തന്നെ കാണാനെത്തുന്നവര്‍ ആധാര്‍ കയ്യില്‍ കരുതണമെന്ന് കങ്കണ; എന്തൊരു അല്‍പ്പത്തരമെന്ന് കോണ്‍ഗ്രസ്
തന്നെ കാണാന്‍ വരുന്നവര്‍ എന്താവശ്യത്തിനാണ് വരുന്നതെന്ന് കടലാസില്‍ എഴുതിക്കൊണ്ടുവരണമെന്നും കങ്കണ നിര്‍ദ്ദേശിക്കുന്നു
ഡല്‍ഹി: തന്നെ കാണാനെത്തുന്ന ആളുകള്‍ കയ്യില്‍ ആധാര്‍ കാര്‍ഡ് കരുതണമെന്ന് ബി.ജെ.പി എം.പിയും ബോളിവുഡ് നടിയുമായ കങ്കണ റണൗട്ട്. തൻ്റെ ലോക്‌സഭാ മണ്ഡലമായ ഹിമാചൽ പ്രദേശിലെ മാണ്ഡിയിലെ വോട്ടര്‍മാരാടോണ് തന്നെ കാണാൻ ആഗ്രഹിക്കുന്നുവെങ്കിൽ ആധാറുമായി എത്താന്‍ ആവശ്യപ്പെട്ടത്.
തന്നെ കാണാന്‍ വരുന്നവര്‍ എന്താവശ്യത്തിനാണ് വരുന്നതെന്ന് കടലാസില്‍ എഴുതിക്കൊണ്ടുവരണമെന്നും കങ്കണ നിര്‍ദ്ദേശിക്കുന്നു. ''ധാരാളം വിനോദസഞ്ചാരികളെത്തുന്ന സ്ഥലമാണ് ഹിമാചല്‍പ്രദേശ്. അതുകൊണ്ട് തന്നെ മാണ്ഡിയില്‍ നിന്നും വരുന്നവര്‍ ആധാര്‍ കാര്‍ഡ് കയ്യില്‍ കരുതേണ്ടത് അത്യാവശ്യമാണ്. മണ്ഡലവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കത്തിൽ എഴുതണം. എന്നാല്‍ നിങ്ങൾക്ക് അസൗകര്യം നേരിടേണ്ടിവരില്ല'' കങ്കണ പറഞ്ഞു. വിനോദസഞ്ചാരികള്‍ ധാരാളമെത്തുന്നതിനാല്‍ സാധാരണക്കാര്‍ അസൗകര്യം നേരിടുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഹിമാചലിൻ്റെ വടക്കൻ മേഖലയിൽ നിന്നുള്ള ആളുകൾക്ക് തന്നെ കാണാൻ താൽപര്യമുണ്ടെങ്കിൽ, അവർക്ക് മണാലിയിലെ തന്‍റെ വീട് സന്ദർശിക്കാമെന്നും മാണ്ഡിയിലുള്ള ആളുകൾക്ക് നഗരത്തിലെ തൻ്റെ ഓഫീസ് സന്ദർശിക്കാമെന്നും കങ്കണ വ്യക്തമാക്കി. ആവശ്യങ്ങള്‍ക്ക് തന്നെ നേരിട്ട് കാണുന്നതാണ് നല്ലതെന്നും അവര്‍ പറഞ്ഞു.
കങ്കണയുടെ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി.ഇത് അല്‍പത്തരമാണെന്നായിരുന്നു കോണ്‍ഗ്രസിന്‍റെ പ്രതികരണം. ആധാറില്ലെങ്കിലും തന്നെ കാണാനെത്തുന്നവരെ കാണുമെന്ന് കങ്കണയോട് പരാജയപ്പെട്ട കോണ്‍ഗ്രസ് നേതാവ് വിക്രമാദിത്യ സിംഗ് വ്യക്തമാക്കി. ''ഞങ്ങൾ ജനപ്രതിനിധികളാണ്. സംസ്ഥാനത്തെ എല്ലാ വിഭാഗങ്ങളിൽ നിന്നുമുള്ള ആളുകളെ കാണേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്. അത് ചെറുതോ, വലുതോ, നയപരമോ , വ്യക്തിപരമോ എന്തുകാര്യത്തിനാണെങ്കിലും ഒരു തിരിച്ചറിയില്‍ രേഖയുടെയും ആവശ്യമില്ല. എന്തെങ്കിലും ആവശ്യത്തിനായിരിക്കും ഒരു വോട്ടര്‍ ജനപ്രതിനിധിയെ കാണുന്നത്'' ഹിമാചല്‍ പൊതുമരാമത്ത് മന്ത്രി കൂടിയായ സിംഗ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. എം.പിയെ കാണാനെത്തുന്നവരോട് തിരിച്ചറിയല്‍ രേഖ ആവശ്യപ്പെടുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Adjust Story Font
16