്ങളടക്കമുള്ള രേഖകൾ നിയമസഭയിൽ സമർപ്പിക്കാനായാണ് ഇത്രയും ദൂരം ഈ യുവ നിയുക്ത എം.എൽ.എ ബൈക്ക് ഓടിച്ചെത്തിയത്.
ഭാരത് ആദിവാസി പാർട്ടി(ബി.എ.പി)യുടെ ബാനറിലാണ് 33കാരനായ കമലേശ്വർ മത്സരിച്ചത്. സൈലാനയിലെ ആദിവാസി സംവരണ സീറ്റിൽ ജനവിധി തേടിയത് സുഹൃത്തുക്കളിൽനിന്നും കുടുംബത്തിൽനിന്നും വായ്പയെടുത്ത്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ ബി.ജെ.പിയുടെയും കോൺഗ്രസിന്റെയും അക്കൗണ്ടിലല്ലാതെ വിജയിച്ച ഏക വ്യക്തിയുമായി അദ്ദേഹം. 4,618 വോട്ടിന്റെ ഭൂരിപക്ഷത്തിന് കോൺഗ്രസിന്റെ വിജയ് ഗെഹ്ലോട്ടിനെയാണ് കമലേശ്വർ തോൽപിച്ചത്.
കുട്ടിക്കാലത്തെ ദുരിതങ്ങളോടും ദാരിദ്ര്യത്തോടും പടവെട്ടിയാണ് ബിരുദ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ഡൽഹി സർവകലാശാലയിൽ എൽ.എൽ.ബി ചെയ്തത് പലപ്പോഴും പാർട്ട്‌ടൈമായി ടിഫിൻ ഡെലിവറി അടക്കമുള്ള ജോലിയെടുത്തായിരുന്നു.
മധ്യപ്രദേശിലെ ദൊഡിയാർ ഗോത്രവർഗക്കാരനാണ് കമലേശ്വർ. സൈലാനയിലെ രാധാ കുവാനിലാണു ജനനം. ഇപ്പോഴും മൺകുടിലിലാണു താമസം. സ്വന്തം വിദ്യാഭ്യാസത്തിനൊപ്പം കുടുംബത്തിന്റെ ഭാരം കൂടി തോളിലേറ്റേണ്ടിവന്നെങ്കിലും തളർന്നില്ല. ഇടയ്ക്കു വീടുകൾ തോറും കയറിയിറങ്ങി മുട്ട വിറ്റും കുടുംബത്തെ പോറ്റി അദ്ദേഹം.
2018ലാണ് ആദ്യമായി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലിറങ്ങുന്നത്. അന്നു തോൽവി രുചിച്ചെങ്കിലും 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും മത്സരിച്ചു. ഇത്തവണം തോൽവി തന്നെയായിരുന്നു ഫലം. എന്നാൽ, അവിടെയും നിരാശനാകാതെ ഒരിക്കൽകൂടി അങ്കത്തിനിറങ്ങി മിന്നുംവിജയവും നേടിയാണ് കമലേശ്വർ മധ്യപ്രദേശ് നിയമസഭയിലേക്കു നടന്നുകയറാനിരിക്കുന്നത്.
രാജസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബി.എ.പി. ആദിവാസികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന പാർട്ടി ഇത്തവണ മധ്യപ്രദേശിൽ കൂടി ബലപരീക്ഷണത്തിനിറങ്ങുകയായിരുന്നു.
Summary: Kamleshwar Dodiyar: The lone non-BJP, non-Congress candidate that won in Madhya Pradesh, poor MLA, still live in a mud house
Adjust Story Font
16