ഗുജറാത്ത് വംശഹത്യയിൽ മോദിക്ക് പങ്കുണ്ടെന്ന് പറയുന്നില്ല; സുപ്രീംകോടതിയിൽ കപിൽ സിബൽ
ഇഹ്‌സാൻ ജഫ്രിയുടെ ഭാര്യ സാക്കിയ ജഫ്രി നൽകിയ ഹരജിയിൽ വാദം കേൾക്കുമ്പോഴാണ് കപിൽ സിബൽ നിർണായക നിലപാട് സ്വീകരിച്ചത്.
ഗുജറാത്ത് കലാപത്തിൽ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്ക് പങ്കുണ്ടെന്ന നിർണായക ആരോപണം താൻ ഉന്നയിക്കുന്നില്ലെന്ന് മുതിർന്ന അഭിഭാഷകനും കോൺഗ്രസ് നേതാവുമായ കപിൽ സിബൽ കോടതിയിൽ ബോധിപ്പിച്ചു. മോദിക്ക് ക്ലീൻ ചിറ്റ് നൽകിയ എസ്‌ഐടി (പ്രത്യേക അന്വേഷണ സംഘം) റിപ്പോർട്ടിനെ ഇപ്പോൾ ചോദ്യം ചെയ്യുന്നില്ലെന്നും പുനരന്വേഷണം വേണമെന്ന ആവശ്യത്തിൽ താൻ ഊന്നുന്നില്ലെന്നും സിബൽ പറഞ്ഞു.
മോദിക്കെതിരെ പുനരന്വേഷണം ആവശ്യമില്ലെന്ന സിബലിന്റെ വാദം രേഖപ്പെടുത്തുകയാണെന്ന് കോടതി പറഞ്ഞപ്പോൾ താൻ സംശയത്തിനിടയില്ലാത്ത വിധം രേഖാമൂലം എഴുതി നൽകാമെന്ന് സിബൽ വ്യക്തമാക്കി. 2002 ഫെബ്രുവരി 27ന് അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയുടെ വസതിയിൽ ചേർന്ന യോഗത്തെക്കുറിച്ച് സാകിയ ജഫ്രി ഹരജിയിൽ ഉണ്ടായിരുന്നെങ്കിലും കപിൽ സിബൽ അത് വിട്ടുകളഞ്ഞുവെന്ന് എസ്‌ഐടിക്ക് വേണ്ടി ഹാജരായ മുകുൾ രോഹതഗി സുപ്രീംകോടതി ബെഞ്ചിന്റെ ശ്രദ്ധയിൽപെടുത്തുകയായിരുന്നു.
ഇതുകേട്ട ജസ്റ്റിസ് എ.എം ഖാൻവിൽകർ അധ്യക്ഷനായ ബെഞ്ച് ഈ ആരോപണം ഇപ്പോഴും ഉന്നയിക്കുന്നുണ്ടോ എന്ന് കപിൽ സിബലിനോട് ചോദിച്ചു. സിബൽ വായിക്കാതിരുന്നത് കൊണ്ടു മാത്രം മുൻ ഗുജറാത്ത് മുഖ്യമന്ത്രിക്കെതിരായ ആരോപണത്തിൽ ഉറച്ചുനിൽക്കുന്നില്ല എന്ന് വരുന്നില്ലെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടിയപ്പോൾ സിബൽ ആ വാദത്തിൽ ഊന്നുന്നില്ലെന്ന് രോഹതഗി വാദിച്ചു. ആരോപണം വായിക്കാതിരുന്നിട്ടുണ്ടെങ്കിലും മറ്റു ആരോപണങ്ങളെ കുറിച്ച് പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തിൽ പുനരന്വേഷണം ആവശ്യപ്പെടുന്നുണ്ടെന്ന് ബെഞ്ച് വ്യക്തമാക്കി. ഇക്കാര്യത്തിൽ സിബൽ തന്നെ വ്യക്തത വരുത്തണമെന്ന് സുപ്രീംകോടതി ആവശ്യെപ്പട്ടു. അപ്പോഴാണ് താൻ ആ ആരോപണത്തിൽ ഊന്നുന്നില്ലെന്നും അതിൽ പുനരന്വേഷണം ആവശ്യപ്പെടുന്നില്ലെന്നും സിബൽ ബോധിപ്പിച്ചത്.
കപിൽ സിബൽ കോടതിയിൽ പറഞ്ഞത്
''താൻ ആ ആരോപണം വായിക്കാതിരുന്നത് അതിനെ അവലംബിക്കാത്തതു കൊണ്ടും അതേക്കുറിച്ച് തർക്കം വേണ്ടെന്നും കരുതിയാണ്. പുനരന്വേഷണം ആവശ്യമുള്ള തർക്കമില്ലാത്ത രേഖകളും വിഷയങ്ങളും തന്നെ ധാരാളം താൻ കോടതിക്ക് മുമ്പാകെ നൽകിയിട്ടുണ്ടെന്നും സിബൽ കൂട്ടിച്ചേർത്തു. മോദിക്കെതിരായ ആരോപണം തള്ളിയ എസ്‌ഐടിയുടെ കണ്ടെത്തൽ താങ്കൾ ചോദ്യം ചെയ്യുന്നില്ല അല്ലേ എന്ന് ബെഞ്ച് വീണ്ടും സിബലിനോട് ആവർത്തിച്ച് ചോദിച്ചു.
ഇല്ല അക്കാര്യത്തിൽ പുനരന്വേഷണം വേണമെന്ന ആവശ്യത്തിൽ താൻ ഊന്നുന്നില്ലെന്ന് സിബൽ ഇതിന് മറുപടി നൽകി. ഈ ആരോപണം തള്ളിക്കളയുന്ന എസ്‌ഐടിയുടെ റിപ്പോർട്ട് താൻ ചോദ്യം ചെയ്യുന്നില്ല. ആരോപണത്തിൽ പുനരന്വേഷണം ആവശ്യപ്പെടുന്നില്ലെന്നും ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, സി.ടി. രവികുമാർ എന്നിവർ കൂടി അടങ്ങുന്ന ബെഞ്ച് മുമ്പാകെ സിബൽ വ്യക്തമാക്കി. ഒന്നും എന്നെന്നേക്കുമായി അടച്ചിട്ടതല്ലെന്നും നാളെ മറ്റു തെളിവുകൾ വന്നാൽ 1984ലെ ഡൽഹി കലാപം പോലെ പുനരന്വേഷണം നടത്താമെന്നും സിബൽ പറഞ്ഞു.
Adjust Story Font
16