കർണാടകയിൽ മന്ത്രിസഭാ വിപുലീകരണ ചർച്ചകൾക്ക് തുടക്കം; 23പേർ കൂടി മന്ത്രിസഭയിലേക്ക്
എട്ടുപേരാണ് ഇന്നലെ മുഖ്യമന്ത്രിക്കും ഉപമുഖ്യമന്ത്രിക്കുമൊപ്പം സത്യപ്രതിജ്ഞ ചെയ്തത്.
ബംഗളൂരു: കർണാടകയിൽ 23പേർ കൂടി മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും. ഈ ആഴ്ച അവസാനത്തോടെ ഈ വിഷയത്തിൽ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് കോൺഗ്രസ് നേതൃത്വം നൽകുന്ന വിവരം. ആദ്യഘട്ട ചർച്ചകൾക്ക് നാളെ ബംഗളൂരുവിൽ തുടക്കമാകും. സംസ്ഥാന നേതാക്കൾ ഏകദേശ ധാരണയിലെത്തിയ ശേഷം ഹൈക്കമാൻഡ് ആവും അന്തിമ തീരുമാനമെടുക്കുക.
മന്ത്രിസഭയിൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ട എട്ടുപേരാണ് ഇന്നലെ മുഖ്യമന്ത്രിക്കും ഉപമുഖ്യമന്ത്രിക്കും ഒപ്പം സത്യപ്രതിജ്ഞ ചെയ്തത്. സാമുദായിക സമവാക്യങ്ങൾ അടക്കം പരിഗണിച്ചായിരിക്കും പുതിയ മന്ത്രിമാരെ തീരുമാനിക്കുന്നത്. വകുപ്പുകൾ വീതംവെക്കുന്നത് സംബന്ധിച്ചും ചർച്ചകൾ നടക്കേണ്ടതുണ്ട്.
മുഖ്യമന്ത്രി സിദ്ധരാമയ്യ പൊതുഭരണത്തിനൊപ്പം ധനകാര്യവകുപ്പും ഏറ്റെടുക്കുമെന്ന് സൂചനകളുണ്ട്. 1994ൽ ദേവഗൗഡ മന്ത്രിസഭയിൽ അദ്ദേഹം ധനകാര്യമന്ത്രിയായിരുന്നപ്പോൾ സംസ്ഥാനം മികച്ച സാമ്പത്തിക ഭദ്രത കൈവരിച്ചിരുന്നു. ഡി.കെ ശിവകുമാർ ആഭ്യന്തരം, ഊർജം എന്നീ വകുപ്പുകൾ ഏറ്റെടുക്കുമെന്നാണ് സൂചന.
Adjust Story Font
16