200 യൂണിറ്റ് സൗജന്യ വൈദ്യുതി മുതൽ സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര വരെ; അഞ്ച് വാഗ്ദാനങ്ങൾ പാസാക്കി കർണാടക മന്ത്രിസഭ
ഈ സാമ്പത്തിക വർഷം തന്നെ എല്ലാ പദ്ധതികളും നടപ്പിലാക്കുമെന്നാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി.
ബെംഗളൂരു: കർണാടകയിൽ കോൺഗ്രസിന്റെ അഞ്ച് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പാസാക്കി സിദ്ധരാമയ്യ മന്ത്രിസഭ. ഓരോ കുടുംബത്തിനും 200 യൂണിറ്റ് സൗജന്യ വൈദ്യുതി നൽകുന്ന ഗൃഹജ്യോതി പദ്ധതി, കുടുംബനാഥകളായ സ്ത്രീകൾക്ക് പ്രതിമാസം 2000 രൂപ ധനസഹായം നൽകുന്ന ഗൃഹലക്ഷ്മി പദ്ധതി, എല്ലാ ബിപിഎൽ, അന്ത്യോദയ കാർഡ് ഉടമകൾക്കും പത്ത് കിലോ അരി സൗജന്യമായി നൽകുന്ന അന്നഭാഗ്യ പദ്ധതി, തൊഴിൽ രഹിതരായ യുവാക്കൾക്ക് മാസം തോറും ധനസഹായം നൽകുന്ന യുവനിധി പദ്ധതി, സർക്കാർ ബസുകളിൽ എല്ലാ സ്ത്രീകൾക്കും സൗജന്യയാത്ര അനുവദിക്കുന്ന ശക്തി പദ്ധതി എന്നിവയ്ക്കാണ് മന്ത്രിസഭ അംഗീകാരം നൽകിയത്.
ഈ സാമ്പത്തിക വർഷം തന്നെ എല്ലാ പദ്ധതികളും നടപ്പിലാക്കുമെന്നാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി. 'ഞങ്ങൾ ഇന്ന് മന്ത്രിസഭായോഗം ചേർന്നു. അഞ്ച് വാഗ്ദാനങ്ങളും വിശദമായി ചർച്ച ചെയ്തു. അവ നടപ്പ് സാമ്പത്തിക വർഷത്തിൽ തന്നെ നടപ്പിലാക്കാൻ തീരുമാനിക്കുകയും ചെയ്തു'- സിദ്ധരാമയ്യ പറഞ്ഞു.
18-25 വയസിനിടയിൽ പ്രായമുള്ള തൊഴിൽരഹിതരായ ബിരുദധാരികളായ യുവാക്കൾക്ക് പ്രതിമാസം 3000 രൂപയാണ് നൽകുക. ഡിപ്ലോമയുള്ളവർക്ക് രണ്ട് വർഷത്തേക്ക് 1500 രൂപയും ലഭിക്കും. ശക്തി പദ്ധതിക്കു കീഴിൽ, വിദ്യാർഥിനികളുൾപ്പെടെ എല്ലാ സ്ത്രീകൾക്കും ജൂൺ 11 മുതൽ സർക്കാർ ഉടമസ്ഥതയിലുള്ള ബസുകളിൽ (കെ.എസ്.ആർ.ടി.സി, സിറ്റി ബസുകൾ) യാത്ര ചെയ്യാം. എന്നാൽ എ.സി ബസുകളിൽ ഇത് ബാധകമല്ല. ജൂലൈ മുതൽ 200 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി നൽകുമെന്നും സിദ്ധരാമയ്യ വ്യക്തമാക്കി.
കുടുംബനാഥകൾക്ക് ഗൃഹലക്ഷ്മി പദ്ധതി പ്രകാരം ആഗസ്റ്റ് 15 മുതലാണ് 2,000 രൂപ നൽകുക. എപിഎൽ, ബിപിഎൽ കാർഡ് ഉടമകളായ കുടുംബനാഥകൾക്കാണിത്. ബിപിഎൽ കാർഡ് ഉടമകളായ എല്ലാ അംഗങ്ങൾക്കും ജൂലൈ ഒന്നു മുതലാവും 10 കിലോ അരി സൗജന്യമായി നൽകുക. കർണാടകയിലെ ജനങ്ങൾക്കായി ജാതി- മത- ഭാഷാ ഭേദമില്ലാതെ എല്ലാ പദ്ധതികളും നടപ്പാക്കുമെന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി വിശദമാക്കി.
Adjust Story Font
16