Quantcast

കോണ്‍ഗ്രസ് എം.എല്‍.എക്കെതിരെ വാട്‌സാപ്പ് സ്റ്റാറ്റസ് ഇട്ടതിന് പൊലീസ് കോണ്‍സ്റ്റബിളിന് സസ്പെന്‍ഷന്‍; ആരോപണം

ആഗസ്ത് എട്ടിന് പോസ്റ്റ് ചെയ്ത വാട്‌സാപ്പ് സ്റ്റാറ്റസിൽ തന്‍റെ സ്ഥലംമാറ്റത്തില്‍ കടൂർ എം.എൽ.എ കെ.എസ് ആനന്ദ് ഇടപെട്ടുവെന്ന് ലത ആരോപിച്ചിരുന്നു

MediaOne Logo

Web Desk

  • Published:

    16 Aug 2023 6:14 AM GMT

Latha
X

ലത

ബെംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് എം.എല്‍.എക്കെതിരെ വാട്ട്സാപ്പ് സ്റ്റാറ്റസ് ഇട്ടതിനു പിന്നാലെ പൊലീസ് കോണ്‍സ്റ്റബിളിന് സസ്പെന്‍ഷന്‍. ചിക്കമംഗളൂരു ജില്ലയിൽ സേവനമനുഷ്ഠിക്കുന്ന ലത എന്ന പൊലീസുകാരിയെയാണ് സസ്പെന്‍ഡ് ചെയ്തത്. ആഗസ്ത് എട്ടിന് പോസ്റ്റ് ചെയ്ത വാട്‌സാപ്പ് സ്റ്റാറ്റസിൽ തന്‍റെ സ്ഥലംമാറ്റത്തില്‍ കടൂർ എം.എൽ.എ കെ.എസ് ആനന്ദ് ഇടപെട്ടുവെന്ന് ലത ആരോപിച്ചിരുന്നു.

ആഗസ്ത് 11 ന് ചിക്കമംഗളൂരു എസ്.പി ഉമാ പ്രശാന്താണ് ലതയെ സസ്പെന്‍ഡ് ചെയ്തത്. തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന്‍റെ ഉത്തരവാദിത്തം ആനന്ദിനായിരിക്കുമെന്നുമായിരുന്നു ലതയുടെ സ്റ്റാറ്റസ്. കടൂരിൽ നിന്ന് തരികെരെയിലേക്കുള്ള സ്ഥലംമാറ്റവുമായി ബന്ധപ്പെട്ടായിരുന്നു ഈ ആരോപണം. എന്നാല്‍ ലതയുടെ സസ്പെൻഷന്‍റെ കാരണം വാട്‍സാപ്പ് സ്റ്റാറ്റസ് മാത്രമല്ലെന്നും വെളിപ്പെടുത്താത്ത മറ്റ് കാരണങ്ങളുണ്ടെന്നും ഉമ പ്രശാന്ത് പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഹെൽമറ്റ് ധരിക്കാത്ത കോൺഗ്രസ് പ്രവർത്തകർക്ക് ലത പിഴ ചുമത്തിയെന്നാണ് റിപ്പോർട്ട്. തുടർന്ന് പ്രവർത്തകർ ഈ സംഭവം ആനന്ദിനെ അറിയിക്കുകയും ആനന്ദ് അവരെ സന്ദര്‍ശിക്കുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

സംഭവത്തിനു പിന്നാലെ ചിക്കമംഗളൂരു പൊലീസ് സൂപ്രണ്ട് ലതയെ കടൂരിൽ നിന്ന് തരികെരെയിലേക്ക് സ്ഥലം മാറ്റാൻ ഉത്തരവിടുകയായിരുന്നു. ആനന്ദാണ് ഇതിനു പിന്നിലെന്ന നിഗമനത്തില്‍ ലത എം.എല്‍.എയെ കണ്ടിരുന്നു. ഇതിനു ശേഷമാണ് ആനന്ദിനെതിരായ ലതയുടെ സ്റ്റാറ്റസ് പ്രത്യക്ഷപ്പെട്ടത്. ആരോപണം നിഷേധിച്ച ആനന്ദ് കോൺസ്റ്റബിളിന്‍റെ സ്ഥലംമാറ്റത്തിൽ പങ്കില്ലെന്ന് പ്രതികരിച്ചു. താൻ ശിപാർശ കത്ത് നൽകിയിട്ടില്ലെന്നും സ്ഥലംമാറ്റത്തെ തരത്തിലുള്ള നടപടികളിൽ ഏർപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.ഇത്തരം സ്ഥലംമാറ്റങ്ങൾ പൊലീസ് വകുപ്പിനുള്ളിലെ പതിവ് പ്രക്രിയയാണെന്നും വ്യക്തിപരമായ ശുപാർശകൾക്ക് വിധേയമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്ഥലംമാറ്റത്തിൽ തനിക്ക് പങ്കില്ലാത്തതിനാൽ വ്യക്തതയ്ക്കായി മേലുദ്യോഗസ്ഥരുമായി ആശയവിനിമയം നടത്താൻ കോൺസ്റ്റബിളിനോട് നിർദ്ദേശിച്ചതായും എം.എൽ.എ പറഞ്ഞു.

ലതയുമായുള്ള സംഭാഷണത്തിന് തൊട്ടുപിന്നാലെ തനിക്കെതിരെ ഒരു സോഷ്യൽ മീഡിയ സ്റ്റാറ്റസ് കണ്ടെത്തിയതിൽ ആശ്ചര്യപ്പെട്ടുവെന്നും എം.എൽ.എ വിശദീകരിച്ചു. പൊലീസ് വകുപ്പിനുള്ളിൽ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് സ്റ്റാറ്റസില്‍ ആരോപിച്ചിരിക്കുന്നത്. വിഷയം നിയമസഭാ സ്പീക്കറുടെ മുമ്പാകെ കൊണ്ടുവരുമെന്ന് എം.എൽ.എ അറിയിച്ചതോടെ സംഭവം വിവാദമായിരിക്കുകയാണ്.

TAGS :

Next Story