Quantcast

'ചെയ്തതിലെല്ലാം ലജ്ജിക്കുന്നു'; ബി.ബി.സിയിലും സൺ ടി.വിയിലും കരൺ ഥാപ്പറുടെ കുറ്റസമ്മതമെന്നു വ്യാജപ്രചാരണം, വിശദീകരണം

വേണ്ട നടപടികൾ സ്വീകരിക്കാൻ ബി.ബി.സിയോടും സൺ ടി.വിയോടും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കരൺ ഥാപ്പർ

MediaOne Logo

Web Desk

  • Updated:

    2023-11-02 13:56:54.0

Published:

2 Nov 2023 10:50 AM GMT

Karan Thapar denies the allegedly malicious and defamatory content on him circulating on social media which is false and fabricated, Karan Thapar Releases Statement on Fake Facebook Posts and Web Pages, Karan Thapar,
X

ന്യൂഡൽഹി: സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ തന്റെ പേരിൽ നടക്കുന്ന വ്യാജ വാർത്തകളിൽ വിശദീകരണവുമായി പ്രമുഖ ഇന്ത്യൻ മാധ്യമപ്രവർത്തകൻ കരൺ ഥാപ്പർ. താൻ ചെയ്തതിലെല്ലാം ലജ്ജിക്കുന്നുവെന്ന തലക്കെട്ടോടെയാണ് ഥാപ്പറുടെയും ശശി തരൂറിന്റെയും ചിത്രങ്ങൾ ചേർത്തുകൊണ്ടുള്ള വെബ്‌സൈറ്റ് ലിങ്കുകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. സാമ്പത്തിക തട്ടിപ്പുസംഘമാണ് ഫേസ്ബുക്ക് പേജിനും വെബ്‌സൈറ്റിനും പിന്നിലുള്ളതെന്ന് ഥാപ്പർ പ്രതികരിച്ചതായി 'ദ വയര്‍' റിപ്പോര്‍ട്ട് ചെയ്തു.

തനിക്കെതിരെ അപകീർത്തികരവും വിദ്വേഷകരവുമായ ചില ഉള്ളടക്കങ്ങൾ ബി.ബി.സി ഡോട്ട് ഇന്ത്യ, സൺ ടി.വി എന്നീ പേരുകൾ ഉപയോഗിച്ചുള്ള ചില വ്യാജ-തട്ടിപ്പ് വെബ്‌സൈറ്റുകളിലും ഫേസ്ബുക്ക് പേജുകളിലും പ്രചരിക്കുന്നത് സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും ശ്രദ്ധയിൽപെടുത്തിയിരുന്നു. സൺ ടി.വിയുടേതെന്നു പറഞ്ഞ് ഒരു പൂജിത ദേവരാജുവും ഞാനും തമ്മിൽ നടന്നെന്ന് ആരോപിക്കുന്ന ഒരു സംഭാഷണമാണ് octequiti.com എന്നൊരു വെബ് പേജ് കാണിക്കുന്നത്. ക്ലിക്ക് ബൈറ്റ് ക്യാപ്ഷനുകൾ അടങ്ങിയ, പണം തട്ടാൻ ഉപയോഗിക്കുന്ന വ്യാജ വെബ്‌സൈറ്റ് ആണിതെന്ന് കരൺ ഥാപ്പർ ചൂണ്ടിക്കാട്ടി.

''ഉത്തരവാദിത്തബോധമുള്ള പൗരനെന്ന നിലയിൽ ഇതുമായി ബന്ധപ്പെട്ട യാഥാർത്ഥ്യവും വസ്തുതകളും പൊതുസമൂഹത്തിനു മുന്നിൽ വ്യക്തമാക്കലും എന്റെ പ്രതികരണം അറിയിക്കലും അത്യാവശ്യമായാണു കാണുന്നത്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന കെട്ടിച്ചമച്ചുണ്ടാക്കിയ ആ വ്യാജ-വിദ്വേഷ വിവരം ഞാൻ നിഷേധിക്കുകയാണ്. അതിൽ വിശ്വസിക്കുകയോ, അതിനനുസരിച്ച് ഇടപെടുകയോ ചെയ്യരുതെന്ന് പൊതുസമൂഹത്തോട് ആവശ്യപ്പെടുന്നു.''

ഇത്തരമൊരു അഭിമുഖം താൻ നൽകിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഈ ഉള്ളടക്കം നീക്കണമെന്ന് ആവശ്യപ്പെട്ട് ഫേസ്ബുക്കിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പൊലീസിൽ പരാതി നൽകുകയും ചെയ്തിട്ടുണ്ട്. ബി.ബി.സിക്കും സൺ ടി.വിക്കും ഇതേക്കുറിച്ചു വിവരം നൽകുകയും വേണ്ട നടപടികൾ സ്വീകരിക്കാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ടെന്നും കരൺ ഥാപ്പർ കൂട്ടിച്ചേർത്തു.

ബി.ബി.സിയുടെ അതേ ഹോംപേജ് അപ്പാടെ പകര്‍ത്തിയാണ് വ്യാജ വാര്‍ത്ത നല്‍കിയിരിക്കുന്നത്. 'I am ashamed of what I did-Karan Thapar' എന്ന തലക്കെട്ടും എല്ലാവരെയും ഞെട്ടിക്കുന്ന കുറ്റസമ്മതം എന്ന കാപ്ഷനും ചേര്‍ത്താണ് Baatarbileg Yo എന്ന ഫേസ്ബുക്കില്‍ പേജില്‍ ബി.ബി.സി എന്ന വ്യാജേന വാര്‍ത്ത പ്രചരിക്കുന്നത്. എന്നാല്‍, ഈ ലിങ്ക് തുറന്നാല്‍ octshareb.com എന്ന മറ്റൊരു പേജിലേക്കാണ് വാര്‍ത്ത പോകുന്നത്. ഇതില്‍ 'വണക്കം തമിഴാ' എന്ന് ഷോയുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളില്‍ പ്രതികരിക്കാന്‍ വിസമ്മതിച്ച് സണ്‍ ടി.വി എന്ന തലക്കെട്ടാണു കാണിക്കുന്നത്. വാര്‍ത്തയുടെ ഉള്ളടക്കത്തില്‍ ഥാപ്പറുമായി ഒരു ബന്ധവുമില്ലാത്ത, പണം തട്ടിപ്പിനു വലവിരിക്കുന്ന വിവരങ്ങളാണ് അഭിമുഖം എന്ന പേരില്‍ ചേര്‍ത്തിരിക്കുന്നത്. തട്ടിപ്പ് പേജുകളിലേക്കു പോകുന്ന ഹൈപ്പര്‍ലിങ്കുകളും ഇതിനൊപ്പം ചേര്‍ത്തിട്ടുണ്ട്.

Summary: Karan Thapar denies the allegedly malicious and defamatory content on him circulating on social media which is false and fabricated

TAGS :

Next Story