മൂന്ന് വർഷത്തിനിടെ 900 നിയമവിരുദ്ധ ഗർഭഛിദ്രങ്ങൾ; ഡോക്ടറും ലാബ് ടെക്നീഷ്യനും അറസ്റ്റിൽ
ഓരോ ഗർഭഛിദ്രത്തിനും 30,000 രൂപ വീതമാണ് ഡോക്ടർ ഈടാക്കിയിരുന്നത്.
ബെംഗളൂരു: കർണാടകയിൽ നിയമവിരുദ്ധമായി ഗർഭഛിദ്രം നടത്തിവന്ന ഡോക്ടറും ലാബ് ടെക്നീഷ്യനും അറസ്റ്റിൽ. മൂന്ന് വർഷത്തിനിടെ നിയമവിരുദ്ധമായി 900 ഗർഭഛിദ്രങ്ങൾ നടത്തിയ ഡോ. ചന്ദൻ ബല്ലാൽ, ലാബ് ടെക്നീഷ്യൻ നിസാർ എന്നിവരാണ് പിടിയിലായത്. ഓരോ ഗർഭഛിദ്രത്തിനും 30,000 രൂപ വീതമാണ് ഡോക്ടർ ഈടാക്കിയിരുന്നത്.
മൈസൂരുവിലെ ഒരു ആശുപത്രിയിലായിരുന്നു ഗർഭഛിദ്രങ്ങൾ നടത്തിയിരുന്നത്. സംഭവത്തിൽ ആശുപത്രി മാനേജർ മീണയും റിസപ്ഷനിസ്റ്റ് റിസ്മ ഖാനും ഈ മാസം ആദ്യം അറസ്റ്റിലായിരുന്നതായി പൊലീസ് പറഞ്ഞു.
"കഴിഞ്ഞ മൂന്ന് വർഷത്തിനിടെ, പ്രതിയായ ഡോക്ടർ തന്റെ കൂട്ടാളികളുമായി ചേർന്ന് മൈസൂരു ഹോസ്പിറ്റലിൽ 900ഓളം അനധികൃത ഗർഭഛിദ്രങ്ങൾ നടത്തുകയും ഓരോ ഗർഭച്ഛിദ്രത്തിനും ഏകദേശം 30,000 രൂപ വീതം ഈടാക്കുകയും ചെയ്തതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി"- ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
റാക്കറ്റുമായി ബന്ധമുള്ള മറ്റ് പ്രതികളെ പിടികൂടാൻ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ മാസം മാണ്ഡ്യയിൽ വച്ച് ഗർഭിണിയെ ഗർഭച്ഛിദ്രത്തിനായി കാറിൽ കൊണ്ടുപോകുന്നതിനിടെ ശിവലിംഗ ഗൗഡ, നയൻകുമാർ എന്നിവർ അറസ്റ്റിലായതിനു പിന്നാലെയാണ് ലിംഗനിർണയ- പെൺ ഭ്രൂണഹത്യാ റാക്കറ്റിനെതിരായ നടപടികൾ പൊലീസ് ശക്തമാക്കിയത്.
ചോദ്യം ചെയ്യലിൽ, മാണ്ഡ്യയിൽ അൾട്രാസൗണ്ട് സ്‌കാൻ സെന്ററായി ഉപയോഗിക്കുന്ന ശർക്കര യൂണിറ്റിനെ കുറിച്ച് പ്രതികൾ വെളിപ്പെടുത്തി. അവിടെ നിന്ന് പൊലീസ് സംഘം പിന്നീട് സ്കാൻ മെഷീൻ പിടിച്ചെടുത്തു. മെഷീന് സാധുവായ അംഗീകാരമോ മറ്റ് ഔദ്യോഗിക രേഖകളോ ഉണ്ടായിരുന്നില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥൻ വിശദമാക്കി.
Adjust Story Font
16