Quantcast

60,000 കോടി ചെലവില്‍ ഏഴ് വിമാനത്താവളങ്ങള്‍ വികസിപ്പിക്കാന്‍ അദാനി ഗ്രൂപ്പിന് പദ്ധതിയുണ്ട്: കരണ്‍ അദാനി

അദാനി ഗ്രൂപ്പ് നിയന്ത്രിക്കുന്ന വിമാനത്താവളങ്ങളുടെ ശേഷി 2040 ഓടെ മൂന്നിരട്ടിയായി ഉയരുമെന്ന് കരണ്‍ അദാനി പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2024-03-11 11:48:22.0

Published:

11 March 2024 11:45 AM GMT

Karan Adani _CEO of Adani Ports & Special Economic Zone Ltd
X

ഡല്‍ഹി: അടുത്ത പത്തുവര്‍ഷത്തിനുള്ളില്‍ രാജ്യത്തിലെ ഏഴ് വിമാനത്താവളങ്ങള്‍ വിപുലീകരിക്കാനൊരുങ്ങി അദാനി ഗ്രൂപ്പ്. '60,000 കോടി രൂപയാണ് വികസന ചെലവ്. അദാനി പോർട്ട് ഗ്രൂപ്പ് നിയന്ത്രിക്കുന്ന വിമാനത്താവളങ്ങളുടെ ശേഷി 2040 ഓടെ മൂന്നിരട്ടിയായി ഉയരുമെന്നും' കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍ കരണ്‍ അദാനി പറഞ്ഞു.

'ഇതില്‍ 30,000 കോടി എയര്‍സൈഡിനും ബാക്കി മുംബൈ, അഹമ്മദാബാദ്, ലഖ്നൗ, മംഗലാപുരം, ഗുവാഹത്തി, ജയ്പൂര്‍, തിരുവനന്തപുരം എന്നീ വിമാനത്താവളങ്ങളിലെ സിറ്റിസൈഡിനും വേണ്ടി ചെലവഴിക്കും'. അദാനി എയര്‍പോര്‍ട്ട് ഹോള്‍ഡിംഗ്‌സ് സി.ഇ.ഒ അരുണ്‍ ബന്‍സാല്‍ പറഞ്ഞു.

വിമാനത്താവളത്തിന്റെ ആഗമന-പുറപ്പെടല്‍ വിഭാഗം, റണ്‍വേ, കണ്‍ട്രോള്‍ ടവറുകള്‍, ഹാംഗറുകള്‍ എന്നിവ ഉള്‍പ്പെടുന്ന ഭാഗമാണ് എയര്‍സൈഡ്. എന്നാല്‍ സിറ്റിസൈഡ് വിമാനത്താവളത്തിന് ചുറ്റുമുള്ള വാണിജ്യ സൗകര്യങ്ങളുള്ള വിഭാഗത്തെയാണ് സൂചിപ്പിക്കുന്നത്.

നവി മുംബൈ വിമാനത്താവളത്തിന്റെ ഒന്നാം ഘട്ട വികസനത്തിന് അനുവദിച്ച 18,000 കോടി രൂപ 60,000 കോടി വികസന പദ്ധതിയില്‍പെടില്ലെന്നും ബന്‍സാല്‍ വ്യക്തമാക്കി.

ഇന്നലെ ലഖ്നൗ വിമാനത്താവളത്തില്‍ പുതിയ ടെര്‍മിനല്‍ ഉദ്ഘാടനം ചെയ്തു. 'അദാനി ഗ്രൂപ്പിന്റെ വിമാനത്താവളങ്ങള്‍ക്ക് പ്രതിവര്‍ഷം 11 കോടി യാത്രക്കാരെ ഉള്‍ക്കൊള്ളാനുള്ള ശേഷിയുണ്ടെന്നും ഇത് മൂന്നിരട്ടിയായി ഉയര്‍ത്തുമെന്നും അദാനി ഉദ്ഘാടന ചടങ്ങില്‍ പറഞ്ഞു. 2040 ഓടെ വര്‍ഷത്തില്‍ 30 കോടി വരെ യാത്രാക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന പദ്ധതിയാണ് കൊണ്ടുവരുന്നത്'. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'ഗ്രൂപ്പിന് എയര്‍പോര്‍ട്ട് സബ്സിഡിയറി ലിസ്റ്റ് ചെയ്യാനുള്ള പദ്ധതികള്‍ ഇല്ലെന്നും മാതൃ കമ്പനിയായ അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡിലൂടെയാണ് നിക്ഷേപ ധനസഹായം ലഭിക്കുകയെന്നും' അദ്ദേഹം വ്യക്തമാക്കി.

TAGS :

Next Story