'30 വർഷം മുമ്പ് മരിച്ച മകൾക്ക് വരനെ വേണം'; പത്രത്തിൽ പരസ്യം നൽകി കുടുംബം
'വരൻ പെൺകുട്ടിയുടെ അതേ കുലത്തിൽ പെട്ടതാവണം, 30 വർഷങ്ങൾക്ക് മുമ്പ് മരിച്ചതുമാവണം'
ബംഗളൂരു: 30 വർഷം മുമ്പ് മരിച്ച മകൾക്ക് വരനെ തേടി കുടുംബം. കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലാണ് സംഭവം. കഴിഞ്ഞ ദിവസമാണ് പെൺകുട്ടിയുടെ കുടുംബം നൽകിയ പരസ്യം ഒരു പ്രമുഖ പത്രത്തിൽ പ്രത്യക്ഷപ്പെട്ടത്.
ദക്ഷിണ കന്നഡ ജില്ലയിലുള്ള പുട്ടൂർ എന്ന സ്ഥലത്തെ ഒരു കുടുംബമാണ് വിചിത്രമായ ആവശ്യവുമായി മുന്നോട്ടു വന്നിരിക്കുന്നത്. സംഭവത്തിന്റെ സത്യാവസ്ഥ അന്വേഷിച്ചു ചെന്നവർക്ക് മുന്നിൽ തങ്ങളുടെ അവസ്ഥയും കുടുംബം വിവരിച്ചു. കൂലെ മഡിമെ, പ്രേത മഡുവെ എന്നൊക്കെ അറിയപ്പെടുന്ന ആചാരം നടപ്പിലാക്കാനാണ് കുടുംബം പത്രത്തിൽ പരസ്യം നൽകിയത്. ഉഡുപ്പിയിലുൾപ്പടെ പ്രചാരത്തിലുള്ള പ്രേത വിവാഹം ആണിത്. മരണപ്പെട്ട അവിവാഹിതരുടെ വിവാഹം കുടുംബം നടത്തുന്നതാണ് ഈ ആചാരം.
കുടുംബത്തിൽ നിലനിൽക്കുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരമെന്നോണമാണ് ഇത് നടത്തപ്പെടുന്നത്. മരിച്ചുപോയ ആത്മാവിന് സാധിക്കാതെ പോയ കാര്യങ്ങളാവാം കുടുംബത്തിലെ തടസ്സങ്ങൾക്ക് പിന്നിലെന്ന വിശ്വാസമാണ് ഈ ആചാരത്തിന്റെ അടിസ്ഥാനം. വിവാഹം കഴിക്കാതെ മരണപ്പെട്ട ആളുകളുടെ വിവാഹ സാക്ഷാത്കാരം കുടുംബം നടത്തിയാൽ ഐശ്വര്യം വന്നുചേരുമെന്നാണ് ഉഡുപ്പിയുൾപ്പടെ ദക്ഷിണ കന്നഡയുടെ തീരമേഖലയിലുള്ള സമുദായങ്ങളുടെ വിശ്വാസം.
ഇത്തരം വിവാഹങ്ങളിലും ജാതിയും മതവുമൊക്കെ പൊരുത്തപ്പെടണം എന്നതാണ് എടുത്തു പറയേണ്ട കാര്യം. കുലാൽ എന്ന ജാതിയിലും ബാംഗേര എന്ന ഗോത്രത്തിലും ഉൾപ്പെടുന്ന വരനെയാണ് ദക്ഷിണ കന്നഡയിലെ കുടുംബം തേടുന്നത്. വരനും ഇതേ കുലത്തിൽ പെട്ടതാവണം, 30 വർഷങ്ങൾക്ക് മുമ്പ് തന്നെ മരിച്ചതുമാവണം. എല്ലാ വിവാഹങ്ങളിലെയും പോലെ തന്നെ, പൊരുത്തക്കേടുകളുണ്ടെങ്കിൽ ഇത്തരം വിവാഹങ്ങളിലും ആലോചന വേണ്ടെന്ന് വയ്ക്കും.
ഇനി പത്രപരസ്യം കണ്ട് ഇവരെ കുടുംബത്തെ ട്രോളാനാണ് ആളുകൾ മുന്നിട്ട് നിന്നിട്ടുണ്ടാവുക എന്ന് കരുതിയെങ്കിൽ തെറ്റി. പത്രത്തിലെ പരസ്യം കണ്ട് ഇതിനോടകം തന്നെ 50ലധികം പേർ വിളിച്ചു എന്നാണ് കുടുംബം പറയുന്നത്. ഇവരിൽ യോഗ്യരായവരെ തിരഞ്ഞെടുത്ത് തങ്ങളുടെ മകളുടെ മംഗല്യം നടത്തുകയാണ് കുടുംബത്തിന്റെ സ്വപ്നം. മകളുടെ മരണത്തോടെ വന്നുചേർന്ന ദൗർഭാഗ്യങ്ങൾ അവളുടെ വിവാഹത്തോടെ അവസാനിക്കും എന്നാണ് ഇവരുടെ വിശ്വാസം.
Adjust Story Font
16