Quantcast

കള്ളക്കുറിച്ചി ദുരന്തത്തിന് ഉത്തരവാദിയെന്ന് പരാമർശം: ആർ.എസ് ഭാരതിക്കെതിരെ മാനനഷ്ടക്കേസ് നൽകി അണ്ണാമലൈ

നഷ്ടപരിഹാരമായി ഒരു കോടി രൂപ ആവശ്യപ്പെട്ടാണ് കേസ് നല്‍കിയത്

MediaOne Logo

Web Desk

  • Published:

    11 July 2024 10:29 AM GMT

KAnnamalai,RS Bharathi,DMK,defamation case ,Kallakurichi hooch tragedy,അണ്ണാമലൈ,കള്ളക്കുറിച്ചി വിഷമദ്യ ദുരന്തം,കെ.അണ്ണാമലൈ,ആര്‍.എസ് ഭാരതി,തമിഴ്നാട് ബിജെപി
X

ചെന്നൈ: ഡിഎംകെ സംഘടനാ സെക്രട്ടറി ആർ.എസ് ഭാരതിക്കെതിരെ മാനനഷ്ടക്കേസ് നൽകി ബിജെപി തമിഴ്നാട് അധ്യക്ഷൻ കെ.അണ്ണാമലൈ. കള്ളക്കുറിച്ചി വ്യാജമദ്യ ദുരന്തവുമായി ബന്ധപ്പെട്ട് തനിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്നാരോപിച്ചാണ് ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് നൽകിയിരിക്കുന്നത്.

കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തിന് ഉത്തരവാദി ബി.ജെ.പി നേതാവ് കെ.അണ്ണാമലയാണെന്ന് ആർഎസ് ഭാരതി വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. കേസിൽ അണ്ണാമലൈയുടെ ഗൂഢാലോചനയുണ്ടെന്നും ഭാരതി സംശയം പ്രകടിപ്പിച്ചിരുന്നു. ഇതിനെതിരെയാണ് അണ്ണാമലൈ രംഗത്തെത്തിയത്.

'കള്ളക്കുറിച്ചിയിലെ വ്യാജ ദുരന്തത്തിന് ഉത്തരവാദി ഞാനാണെന്ന് ഭാരതി പറഞ്ഞു. ദുരന്തത്തിൽ ഞാൻ ഗൂഢാലോചന നടത്തിയെന്നും അദ്ദേഹം പറഞ്ഞു. പ്രസംഗം എനിക്ക് വിഷമമുണ്ടാക്കിയെന്നും അണ്ണാമലൈ പറഞ്ഞു. കഴിഞ്ഞ മൂന്ന് വർഷമായി താൻ ആർക്കെതിരെയും മാനനഷ്ടക്കേസ് നൽകിയിട്ടില്ല. എന്നാൽ ഭാരതിയുടെ പരാമർശങ്ങൾ എന്നെ വിഷമിപ്പിച്ചു. നഷ്ടപരിഹാരമായി ഒരു കോടി രൂപ ആവശ്യപ്പെട്ട് ഞാൻ അദ്ദേഹത്തിനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്തിട്ടുണ്ട്. കള്ളക്കുറിച്ചിയിൽ ഡീ അഡിക്ഷൻ സെന്റർ സ്ഥാപിക്കാൻ തുക വിനിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.

'രണ്ട് വർഷം മുമ്പ് ഭാരതി തന്നെ ചെറിയ കുട്ടി എന്ന് വിളിച്ചിരുന്നു. 'ചെറിയ കുട്ടി' നിങ്ങളോടും ഡിഎംകെയോടും എന്താണ് ചെയ്യാൻ പോകുന്നതെന്ന് ഇനി കാണാം'..അണ്ണാമലൈ പറഞ്ഞു. തമിഴ്നാട് മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടെങ്കിൽ സിബിഐ അന്വേഷണം പ്രഖ്യാപിക്കണമെന്നും സി.ബി.ഐയുടെ അന്വേഷണത്തിൽ മാത്രമേ കള്ളക്കുറിച്ചിയിലെ വിഷമദ്യ ദുരന്തത്തിന്റെ സത്യാവസ്ഥ പുറത്തുവരൂ എന്നും അണ്ണാമലൈ പറഞ്ഞു.

ഇതുവരെ 66 പേരാണ് വ്യാജമദ്യ ദുരന്തത്തില്‍ മരിച്ചത്. നിരവധി പേര്‍ തമിഴ്നാട്ടിലെ വിവിധ ആശുപത്രികളിലായി ചികിത്സയിലുമുണ്ട്. കഴിഞ്ഞ മാസം കള്ളക്കുറിച്ചിയിലെ കരുണപുരത്താണ് മദ്യദുരന്തമുണ്ടായത്. പ്രദേശത്ത് വ്യാജമദ്യം വിറ്റ ഗോവിന്ദരാജൻ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയും ഇയാളിൽനിന്ന് 200 ലിറ്റർ വ്യാജമദ്യം പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ദുരന്തത്തിന് പിന്നാലെ കള്ളക്കുറിച്ചി കലക്ടർ ശ്രാവൺ കുമാർ ജെതാവത്തിനെ സ്ഥലം മാറ്റിയിരുന്നു. ജില്ലാ പൊലീസ് മേധാവി സമയ് സിങ് മീണയെ സസ്പെന്‍ഡ് ചെയ്തിരുന്നു.ദുരന്തത്തിൽ സിബിസിഐഡി അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. പൊലീസ് ലഹരിവിരുദ്ധ വിഭാഗത്തിലെ ഡെപ്യൂട്ടി സൂപ്രണ്ടടക്കം മുഴുവൻ ഉദ്യോഗസ്ഥരെയും താൽക്കാലികമായി സസ്പെൻഡ് ചെയ്തിരുന്നു.

TAGS :

Next Story