Quantcast

മഅ്ദനിയെ കേരളത്തിലേക്ക് വിടരുതെന്ന് കർണാടക; വിട്ടാൽ എവിടേക്കും ഒളിച്ചോടില്ലെന്ന് കപിൽ സിബൽ; നടന്നത് ചൂടേറിയ വാദപ്രതിവാദങ്ങൾ

വർഷങ്ങളായി കർണാടകയിൽ ജാമ്യത്തിലായിരുന്നു മഅ്ദനി. ഇതുവരെ ജാമ്യവ്യവസ്ഥ ലംഘിച്ചിട്ടില്ല. കർണാടകയിൽ നിന്ന് ചെയ്യാനാവാത്ത എാന്ത് കാര്യമാണ് കേരളത്തിൽ പോയി ചെയ്യുക?- അദ്ദേഹം ചോദിച്ചു.

MediaOne Logo

Web Desk

  • Updated:

    2023-04-17 14:17:53.0

Published:

17 April 2023 12:02 PM GMT

മഅ്ദനിയെ കേരളത്തിലേക്ക് വിടരുതെന്ന് കർണാടക; വിട്ടാൽ എവിടേക്കും ഒളിച്ചോടില്ലെന്ന് കപിൽ സിബൽ; നടന്നത് ചൂടേറിയ വാദപ്രതിവാദങ്ങൾ
X

ന്യൂഡൽഹി: ആരോഗ്യപ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി കേരളത്തിലേക്ക് പോവാൻ അനുവദിക്കണമെന്ന പി.ഡി.പി ചെയർമാൻ അബ്ദുൽ നാസർ മഅ്ദനിയുടെ ഹരജി പരിഗണിക്കെ ഇന്ന് സുപ്രിംകോടതിയിൽ നടന്നത് ചൂടേറിയ വാദപ്രതിവാദങ്ങൾ. ഡോക്ടറെ പ്രേരിപ്പിച്ചാണ് മഅ്ദനി ഇത്തരമൊരു മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കിയതെന്നായിരുന്നു കർണാടക സർക്കാരിന്റെ വാദം. എന്നാൽ എന്നാൽ വൃക്കരോഗവും കാഴ്ചാ പരിമിതിയും മാത്രമല്ല പ്രമേഹം വളരെയേറെ മൂർച്ഛിച്ചിരിക്കുകയാണെന്നും അതിനാൽ മഅ്ദനിയെ എത്രയും പെട്ടെന്ന് നാട്ടിലേക്ക് പോവണമെന്നും അഭിഭാഷകനായ കപിൽ സിബൽ വാദിച്ചു.

വൃക്ക മാറ്റിവെക്കേണ്ടിവന്നാൽ കർണാടകയിൽ നിന്നുകൊണ്ട് അതിനു കഴിയില്ല. കേരളത്തിലേക്ക് പോയാലേ അതിന് സാധിക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി. മാത്രമല്ല, അസുഖബാധിതനായ പിതാവിനെ കാണാനും അനുമതി വേണമെന്നും മുമ്പ് മാതാവ് ഗുരുതരാവസ്ഥയിലായിരിക്കെ കാണാനുള്ള അവസരം ലഭിച്ചിരുന്നില്ലെന്നും കപിൽ സിബൽ വാദിച്ചു. ഇക്കാര്യത്തിൽ മാനുഷികപരിഗണന വേണമെന്നും കരുണയുണ്ടാവണമെന്നും കബിൽ സിബൽ ചൂണ്ടിക്കാട്ടി.

മഅ്ദനിയെ കേരളത്തിലേക്ക് പോവാൻ അനുവദിക്കരുതെന്നും കേസിലെ ആറ് പ്രതികളെ ഇനിയും പിടികൂടാനുണ്ടെന്നും നാട്ടിലേക്ക് പോയാൽ അതിന് കാലതാമസുണ്ടാകുമെന്നുമായിരുന്നു കർണാടക സർക്കാർ വാദം. എന്നാൽ കേരളത്തിലേക്ക് വിട്ടാൽ അദ്ദേഹം എവിടേക്കും ഒളിച്ചോടില്ലെന്നും കാരണം മഅ്ദനി ഉത്തരവാദിത്തപ്പെട്ടൊരു രാഷ്ട്രീയപാർട്ടിയുടെ നേതാവാണെന്നും കപിൽ സിബൽ വ്യക്തമാക്കി.

വർഷങ്ങളായി കർണാടകയിൽ ജാമ്യത്തിലായിരുന്നു മഅ്ദനി. ഇതുവരെ ജാമ്യവ്യവസ്ഥ ലംഘിച്ചിട്ടില്ല. കർണാടകയിൽ നിന്ന് ചെയ്യാൻ കഴിയാത്ത എന്ത് കാര്യമാണ് കേരളത്തിൽ പോയി ചെയ്യുകയെന്നും അദ്ദേഹം ചോദിച്ചു. കോടതിയോടും നീതിന്യായ സംവിധാനത്തോടും വളരെ ബഹുമാനത്തോടെ പെരുമാറുന്ന ആളാണ് അദ്ദേഹം.

മുമ്പ് മറ്റൊരു കേസിൽ എട്ടരവർഷം തടവിലാക്കിയിരുന്നെങ്കിലും പിന്നീട് അദ്ദേഹത്തെ നിരപരാധിയെന്ന് കണ്ട് വിട്ടയയ്ക്കുകയായിരുന്നു. ഈയൊരു സാഹചര്യം കൂടി കണക്കിലെടുത്ത് വേണം ഇനിയുള്ള കാര്യങ്ങൾ തീരുമാനിക്കാനെന്നും കപിൽ സിബൽ കോടതിയെ ബോധിപ്പിച്ചു. ഒടുവിൽ കപിൽ സിബലിന്റെ വാദങ്ങൾ അം​ഗീകരിച്ചും കർണാടക സർക്കാർ വാദങ്ങൾ തള്ളിയും മഅ്ദനിക്ക് കേരളത്തിലേക്ക് പോവാൻ സുപ്രിംകോടതി അനുമതി നൽകുകയായിരുന്നു.

വിചാരണയുമായി ബന്ധപ്പെട്ട് എപ്പോൾ വിളിച്ചാലും കർണാടകയിൽ എത്തണമെന്നും വ്യവസ്ഥയുണ്ട്. എട്ട് വർഷമായി ജാമ്യത്തിലാണെങ്കിലും കർണാടകയിൽ തന്നെ നിൽക്കണം എന്നതായിരുന്നു വ്യവസ്ഥ. ഇതിനാണ് ഇപ്പോൾ ഇളവ് അനുവദിച്ചിരിക്കുന്നത്. ജൂലൈ 10 വരെയാണ് സുപ്രിംകോടതി അനുമതി നൽകിയിരിക്കുന്നത്. ഒരു മാസത്തേക്കാണ് അനുമതി ചോദിച്ചതെങ്കിലും സുപ്രിംകോടതി രണ്ട് മാസത്തേക്ക് നൽകുകയായിരുന്നു. കർണാടക പൊലീസിന്റെ നിരീക്ഷണത്തിലും മേൽനോട്ടത്തിലുമായിരിക്കും മഅ്ദനിയെ കൊണ്ടുപോവേണ്ടത്. വിചാരണയുമായി ബന്ധപ്പെട്ട് എപ്പോൾ വിളിച്ചാലും കർണാടകയിൽ എത്തണമെന്നും വ്യവസ്ഥയുണ്ട്.

നേരത്തെ കർണാടക സർക്കാർ മഅ്ദനിക്ക് ഇളവ് അനുവദിക്കുന്നതിനെ എതിർത്ത് കർണാടക സർക്കാർ കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. ഭീകരപ്രവർത്തനം നടത്തിയ ആളാണെന്നും വലിയ രീതിയിലുള്ള സ്വാധീനം ചെലുത്താൻശ്രമിക്കുമെന്നും സർക്കാർ സത്യവാങ്മൂലത്തിൽ അവകാശപ്പെട്ടിരുന്നു. മഅ്ദനി സ്ഥിരം കുറ്റവാളിയാണെന്നായിരുന്നു കർണാടക ഭീകരവിരുദ്ധ സെല്ലിന്റെ വാദം. ആയുർവേദ ചികിത്സ നൽകണമെന്ന് ഡോക്ടർമാർ പറഞ്ഞിട്ടില്ല. സാക്ഷിയെ ഭീഷണിപ്പെടുത്തിയതിന് കേസുണ്ടെന്നുമാണ് കർണാടക ഭീകരവിരുദ്ധ സെൽ സുപ്രിംകോടതിയിയെ അറിയിച്ചത്.

എന്നാൽ, തനിക്ക് ഒരു ഭീകര സംഘടനയുമായി ബന്ധമില്ലെന്നും പ്രതി ചേർത്തിരിക്കുന്നത് ഗൂഢാലോചന കേസിൽ മാത്രമാണെന്നും വ്യക്തമാക്കി മഅ്ദനി കോടതിയിൽ മറുപടി സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. വ്യക്ക തകരാറിലായതിനാൽ വൃക്ക മാറ്റിവെയ്ക്കുന്നതിന് ദാതാവിനെ കണ്ടെത്താനായി കേരളത്തിൽ പോകണമെന്നും അദ്ദേഹം സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു. നേരത്തെ ജാമ്യത്തിൽ ഇറങ്ങിയപ്പോഴും എല്ലാ ജാമ്യ വ്യവസ്ഥകളും പാലിച്ചിരുന്നുവെന്നും മഅ്ദനി വ്യക്തമാക്കി. തന്റെ ആരോഗ്യനില വ്യക്തമാക്കുന്ന ചിത്രങ്ങളടക്കം നൽകിയാണ് മഅ്ദനി സത്യവാങ്മൂലം സമർപ്പിച്ചത്.

TAGS :

Next Story