കനയ്യ കുമാറും ജിഗ്നേഷ് മേവാനിയും ഇന്ന് കോണ്‍ഗ്രസില്‍ ചേരും
എഐസിസി ആസ്ഥാനത്ത് നടക്കുന്ന ചടങ്ങിലാണ് ഇരുവരും കോണ്‍ഗ്രസ് അംഗത്വമെടുക്കുക
സിപിഐ നേതാവ് കനയ്യ കുമാറും ഗുജറാത്ത് എംഎൽഎ ജിഗ്നേഷ് മേവാനിയും ഇന്ന് കോൺഗ്രസിൽ ചേരും. മൂന്ന് മണിക്ക് എഐസിസി ആസ്ഥാനത്ത് നടക്കുന്ന ചടങ്ങിൽ ഇരുവരും കോൺഗ്രസിൽ ചേരുമെന്നാണ് വിവരം. രാഹുൽ ഗാന്ധിയാകും ഇരുവർക്കും പാർട്ടി അംഗത്വം നൽകുക.
കനയ്യയുടെയും ജിഗ്നേഷിന്‍റെയും അനുയായികളും കോൺഗ്രസിൽ ചേരും. കനയ്യ കോൺഗ്രസിൽ ചേരുമെന്ന വാർത്ത നേരത്തെ സിപിഐ നിഷേധിച്ചിരുന്നു. കനയ്യയെ അനുനയിപ്പിച്ച് പാർട്ടിയിൽ തന്നെ നിർത്താൻ സിപിഐ ദേശീയ നേതൃത്വത്തിന്റെ ഇടപെടലുമുണ്ടായിരുന്നു. എന്നാല്‍ കനയ്യ സിപിഐ വിട്ട് കോണ്‍ഗ്രസ് അംഗത്വമെടുക്കുമെന്ന് ഉറപ്പായി. ഭഗത് സിങിന്‍റെ ജന്മദിനമായ ഇന്ന് കോൺഗ്രസിൽ അംഗത്വമെടുക്കാൻ കനയ്യയും ജിഗ്നേഷും തീരുമാനിക്കുകയായിരുന്നു.
ജെഎൻയുവിൽ വിദ്യാർഥി നേതാവായിരിക്കെ ദേശീയതലത്തില്‍ തന്നെ ഏറെ ശ്രദ്ധനേടിയ കനയ്യയ്ക്ക് ബിഹാറിലെ പാർട്ടി അടിത്തറ ശക്തിപ്പെടുത്താനുള്ള ചുമതലയായിരിക്കും കോണ്‍ഗ്രസ് നൽകുക. കനയ്യയ്ക്കു പിറകെ കൂടുതൽ പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും കോൺഗ്രസിലെത്തുമെന്നും നേതാക്കൾ കണക്കുകൂട്ടുന്നുണ്ട്. രാഹുൽ ഗാന്ധിക്കു പുറമെ പ്രിയങ്ക ഗാന്ധിയുമായും കഴിഞ്ഞ ദിവസങ്ങളിൽ കനയ്യ കൂടിക്കാഴ്ച നടത്തിയിരുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബെഗുസെരായ് മണ്ഡലത്തിൽ മത്സരിച്ചെങ്കിലും കനയ്യ പരാജയപ്പെട്ടു. ബിജെപിയുടെ ഗിരിരാജ് സിങ്ങിനോട് നാലു ലക്ഷത്തിലേറെ വോട്ടിനാണ് പരാജയപ്പെട്ടത്.
ഗുജറാത്തിലെ വാദ്ഗാം മണ്ഡലത്തിൽനിന്നുള്ള എംഎൽഎയാണ് ജിഗ്നേഷ് മേവാനി. രാഷ്ട്രീയ ദലിത് അധികാർ മഞ്ച്(ആർഡിഎഎം) നേതാവുമാണ്. അദ്ദേഹത്തിന് കോണ്‍ഗ്രസ് ഗുജറാത്ത് സംസ്ഥാന ഘടകം വർക്കിങ് പ്രസിഡന്റ് പദവി നൽകുമെന്നാണ് റിപ്പോര്‍ട്ട്.
Adjust Story Font
16