മകന് സീറ്റില്ല; ഇനി ഒരിക്കലും മത്സരിക്കാനില്ലെന്ന് ബി.ജെ.പി എം.എല്‍.എ ഈശ്വരപ്പ
കര്‍ണാടകയില്‍ നാമനിർദേശ പത്രികാ സമർപ്പണം ആരംഭിക്കാന്‍ രണ്ട് ദിവസം മാത്രം ശേഷിക്കെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാവാതെ ബി.ജെ.പി
ബംഗളൂരു: തര്‍ക്കം മൂലം കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെ പ്രഖ്യാപിക്കാൻ കഴിയാതെ ബി.ജെ.പി. ബി.എസ് യെദ്യൂരപ്പ ഉൾപ്പെടെ മുതിർന്ന നേതാക്കൾ എതിർപ്പ് പ്രകടിപ്പിച്ച സാഹചര്യത്തിൽ ബി.ജെ.പി വീണ്ടും ഉന്നതതല യോഗം ചേരും. മകന് സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് ബി.ജെ.പി സിറ്റിങ് എം.എൽ.എയും മുൻ ഉപമുഖ്യമന്ത്രിയുമായ കെ.എസ് ഈശ്വരപ്പ മൽസരരംഗത്തു നിന്നും പിന്മാറി.
നാമനിർദേശ പത്രികാ സമർപ്പണം ആരംഭിക്കാൻ രണ്ട് ദിവസം മാത്രം ശേഷിക്കെ മുതിർന്ന നേതാക്കൾ കർണാടകയിൽ ബി.ജെ.പിക്ക് തലവേദനയാവുകയാണ്. പ്രധാനമന്ത്രി പങ്കെടുത്ത കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗത്തിൽ നടത്തിയ സ്ഥാനാർഥി നിർണയത്തിൽ നേതാക്കൾക്ക് അതൃപ്തിയുണ്ട്. സിറ്റിങ് എം.എൽ.എമാരുടെയും എം.പിമാരുടെയും മക്കൾക്ക് സീറ്റ് നൽകേണ്ട എന്ന പ്രധാനമന്ത്രിയുടെ തീരുമാനത്തെ തുടർന്ന് ബി.എസ് യെദ്യൂരപ്പ മൽസര രംഗത്തു നിന്നും പിന്മാറിയിരുന്നു. പകരം മകൻ ബി.വൈ വിജയേന്ദ്രയെ പരിഗണിക്കാൻ ആണ് പാർട്ടി നേതൃത്വത്തോട് യെദ്യൂരപ്പ ആവശ്യപ്പെട്ടത്.
മകൻ കെ.ഇ കാന്തേഷിന് സീറ്റ് നിഷേധിച്ചതും സിറ്റിങ് സീറ്റായ ശിവമോഗയ്ക്ക് പകരം സിദ്ധരാമയ്യയെ നേരിടാൻ വരുണയിൽ പാർട്ടി ടിക്കറ്റ് നൽകിയതുമാണ് മുൻ ഉപമുഖ്യമന്ത്രി കൂടിയായ കെ.എസ് ഈശ്വരപ്പയെ പ്രകോപിപ്പിച്ചത്. 40 വർഷത്തെ പാർലമെന്‍ററി പാർട്ടി പ്രവർത്തനത്തിൽ നിന്നും പിന്മാറുന്നുവെന്നും ഒരു സീറ്റിലേക്കും തന്നെ പരിഗണിക്കേണ്ടെന്നും പാർട്ടി അധ്യക്ഷൻ ജെ.പി നദ്ദയ്ക്കയച്ച കത്തിൽ ഈശ്വരപ്പ വ്യക്തമാക്കി.
"കഴിഞ്ഞ 40 വർഷത്തിനിടയിൽ പാർട്ടി എനിക്ക് ഒരുപാട് ഉത്തരവാദിത്തങ്ങൾ നൽകി. ഒരു ബൂത്ത് ഇൻചാർജിൽ നിന്ന് സംസ്ഥാനത്ത് പാർട്ടി അധ്യക്ഷനായി ഞാൻ വളര്‍ന്നു. ഉപമുഖ്യമന്ത്രിയായി. ഞാന്‍ ഇനി തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാനില്ല. എന്‍റെ സ്വന്തം തീരുമാനമാണിത്"- ഈശ്വരപ്പ കത്തില്‍ വ്യക്തമാക്കി.
പല ബി.ജെ.പി നേതാക്കളും സ്ഥാനാർഥി നിർണയത്തിൽ കേന്ദ്ര നേതൃത്വത്തെ അതൃപ്തി അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അമിത് ഷായുടെ നേതൃത്വത്തിൽ വീണ്ടും യോഗം ചേർന്ന് സ്ഥാനാർഥി പട്ടിക പുനക്രമീകരിക്കാൻ ബി.ജെ.പി ഒരുങ്ങുന്നത്. തര്‍ക്കമില്ലെന്നും ഇന്നോ നാളെയോ പ്രഖ്യാപനം ഉണ്ടാകുമെന്നുമാണ് ബി.ജെ.പി നേതൃത്വത്തിന്റെ അവകാശവാദം.
Summary- Senior BJP leader KS Eshwarappa today said he would not contest the Karnataka election. "I am withdrawing from electoral politics" Eshwarappa said in a letter to BJP president JP Nadda.
Adjust Story Font
16