ഭാരത് ജോഡോ യാത്രക്കെതിരെ വീണ്ടും പത്രപ്പരസ്യവുമായി കർണാടക ബി.ജെ.പി
കർണാടകയിൽ ഭാരത് ജോഡോ യാത്ര ആരംഭിച്ച ദിവസവും ബി.ജെ.പി കോൺഗ്രസിനെതിരെ പത്ര പരസ്യം നൽകിയിരുന്നു
ബെംഗളൂരു: രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രക്കെതിരെ വീണ്ടും പത്രപ്പരസ്യവുമായി കർണാടക ബി.ജെ.പി രംഗത്ത്. കന്നഡയിലെ 4 പ്രമുഖ പത്രങ്ങളിലാണ് ബി.ജെ.പി വ്യാഴാഴ്ച പരസ്യം നൽകിയത്. കർണാടകയിൽ ഭാരത് ജോഡോ യാത്ര ആരംഭിച്ച ദിവസവും ബി.ജെ.പി കോൺഗ്രസിനെതിരെ പത്ര പരസ്യം നൽകിയിരുന്നു.
സംയുക്ത കർണാടക, കന്നഡ പ്രഭ, വിശ്വവാണി, ഹൊസാഡിഗന്ധെ എന്നീ നാലു കന്നഡ പത്രങ്ങളിലാണ് പരസ്യങ്ങൾ നൽകിയത്. കോൺഗ്രസ് എം.എൽ സിയായ യു ബി. വെങ്കിടേഷിന്‍റെ ഉടമസ്ഥതയിലുള്ളതാണ് സംയുക്ത കർണാടക. ബി.ജെ.പി അനുകൂല പത്രങ്ങളാണ് മറ്റ് മൂന്നെണ്ണവും. പത്രവാർത്തകൾ എന്ന രൂപത്തിലായിരുന്നു പരസ്യം. ഇന്നലെ പുറത്തിറങ്ങിയ പത്രങ്ങളിലായിരുന്നു പരസ്യം പ്രസിദ്ധീകരിച്ചത്. മുംബെ ഭീകരാക്രമണ സമയത്ത് രാഹുൽ ഗാന്ധി അഘോഷത്തിലായാരുന്നുവെന്നതാണ് പരസ്യത്തിലെ പ്രധാന ആരോപണം. സോണിയാ ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും പേരിൽ ജോഡോ യാത്രയുടെ മറവിൽ വ്യാപക പണപ്പിരിവ് നടക്കുന്നതായും പരസ്യത്തിൽ ആരോപിക്കുന്നു.
നാഷണൽ ഹെറാൾഡ് കേസ് സംബന്ധിച്ച വാർത്തയും പരാമർശിക്കുന്നുണ്ട്. കർണാടകയിലെ കഴിഞ്ഞ കോൺഗ്രസ്സ് ഭരണ സമയത്ത് മുഖ്യമന്ത്രി സിദ്ധരാമയ്യ പി.എഫ്.ഐയെ കേസ് സംബന്ധിച്ച് സഹായിച്ചെന്നും ആരോപിക്കുന്നുണ്ട്. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര കർണാടകയിൽ ആരംഭിക്കുന്ന ദിവസവും ബി.ജെ.പി പ്രധാന പത്രങ്ങളുടെ ഒന്നാം പേജിൽ കോൺഗ്രസിനെതിരെ പരസ്യം നൽകിയിരുന്നു.
വിഭജനത്തിന് കാരണം നെഹ്റുവും ജിന്നയും ആണെന്ന് ആരോപിക്കുന്ന പരസ്യമാണ് ബി.ജെ.പി അന്ന് നൽകിയത്. കർണാടകയിലെ നിയമസഭാ തെരഞ്ഞെടുപ്പിന് ആറുമാസം മാത്രം അവശേഷിക്കെ രാഹുൽഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്ക് സംസ്ഥാനത്ത് ലഭിക്കുന്ന വലിയ സ്വീകാര്യതയിലുള്ള ബി.ജെ.പിയുടെ അസ്വസ്ഥതയാണ് പരസ്യത്തിലൂടെ പ്രകടമാവുന്നതെന്നാണ് കോൺഗ്രസ് നേതാക്കളുടെ പ്രതികരണം.
Adjust Story Font
16