കാബിനറ്റ് സൗകര്യങ്ങള്‍ പിന്‍വലിക്കണം; കര്‍ണാടക മുഖ്യമന്ത്രിക്ക് യെദിയൂരപ്പയുടെ കത്ത്
മുൻ മുഖ്യമന്ത്രിക്ക് ലഭിക്കുന്ന സൗകര്യങ്ങൾ മാത്രം നൽകിയാൽ മതിയെന്നാണ് ആവശ്യം.
കർണാടക സർക്കാറിന്‍റെ കാബിനറ്റ് റാങ്ക് സൗകര്യങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് മുൻ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ. കാബിനറ്റ് റാങ്ക് മന്ത്രിമാർക്ക് ലഭിക്കുന്ന അതേ സൗകര്യങ്ങൾ യെദിയൂരപ്പക്കും ലഭ്യമാക്കുമെന്ന് വ്യക്തമാക്കി പേഴ്സണൽ ആൻഡ് അഡ്മിനിസ്ട്രേറ്റീവ് റീഫോംസ് കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു. എന്നാല്‍, ഇത് നിരസിച്ച് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈക്ക് യെദിയൂരപ്പ കത്തെഴുതി.
കാബിനറ്റ് പദവിക്ക് ലഭിക്കുന്ന ശമ്പളം, സർക്കാർ വാഹനം, ഔദ്യോഗിക താമസം തുടങ്ങിയവ ലഭ്യമാക്കുമെന്ന ഉത്തരവ് പിൻവലിക്കണമെന്നും മുൻ മുഖ്യമന്ത്രിക്ക് ലഭിക്കുന്ന സൗകര്യങ്ങൾ മാത്രം നൽകിയാൽ മതിയെന്നുമാണ് യെദിയൂരപ്പയുടെ ആവശ്യം.
മാസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്ക് ശേഷം ജൂലൈ 26നാണ് കര്‍ണാടക മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് യെദിയൂരപ്പ രാജിവെക്കുന്നത്. സംസ്ഥാന ഭരണത്തിൽ രണ്ടുവർഷം പൂർത്തിയാക്കുന്ന ദിവസം തന്നെയായിരുന്നു രാജി. തുടര്‍ന്ന്, ജൂലൈ 28ന് യെദിയൂരപ്പയുടെ വിശ്വസ്തൻ ബസവരാജ് ബൊമ്മൈ മുഖ്യമന്ത്രിയായി ചുമതലയേറ്റു. നിലവിൽ എം.എല്‍.എ പദവി മാത്രമാണ് യെദിയൂരപ്പ വഹിക്കുന്നത്.
Adjust Story Font
16