Quantcast

കര്‍ണാടകയില്‍ പൊളിറ്റിക്കല്‍ ത്രില്ലര്‍; കുമാരസ്വാമി കിങ് മേക്കറാകുമോ?

കര്‍ണാടകയില്‍ കേവലഭൂരിപക്ഷം ഒറ്റക്ക് നേടിയാല്‍ പോലും കോണ്‍ഗ്രസിനെ സംബന്ധിച്ച് സര്‍ക്കാര്‍ രൂപീകരിക്കുക അത്ര എളുപ്പമുള്ള കാര്യമായിരിക്കില്ല. എം.എല്‍.എ മാരുടെ കൂറുമാറ്റവും ബി.ജെ.പിയുടെ അട്ടിമറി നീക്കങ്ങളെയും അതിജീവിച്ച് ഒറ്റക്ക് സര്‍ക്കാര്‍ രൂപീകരിക്കണമെങ്കില്‍ കേവലഭൂരിപക്ഷത്തിനുമപ്പുറം 20 സീറ്റുകളുടെയെങ്കിലും അധിക ലീഡ് വേണ്ടി വരും.

MediaOne Logo

ഷെഫി ഷാജഹാന്‍

  • Updated:

    2023-05-13 04:35:07.0

Published:

13 May 2023 4:25 AM GMT

KarnatakaElection2023,KarnatakaAssemblyElection,karnataka election update, congress,bjp,Janata Dal
X

എച്ച്.ഡി കുമാരസ്വാമി

കര്‍ണാടകയിലെ ആദ്യ ഘട്ട തെരഞ്ഞെടുപ്പ് ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ കേവലഭൂരിപക്ഷം എന്ന മാജിക് നമ്പരിലേക്ക് ഒറ്റക്ക് എത്താന്‍ കോണ്‍ഗ്രസിന് കഴിഞ്ഞെങ്കിലും ജെ.ഡി.എസ് എക്സ് ഫാക്ടറാകുമോയെന്ന ചര്‍ച്ചകളും ഇതിനോടൊപ്പം പുരോഗമിക്കുകയാണ്. പോസ്റ്റല്‍ ബാലറ്റ് എണ്ണിത്തുടങ്ങിയപ്പോള്‍ ആദ്യ മിനുട്ടുകളില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടന്നെങ്കിലും പിന്നീട് ബി.ജെ.പിക്ക് എത്തിപ്പിടിക്കാന്‍ കഴിയാത്ത തരത്തില്‍ കോണ്‍ഗ്രസ് ലീഡ് ഉയര്‍ത്തുന്ന കാഴ്ചയ്ക്കാണ് കര്‍ണാടക സാക്ഷ്യം വഹിച്ചത്. പോസ്റ്റല്‍ ബാലറ്റില്‍ കൃത്യമായ ലീഡ് പുലര്‍ത്തിയ കോണ്‍ഗ്രസ് വോട്ടിങ് മെഷീനിലേക്ക് വന്നപ്പോള്‍ ലീഡ് ക്രമാതീതമായി ഉയര്‍ത്തുകയായിരുന്നു.

എന്നാല്‍ കര്‍ണാടകയിലും ഗോവയിലുമെല്ലാം സമീപകാലത്ത് കണ്ട് രാഷ്ട്രീയ അട്ടിമറികളും രാഷ്ട്രീയ നാടകങ്ങളും സര്‍ക്കാര്‍ രൂപീകരണത്തില്‍ എത്താതെ അധികാരം സബന്ധിച്ച അവസാന വാക്ക് പറയാന്‍ കഴിയില്ല എന്ന വസ്തുത വ്യക്തമാക്കുന്നതാണ്. നിലവിലെ ട്രെന്‍ഡ് പ്രകാരം കോണ്‍ഗ്രസിന് വ്യക്തമായ ലീഡുണ്ടെങ്കിലും രാഷ്ട്രീയ കുതിരക്കച്ചവും ഓപ്പറേഷന്‍ താമരയും റിസോര്‍ട്ട് പൊളിറ്റിക്സുമെല്ലാം കഴിഞ്ഞ വര്‍ഷങ്ങളില്‍ സൃഷ്ടിച്ച നാടകീയത കര്‍ണാടകയില്‍ ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ട്. അവിടെയാണ് ജെ.ഡി.എസ് വീണ്ടും കര്‍ണാടക രാഷ്ട്രീയത്തിലെ പ്രബലരാകുമോ എന്ന ചോദ്യം പ്രസക്തമാകുന്നത്.

അധികാരക്കസേരയിലേക്ക് എത്താനുള്ള ശ്രമത്തില്‍ 2018 ഉം 2019 ഉം ആവര്‍ത്തിക്കുമോ എന്ന് ഉറ്റുനോക്കുകയാണ് രാഷ്ട്രീയ നിരീക്ഷകര്‍. 2018 ലെ കര്‍ണാടക നിയസമഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി 104 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയിരുന്നു. കോൺഗ്രസ് 80 സീറ്റുകളും ജെ.ഡി.എസ് 37 സീറ്റുകളുമായിരുന്നു അന്ന് നേടിയത്. ഒരു സ്വതന്ത്ര അംഗവും ബി.എസ്.പിയും കർണാടക പ്രജ്ഞാവന്ത ജനതാ പാർട്ടിയും ഓരോ സീറ്റുകളുമായി സഭയിലെത്തി. 2018ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് (38.04) ശതമാനം വോട്ട് വിഹിതം നേടിയപ്പോൾ ബി.ജെ.പി (36.22) ശതമാനം, ജെ.ഡി.എസ് (18.36) ശതമാനം എന്നിങ്ങനെയായിരുന്നു വോട്ട് വിഹിതം.

അവിടെ ഒരു പാർട്ടിക്കും കേവലഭൂരിപക്ഷം നേടാന്‍ കഴിയാത്ത സാഹചര്യത്തില്‍ കോൺഗ്രസും ജെ.ഡി.എസും സഖ്യമുണ്ടാക്കാൻ ശ്രമിക്കുന്നതിനിടെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബി.ജെ.പി യെദിയൂരപ്പയുടെ നേതൃത്വത്തില്‍ സർക്കാർ രൂപീകരിച്ചു. എന്നാല്‍ വിശ്വാസവോട്ടെടുപ്പിന് മുന്നോടിയായി കേവല ഭൂരിപക്ഷം തെളിയിക്കാന്‍ സാധിക്കാത്തതിനാല്‍ യെദിയൂരപ്പ സര്‍ക്കാരിനെ ഗവര്‍ണര്‍ പിരിച്ച് വിട്ടു. പിന്നാലെ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യത്തില്‍ കുമാരസ്വാമി മുഖ്യമന്ത്രിയായ സർക്കാർ അധികാരത്തില്‍ എത്തി.

പക്ഷേ ഒന്നര വര്‍ഷം മാത്രമായിരുന്നു കുമാരസ്വാമിക്ക് മുഖ്യമന്ത്രിക്കസേരയില്‍ ഇരിക്കാന്‍ കഴിഞ്ഞത്. ഭരണ കക്ഷി എം.എല്‍.എ മാരെ വിലയ്ക്കുവാങ്ങിയ ബി.ജെ.പിയുടെ രാഷ്ട്രീയ അട്ടിമറയില്‍ ജെ.ഡി.എസ്-കോണ്‍ഗ്രസ് സഖ്യം വീണു. പിന്നീട് ഒന്നര വർഷം കഴിഞ്ഞതോടെ ഭരണകക്ഷി അംഗങ്ങളെ കൂറുമാറ്റി കുമാരസ്വാമി സർക്കാറിനെ വീഴ്ത്തി ബിജെപി അധികാരം പിടിക്കുകയും ചെയ്തു.

13 കോണ്‍ഗ്രസ് എം.എല്‍.എമാരും മൂന്ന് ജനതാദള്‍ എം.എല്‍.എ മാരും, ഒരു കർണാടക പ്രജ്ഞാവന്ത ജനതാ പാർട്ടി എം.എല്‍.എയുമാണ് അന്ന് രാജിവെച്ച് യെദിയൂരപ്പ സര്‍ക്കാരിനെ നിലത്തിറക്കിയത്. എം.എല്‍.എമാരുടെ കൂറുമാറ്റത്തിന് ശേഷം നടന്ന ബൈ ഇലക്ഷനിലൂടെ 120 സീറ്റ് നേടി ബി.ജെ.പി കേവലഭൂരിപക്ഷം ഒറ്റക്ക് നേടി അധികാരത്തിലെത്തുകയായിരുന്നു. അങ്ങനെ ജെ.ഡി.എസ്-കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള കുമാരസ്വാമി ഗവര്‍ണ്‍മെന്‍റിനെ വീഴ്ത്തി യെദിയൂരപ്പയുടെ നേതൃത്വത്തില്‍ കര്‍ണാകടയില്‍ ബി.ജെ.പി അധികാരത്തിലേറി.

അങ്ങനെയൊരു രാഷ്ട്രീയ പശ്ചാത്തലമുള്ള കര്‍ണാടകയില്‍ കേവലഭൂരിപക്ഷം ഒറ്റക്ക് നേടിയാല്‍ പോലും കോണ്‍ഗ്രസിനെ സംബന്ധിച്ച് സര്‍ക്കാര്‍ രൂപീകരിക്കുക അത്ര എളുപ്പമുള്ള കാര്യമായിരിക്കില്ല. എം.എല്‍.എ മാരുടെ കൂറുമാറ്റവും ബി.ജെ.പിയുടെ അട്ടിമറി നീക്കങ്ങളെയും അതിജീവിച്ച് ഒറ്റക്ക് സര്‍ക്കാര്‍ രൂപീകരിക്കണമെങ്കില്‍ കേവലഭൂരിപക്ഷത്തിനുമപ്പുറം 20 സീറ്റുകളുടെയെങ്കിലും അധിക ലീഡ് വേണ്ടി വരും. എങ്കില്‍ മാത്രമേ അട്ടിമറി സാധ്യതകളെ ഭയക്കാതെ കോണ്‍ഗ്രസിന് അധികാരമുറപ്പിക്കാന്‍ കഴിയൂ. അല്ലാത്ത പക്ഷം കേവലഭൂരിപക്ഷമോ അതിനോടടുത്തോ ലീഡ് വരികയാണെങ്കില്‍ ജെ.ഡി.എസുമായി സുരക്ഷിതമായി സഖ്യമുണ്ടാക്കാനായിരിക്കും കോണ്‍ഗ്രസ് ശ്രമം. അങ്ങനെയെങ്കില്‍ 2018 ആവര്‍ത്തിക്കാനും കുമാരസ്വാമി കര്‍ണാടക പൊളിറ്റിക്സിലെ കിങ് മേക്കാറാകാനും സാധ്യതയേറെയാണ്.

അതേസമയം കര്‍ണാടകയില്‍ ഫലമറി‍ഞ്ഞശേഷം നിലപാട് സ്വീകരിക്കുമെന്നാണ് വോട്ടെണ്ണലിന് മുമ്പ് ജെ.ഡി.എസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എച്ച്.ഡി.കുമാരസ്വാമി പറഞ്ഞത്. ബി.ജെ.പിയും കോണ്‍ഗ്രസും ഇതുവരെ താനുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്നും കുമാരസ്വാമി മാധ്യമങ്ങളോട് വിശദീകരിച്ചു.

TAGS :

Next Story