Quantcast

പകയും ശത്രുതയുമില്ല; കോൺഗ്രസ് ഉയർത്തുന്ന നല്ല വിഷയങ്ങളെ ഇനിയും പിന്തുണയ്ക്കും-കപിൽ സിബൽ

''പാർട്ടി വിടാനുള്ള കാരണം തീർത്തും വ്യക്തിപരമായ കാര്യമാണ്. അതു പൊതുസമൂഹത്തിനു മുന്നിൽ വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. പുറത്തിരുന്ന് കോൺഗ്രസിന്റെ ആഭ്യന്തരശൈലിക്കെതിരെ ഞാൻ ഒന്നും പറയില്ല.''

MediaOne Logo

Web Desk

  • Updated:

    2022-06-05 17:21:14.0

Published:

5 Jun 2022 4:44 PM GMT

പകയും ശത്രുതയുമില്ല; കോൺഗ്രസ് ഉയർത്തുന്ന നല്ല വിഷയങ്ങളെ ഇനിയും പിന്തുണയ്ക്കും-കപിൽ സിബൽ
X

ന്യൂഡൽഹി: കോൺഗ്രസ് ഉയർത്തുന്ന ശരിയായ വിഷയങ്ങൾക്ക് പിന്തുണ തുടരുമെന്ന് മുൻ നേതാവ് കപിൽ സിബൽ. കോൺഗ്രസ് വിട്ട് സമാജ്‌വാദി പാർട്ടി(എസ്.പി) പിന്തുണയോടെ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. താൻ ഒരിക്കലും കോൺഗ്രസ് നേതാക്കളോട് രാജ്യസഭാ ടിക്കറ്റ് ആവശ്യപ്പെട്ടിട്ടില്ലെന്നും അതിനു വേണ്ടിയല്ല പാർട്ടി വിട്ടതെന്നും കപിൽ സിബൽ വ്യക്തമാക്കി.

'ദ ഹിന്ദു'വിന് നൽകിയ അഭിമുഖത്തിലാണ് മുൻ കേന്ദ്ര മന്ത്രി കൂടിയായ കപിൽ സിബൽ ഭാവി പരിപാടികൾ വെളിപ്പെടുത്തിയത്. ''എന്റെ ആദർശത്തിൽ മാറ്റമില്ലാതെ തന്നെ തുടരുന്നതിനാൽ വേർപിരിയിൽ എന്നൊരു സംഗതിയില്ല. കോൺഗ്രസ് പാർട്ടി ഉയർത്തുന്ന ശരിയായ വിഷയങ്ങൾക്ക് പിന്തുണ തുടരും. വിഷയങ്ങൾ ശരിയല്ലെങ്കിൽ സ്വതന്ത്ര ശബ്ദമായി തുടരുകയും ചെയ്യും.'' അദ്ദേഹം അറിയിച്ചു.

പാർട്ടി വിടാനുള്ള കാരണം തീർത്തും വ്യക്തിപരമായ കാര്യമാണെന്നും കപിൽ സിബൽ വെളിപ്പെടുത്തി. അത്തരമൊരു വിഷയത്തിൽ പൊതുസമൂഹത്തിനു മുന്നിൽ ഏതെങ്കിലും തരത്തിലുള്ള അഭിപ്രായ പ്രകടനം നടത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. കഴിഞ്ഞതെല്ലാം പൊതുചർച്ചയിലേക്ക് കൊണ്ടുവരാൻ ഞാൻ ആഗ്രഹിക്കുന്നില്ല. കോൺഗ്രസിന്റെ ആഭ്യന്തര പ്രവർത്തനത്തെക്കുറിച്ച് പ്രതികരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. കോൺഗ്രസിനകത്താണെങ്കിൽ ചെയ്യാനാകുന്നത് ഞാൻ ചെയ്യുമായിരുന്നു. എന്നാൽ, പുറത്തിരുന്ന് ഒരു പാർട്ടിയുടെ ആഭ്യന്തര രീതിയെക്കെതിരെ ഒന്നും പറയില്ല. കോൺഗ്രസിനോട് വിദ്വേഷമോ ശത്രുതയോ ഒന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

''കോൺഗ്രസിൽനിന്ന് ഞാൻ ഒരിക്കലും രാജ്യസഭാ സീറ്റ് ആവശ്യപ്പെട്ടിട്ടില്ല. പാർട്ടി നേതൃത്വത്തോട് ചോദിക്കൂ, ഞാൻ എപ്പോഴെങ്കിലും രാജ്യസഭാ സീറ്റ് ആവശ്യപ്പെട്ടിട്ടുണ്ടോയെന്ന്. എനിക്ക് മറ്റൊരു പാർട്ടിയിൽ ചേരാമായിരുന്നു. സ്വതന്ത്ര സ്ഥാനാർത്ഥിയായി പാർലമെന്റിലെത്തുമെന്ന് എനിക്ക് പറയേണ്ടിവരുമായിരുന്നില്ല. ആളുകൾക്ക് വിമർശിക്കാനുള്ള എല്ലാ അവകാശവുമുണ്ട്. എന്നാൽ, കോൺഗ്രസ് നേതൃത്വം അത്തരത്തിലൊരു പരാമർശം നടത്തിയതായി എനിക്ക് തോന്നുന്നില്ല.''

ശക്തമായ പ്രതിപക്ഷം വേണമെന്നാണ് അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. അദ്ദേഹം ആത്മാർത്ഥമായാണ് പറഞ്ഞതെങ്കിൽ പറഞ്ഞത് നടപ്പാക്കണം. എന്തിനാണ് രാജ്യത്തെ പ്രധാനപ്പെട്ട എല്ലാ നേതാക്കന്മാരെയും കേന്ദ്ര ഏജൻസികളെക്കൊണ്ട് വേട്ടയാടുന്നത്? ബി.ജെ.പിയിലുള്ള ഒരാൾക്കെതിരെയും ഇ.ഡി, സി.ബി.ഐ, ആദായ നികുതി വകുപ്പ് അന്വേഷണങ്ങളൊന്നുമില്ല. ശക്തമായ പ്രതിപക്ഷം വേണമെന്ന് പറയുകയും സ്വന്തം ഏജൻസികളെ രാഷ്ട്രീയ താൽപര്യങ്ങൾക്കു വേണ്ടി ഉപയോഗിക്കുകയും ചെയ്യുന്നത് ശരിയല്ലെന്നും കപിൽ സിബൽ കൂട്ടിച്ചേർത്തു.

Summary: Will continue to support right causes of Congress and be an independent voice if causes are not right: Kapil Sibal

TAGS :

Next Story