Quantcast

രൂപ-രോഹിണി പോര്; സിനിമയാക്കാൻ അടിപിടി

രോഹിണി സിന്ദൂരിയെ കഥാപാത്രമാക്കി ഇതാദ്യമായല്ല സിനിമ നിർമിക്കാനുള്ള ശ്രമം നടക്കുന്നത്

MediaOne Logo

Web Desk

  • Published:

    1 March 2023 1:52 PM GMT

രൂപ-രോഹിണി പോര്; സിനിമയാക്കാൻ അടിപിടി
X

ബംഗളൂരു: സംസ്ഥാനത്തെയും സമൂഹമാധ്യമങ്ങളെയും പിടിച്ചു കുലുക്കിയ കർണാടകയിലെ വനിതാ ഉദ്യോഗസ്ഥരുടെ പോര് അഭ്രപാളിയിലെത്തിക്കാൻ തിരക്കിട്ട നീക്കം. ഐപിഎസ് ഉദ്യോഗസ്ഥ രൂപ മൗദ്ഗിലും ഐഐഎസ് ഉദ്യോഗസ്ഥ രോഹിണി സിന്ധൂരിയും തമ്മിലുള്ള പരസ്യ വിഴുപ്പക്കലാണ് സിനിമയാകുന്നത്. വിവാദവുമായി ബന്ധപ്പെട്ട് രണ്ട് സിനിമാ ശീര്‍ഷകങ്ങള്‍ കർണാടക ഫിലിം ചേമ്പർ ഓഫ് കൊമേഴ്‌സിന്റെ മുമ്പിലെത്തിയതായി ന്യൂ ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ടു ചെയ്തു.

രോഹിണി ഐഎഎസ്, ആർ വേഴ്‌സസ് ആർ എന്നീ രണ്ടു പേരുകളാണ് ബോർഡിന്റെ പരിഗണനയ്ക്കു വന്നത്. ബോർഡ് അടുത്തയാഴ്ച യോഗം ചേർന്ന് സിനിമകൾക്ക് അനുമതി നൽകുന്ന കാര്യം പരിഗണിക്കും. സിനോപ്‌സിസുകൾ കേട്ട ശേഷമായിരിക്കും അനുമതി നൽകുകയെന്ന് ബോര്‍ഡ് പ്രസിഡണ്ട് ബാ മാ ഹരീഷ് പറഞ്ഞു.

5 ആടി 7 അംഗുല എന്ന ചിത്രത്തിന്റെ സംവിധായകൻ നിത്യാനന്ദ പ്രഭുവാണ് ആർ വേഴ്‌സസ് ആർ എന്ന ചിത്രത്തിനായി അനുമതി ചോദിച്ചിട്ടുള്ളത്. മറ്റൊരു സംവിധായകൻ പ്രവീൺ ഷെട്ടിയാണ് രോഹിണി ഐഎഎസ് എന്ന ചിത്രത്തിനായി അപേക്ഷ സമർപ്പിച്ചത്.

രോഹിണി സിന്ദൂരിയെ കഥാപാത്രമാക്കി ഇതാദ്യമായല്ല സിനിമ നിർമിക്കാനുള്ള ശ്രമം നടക്കുന്നത്. മാണ്ഡ്യ ആസ്ഥാനമായ നൽവാഡി കൃഷ്ണരാജ വോഡയാർ ഫിലിംസ് ഇവരെ ഇതിവൃത്തമാക്കി സിനിമ പ്രഖ്യാപിച്ചിരുന്നെങ്കിലും മുമ്പോട്ടു പോയിരുന്നില്ല.

സംസ്ഥാന ദേവസ്വം കമ്മിഷണറായിരുന്ന രോഹിണിക്കെതിരെ കരകൗശല വികസന കോർപറേഷൻ എംഡിയായ രൂപ ഒരു ഫേസ്ബുക്ക് കുറിപ്പിട്ടതാണ് വാക് പോരിന് തുടക്കം കുറിച്ചത്. ജെ.ഡി.എസ് എംഎൽഎ സാരാ മഹേഷിന്റെ കൂടെ രോഹിണി ഒരു റസ്റ്ററൻഡിലിരിക്കുന്ന ചിത്രം പങ്കുവച്ചാണ് രൂപ ഇവർക്കെതിരെ അഴിമതി അടക്കമുള്ള ആരോപണം ഉന്നയിച്ചത്. എംഎൽഎ കനാൽ കയ്യേറി കൺവൻഷൻ സെന്റർ നിർമിച്ചെന്ന ആരോപണവും ഒച്ചപ്പാടുകൾക്ക് വഴി വച്ചു. ഇതിന് പിന്നാലെ രോഹിണിയുടെ സ്വകാര്യ ചിത്രങ്ങൾ രൂപ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത് പോരിന് എരിവു പകർന്നു.

രൂപയുടെ ആരോപണങ്ങൾ പൂർണമായി തള്ളിയ രോഹിണി അവർക്ക് മാനസിക പ്രശ്‌നമാണ് എന്ന ആരോപണം ഉന്നയിച്ചു. പോര് പരിധി വിട്ടതോടെ തർക്കത്തിൽ ഇടപെട്ട സർക്കാർ ഇരുവരോടും വിശദീകരണം ചോദിച്ച് പുതിയ ചുമതലകൾ നൽകാതെ സ്ഥലം മാറ്റി. നിലവിൽ രൂപയ്‌ക്കെതിരെ ഒരു കോടി രൂപയുടെ അപകീർത്തി കേസ് ഫയൽ ചെയ്തിരിക്കുകയാണ് രോഹിണി. ഹർജി മാർച്ച് മൂന്നിന് കോടതി പരിഗണിക്കും.





TAGS :

Next Story